ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഭക്ഷണംതന്നെ ഔഷധം

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ ആമുഖം

യോഗാചാര്യ എന്‍. പി. ആന്റണി D. N. Y. T.


ആധുനിക മനുഷ്യന്റെ വേഷത്തിലും രൂപത്തിലും സങ്കല്പങ്ങളിലും പെരുമാറ്റത്തിലും, എന്തിനേറെ ഭക്ഷണരീതി കളിലും മാറ്റം വന്നിരിക്കുന്നു.  മനുഷ്യമനസ്സ് ഇന്ന് പരിഷ്‌കാര ങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പഴയ ഭക്ഷണ സംസ്‌കരണരീതികളോട് പുതിയതലമുറയ്ക്ക് ഇന്ന് വലിയ താത്പര്യമില്ല. മാധ്യമങ്ങളുടെ പരസ്യകരാളഹസ്തങ്ങളില്‍പ്പെട്ട് ചിലര്‍ ആ വഴിക്കു പോകുന്നു. രോഗഗ്രസ്തമായ ഒരു ഭക്ഷണരീതിയോടാണ് പുതുതലമുറയ്ക്ക് കൂടുതല്‍ അടുപ്പം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലിയായി മാറിയിരിക്കുന്നു. ഫലമോ? ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് മനുഷ്യര്‍ കഷ്ടപ്പെടുന്നു.
വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും നമ്മുടെ മുത്തശ്ശിമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ട അറിവുണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ ഓരോ വീടുകളിലും അവസരോചിതമായി ഓരോ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ശിശുക്കള്‍ക്ക്, ആരോഗ്യത്തിനാവശ്യ മായ പുഡ്ഡിങ്ങ് (കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണം) ഉണ്ടാക്കുമായിരുന്നു. പ്രകൃതിദത്തവും നല്ല രുചിയും ഔഷധഗുണവുമുള്ളതും പല രോഗങ്ങളെ മാറ്റുന്നവയുമായിരുന്നു, അവയൊക്കെ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക് ഉണ്ടാക്കി നല്‌കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും അന്നത്തെ തലമുറയ്ക്ക് നല്ല അറിവുണ്ടായിരുന്നു.
പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ അരകല്ലും അമ്മിക്കല്ലും പുരയ്ക്കകത്തുനിന്നു വലിച്ചെറിഞ്ഞ ആധുനികമനുഷ്യന്‍ കൃത്രിമമായ ഭക്ഷണക്കൂട്ടുകളുടെ രുചിയില്‍ മതിമറന്ന് രോഗങ്ങള്‍ വിലയ്ക്കുവാങ്ങി ഔഷധക്കമ്പനികളുടെ മരുന്നു വാങ്ങാന്‍ ക്യൂനില്ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഇവിടെയാണ് "Old is gold' എന്ന പഴഞ്ചൊല്ല്  അര്‍ഥവത്താകുന്നത്. നമ്മുടെ അമ്മമാര്‍ കുട്ടിക്കാലത്തു നല്കിയ രുചികരവും ആരോഗ്യകരവുമായ പുഡ്ഡിങ്ങുകളുടെ രുചി ഇന്നും പലരുടെയും നാവില്‍ നിറഞ്ഞുനില്പുണ്ടാകും. 
പണ്ട് ഗ്രാമങ്ങളില്‍ ഓരോ കാലഘട്ടത്തിലും അതാതു ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരിയായ ഔഷധജ്ഞാനത്തോടെ കുടുംബത്തിന്റെ ആരോഗ്യത്തെപ്രതി ശരിയായ ഭക്ഷണസാധനങ്ങല്‍ ഉണ്ടാക്കുവാന്‍ അന്നത്തെ അമ്മമാര്‍ക്ക് കഴിവുണ്ടായിരുന്നു. പഴയകാലത്തെ ഔഷധക്കഞ്ഞിയൊക്കെ അതിന്റെ തെളിവാണ്. അന്നത്തെ അമ്മമാര്‍ ഇന്നത്തേതുപോലെ സയന്‍സ് പഠിച്ചവരല്ല. