ആകെ പേജ്‌കാഴ്‌ചകള്‍

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

കുരിശുമലയിലെ ഫ്രാന്‍സീസ് ആചാര്യയുടെ ഹൃദ്രോഗം - ചികിത്സാനുഭവം

ജോര്‍ജ് ഡേവിഡ് MST. (കാനഡ)
ആഹാരോര്‍ജമുപയോഗിച്ച് രോഗമുക്തി നല്‍കുന്ന ഒരു ചികിത്സാസമ്പ്രദായമാണ് മാക്രോബയോട്ടിക്‌സ്. ചികിത്സകന്റെ രോഗനിര്‍ണ്ണയ വൈദഗ്ധ്യത്തോളംതന്നെ രോഗിയുടെ സഹകരണവും കൂടി ഉണ്ടായാലേ മാക്രോബയോട്ടിക് ചികിത്സ വിജയിക്കൂ. കഴിക്കരുതെന്നു നിര്‍ദ്ദേശിക്കുന്ന ആഹാരസാധനങ്ങള്‍ എത്ര രുചികരമായാലും കഴിക്കരുത്. കഴിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന ആഹാരസാധനങ്ങള്‍ ഉണ്ടാക്കാന്‍ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും, എത്ര അരുചിയുള്ളതാണെങ്കിലും നല്ലതുപോലെ ചവച്ചരച്ചു കഴിക്കുകയും വേണം. ഇതാണ് മാക്രോബയോട്ടിക് ചികിത്സയുടെ അടിസ്ഥാനതത്ത്വം.എന്റെ രോഗികളില്‍ ഞാന്‍ നിര്‍ദ്ദേശിച്ച ആഹാരക്രമം അതേപടി സ്വീകരിച്ച് രോഗമുക്തിനോടുകയും വയോവൃദ്ധനായിരുന്നിട്ടും ആരോഗ്യവാനായി ഏതാനും വര്‍ഷം കൂടി ജീവിക്കുകയും ചെയ്ത ഒരു മഹദ്‌വ്യക്തിയായിരുന്നു, കുരിശുമലയിലെ ഫ്രാന്‍സീസ് ആചാര്യ. 

ബല്‍ജിയം സ്വദേശിയായിരുന്ന അദ്ദേഹം ഇന്ത്യയില്‍ നാല്പതു വര്‍ഷത്തിലേറെ ജീവിച്ചശേഷമാണ് താന്‍ ഒരു ഹൃദ്രോഗിയാണെന്നറിയുന്നത്. ബൈപാസ് സര്‍ജറിയല്ലാതെ അദ്ദേഹത്തിന്റെ രോഗമുക്തിക്ക് മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു ആധുനിക ചികിത്സകരുടെ കണ്ടെത്തല്‍. ചെന്നൈയിലെ അതിപ്രശസ്തമായ ഹോസ്പിറ്റലില്‍ ആന്‍ജിയോഗ്രാം നടത്തിയശേഷമായിരുന്നു ഈ കണ്ടെത്തല്‍. രോഗിക്ക് 85 വയസ്സിലേറെ പ്രായമുള്ളതിനാല്‍ തങ്ങള്‍ക്കിനിയും യാതൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് അവര്‍ കൈയൊഴിഞ്ഞശേഷമാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അപ്പോള്‍ രോഗനിര്‍ണ്ണയം കഴിഞ്ഞ് ആറു മാസത്തിലേറെയായി. 