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ അവര്‍ അറിവുള്ളവരായിരുന്നു. വിവരവും വിവേകവുമുള്ളവരായിരുന്നു. അന്നത്തെ അമ്മാര്‍ കുടുംബത്തിന്റെ ആരോഗ്യം അവരുടെ കയ്യിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ അമ്മമാര്‍ കുടുംബത്തിന്റെ ആരോഗ്യം ഡോക്ടര്‍മാരുടെ കയ്യിലാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ നിസ്സാരരോഗങ്ങള്‍ക്കുപോലും ഡോക്ടര്‍മാരുടെ അടുത്ത് ക്യൂനിന്ന് അനാവശ്യപരിശോധനകള്‍ നടത്തി ധനവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. തങ്ങള്‍ പഠിച്ച ശാസ്ത്രം ഇന്നത്തെ തലമുറയ്ക്ക് പ്രയോജനപ്രദമല്ല എന്നു കരുതി മുത്തശ്ശിമാര്‍ മാറിനില്ക്കുകയുംകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് അവരുടെ അറിവുകള്‍ സമാഹരിച്ച് ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ഞാന്‍ പ്രേരിതനായത്.
നമ്മുടെ പൂര്‍വികരുടെ ഭക്ഷണരീതിയുടെ സവിശേഷതകളും പ്രാധാന്യവും എന്തെന്നല്ലേ? പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കായ്കനികള്‍ ഇലകള്‍, പൂക്കള്‍ എന്നിവ അവസ്ഥ അനുസരിച്ചെടുത്ത് അന്നത്തെ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണം മിക്കപ്പോഴും ആരോഗ്യപ്രദമായ, രുചികരമായ നല്ല പുഡ്ഡിങ്ങുകളാ യിരുന്നു. അവ ഏതു കാലാവസ്ഥയിലും എളുപ്പത്തില്‍ ദഹിക്കുന്നവയും  കുഞ്ഞുങ്ങള്‍ക്കു മുതല്‍ വൃദ്ധര്‍ക്കുവരെ ഉപയോഗിക്കാവുന്നവയുമായിരുന്നു.
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ പ്രമേഹരോഗമുള്ളവര്‍ക്കായി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കേണ്ടതാണ്. ഉണ്ടാക്കി ആറിക്കഴിഞ്ഞാല്‍ ചെറിയ അളവില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. കൂടുതല്‍ ആളുകള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോള്‍ അതിനനുസരിച്ചു വേണ്ടത്ര സാധനങ്ങള്‍ ആനുപാതികമായ അളവില്‍ ചേര്‍ക്കേണ്ടതാണ്.
പാരമ്പര്യമായി ഉപയോഗിച്ച് അനുഭവം കണ്ടിട്ടുള്ളവയാണ് ഇതില്‍ എഴുതിയിരിക്കുന്നവയെല്ലാം. ഇതുപോലെതന്നെ അനുഭവം കണ്ടിട്ടുള്ളവ നിങ്ങള്‍ക്കും ഒരുപക്ഷേ, അറിയാമായിരിക്കും. അവയും ഇതുപോലെ  പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ആധുനിക മനുഷ്യന് ആരോഗ്യകരമായ ജീവിതശൈലിക്ക് പരമ്പരാഗതവും പ്രകൃതിദത്തവുമായ ശുദ്ധ പാചകരീതികളാണ് കൂടുതല്‍ നല്ലത്.
ഇന്നത്തെ പത്രപരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലെ ജനതയുടെ ലൈംഗിക-അനാരോഗ്യത്തെ മുതലെടുക്കുന്ന ധാരാളം പരസ്യങ്ങള്‍ കാണാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവുകുറഞ്ഞതും ശുദ്ധവും ലളിതവുമായ അനേകം വാജീകരണ പുഡ്ഡിങ്ങുകളുണ്ട്. (അവയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.)
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ ശീലിക്കുന്നതുവഴി നമ്മുടെ ആരോഗ്യം നന്നാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്. എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊള്ളുന്നു.
ഈ പുസ്തകം സൂക്ഷ്മമായി വായിച്ച് ഒരവതാരിക എഴുതി എന്നെ അനുഗ്രഹിച്ച ശ്രേഷ്ഠവൈദ്യകുടുംബ പരമ്പരയില്‍പ്പെട്ട സാത്വികനായ ഡോ. പി. കെ. അനിയന്‍ലാല്‍ B.A.M.S. ന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഡി. റ്റി. പി., ലേ-ഔട്ട് എന്നിവ ഭംഗിയായി നിര്‍വഹിച്ച പ്രിയ സുഹൃത്ത് ജോസാന്റണിക്കും നന്ദി!
കവര്‍ചിത്രം കമ്പ്യൂട്ടര്‍ സെറ്റ് ചെയ്ത സെബിമാസ്റ്റര്‍ക്കും ഇതിന്റെ പ്രസാരകരായ സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനും ഭക്ഷ്യ-ആരോഗ്യസ്വരാജിനും പ്രത്യേകം നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