ദിവസവും നടുവേദനയും നെഞ്ചുവേദനയും ചുമയും ഉറക്കമില്ലായ്മയും കൊണ്ട് ആചാര്യവല്ലാതെ കഷ്ടപ്പെടുകയാണ്. ക്ഷീണം കൂടിക്കൂടിവന്ന് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥ. എഴുതാനോ വായിക്കാനോ തുടങ്ങിയാല്‍ അതുപോലും തുടനാവാത്ത വിധത്തിലുള്ള ക്ഷീണം. കാല്‍മുട്ടുകള്‍ക്കും കാല്‍വണ്ണകള്‍ക്കു നീര്‍ക്കെട്ടും വേദനയും, നടുവേദനയ്ക്ക് ബെല്‍റ്റിട്ടിട്ടുണ്ട്. മൂത്രതടസ്സവും വല്ലാതെയുണ്ട്. ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കിലും രോഗത്തിന് കാര്യമായ കുറവില്ലായിരുന്നു.അദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ രക്തധമനികള്‍ കൊഴുപ്പുകൊണ്ട് അടഞ്ഞിരിക്കുന്ന അവസ്ഥ തുടരുന്നുണ്ടെന്നു മനസ്സിലായി. തല്‍ഫലമായി കാലിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തീരെയില്ല. ആര്‍ട്ടറിയിലെ കുഴല്‍ഭാഗം ചുരുങ്ങിയ അവസ്ഥയിലാണ്. ഹൃദയത്തിന്റെ താഴത്തെ അറയ്ക്ക് പ്രവര്‍ത്തനക്ഷമതതീരെ കുറവാണ്. പ്രൊസ്റ്റേറ്റിനു വീക്കമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ട്. ചുരുക്കുന്ന ഊര്‍ജ്ജം കുറവാകുമ്പോള്‍ മാക്രോബയോട്ടിക്‌സില്‍ അതിനെ യിന്‍ കണ്ടീഷന്‍ എന്നുപറയും. അതായിരുന്നു രോഗാവസ്ഥ. എന്നാല്‍ ചുരുക്കുന്ന ഊര്‍ജം കൂടുതലുള്ള യാങ് ശരീരഘടനയായിരുന്നു അദ്ദേഹത്തിന്റേത്.രോഗങ്ങളുടെ മൂലകാരണം ആഹാരശീലത്തിലാണു തേടേണ്ടത്. അതനുസരിച്ച് അദ്ദേഹത്തിന്റെ അതുവരെയുണ്ടായിരുന്ന ആഹാരക്രമത്തെക്കുറിച്ച് അന്വേഷിച്ചു. പാല്‍, ചീസ്, ചോക്കലേറ്റ്, ബ്രൗണ്‍, ബ്രഡ്ഡ്, മധുരപലഹാരങ്ങള്‍, ബിസ്‌ക്കറ്റ്, വിനാഗിരി ചേര്‍ത്ത അച്ചാറുകള്‍, സാലഡ്, പഴങ്ങള്‍ മുതലായവയായിരുന്നു മുഖ്യാഹാരം. ഒപ്പം ചോറും പച്ചക്കറികളും കാടമുട്ടയും കഴിച്ചിരുന്നു. ചപ്പാത്തിയും റാഗിയും കൂവപ്പൊടിയും ഉപയോഗിച്ചുള്ള ആഹാരസാധനങ്ങളായിരുന്നു അത്താഴം. രണ്ടരവര്‍ഷം മുമ്പുവരെ പഞ്ചസാരയും കഴിച്ചിരുന്നു. മത്സ്യമാംസങ്ങള്‍ ചെറുപ്പത്തില്‍ കഴിച്ചിരുന്നു.രോഗനിര്‍ണ്ണയത്തിനായി നാഡിപരിശോധിച്ചപ്പോള്‍ കിഡ്‌നി, മൂത്രാശയം, പിത്താശയം, കരള്‍ എന്നിവയുമായി ബന്ധപ്പെട്ട നാഡിമിടിപ്പുകള്‍ നോര്‍മലല്ലെന്നു കണ്ടെത്തി. ഊര്‍ജപഥപരിശോധനയില്‍ ഇടതുശ്വാസകോശം വലത്തെ ശ്വാസകോശത്തെക്കാള്‍ ചുരുങ്ങിയ അവസ്ഥയിലാണെന്നും വന്‍കുടലും ഹാര്‍ട്ട്ഗവേര്‍ണറും സമതുലിതമല്ലെന്നും മനസ്സിലായി.

ചുരുക്കുന്ന ഊര്‍ജം കൂട്ടുകയും കൊഴുപ്പുനീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ആഹാരസാധനങ്ങള്‍ നല്‍കിയാണു ചികിത്സിക്കേണ്ടതെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അതിനനുയോജ്യമായ ഒരു ആഹാരക്രമം അദ്ദേഹത്തിനായി നിര്‍ദ്ദേശിച്ചു. കോമ്പു, വാക്കമി എന്നീ കടല്‍സസ്യങ്ങള്‍, മുള്ളങ്കി, പെരുകിലംവേര്, കാരറ്റ്, വന്‍പയര്‍, മീസോ എന്ന മാക്രോബയോട്ടിക് ലേഹ്യം, ഉള്ളിച്ചെടി എന്നിവയടങ്ങിയ സൂപ്പ് ദിവസവും കഴിക്കണമായിരുന്നു. പ്രഷര്‍കുക്ക് ചെയ്‌തെടുത്ത ബ്രൗണ്‍റൈസും (തവിടുകളയാത്ത അരി) സൂപ്പിനുപയോഗിച്ച പച്ചക്കറികളും വെണ്ടയ്ക്കായും താമരക്കിഴങ്ങും പച്ചിലകളും അടങ്ങിയ കറികളും ആയിരുന്നു മുഖ്യാഹാരം.കിഡ്‌നിയുടെ ഭാഗത്ത് ഇഞ്ചി ആവിയും ഹാര്‍ട്ടിന്റെ ഭാഗത്ത് കടുകൂപ്ലാസ്റ്ററും ഇടണമെന്നും ഇടയ്ക്കിടെ ശരീരം വിയര്‍പ്പിക്കണമെന്നുമുള്ള ബാഹ്യചികിത്സാനിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കി. 

പാല്‍, പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, കാപ്പി, ചായ മുതലായവ വര്‍ജിക്കണമെന്നും ബാന്‍ചാ ഉള്‍പ്പെടെ നാലു ഗ്ലാസിലേറെ പാനീയം പാടില്ലെന്നും ഒക്കെക്കൂടി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ ആശ്രമവാസികള്‍ ഏവരും കാണിച്ച ശുഷ്‌കാന്തിയും ആചാര്യയുടെ സഹകരണവും അവിസ്മരണീയവും മാതൃകാപരവുമായിരുന്നു. അതിലൂടെ അവര്‍ മാക്രോബയോട്ടിക്‌സിനു നല്‍കിയ പ്രചാരണം വളരെ വളരെ നന്ദിയോടെ ഞാന്‍ അനുസ്മരിക്കുന്നു.ഈ ആഹാരക്രമം സ്വീകരിച്ച ആചാര്യ വര്‍ഷങ്ങളോളം പൂര്‍ണാരോഗ്യത്തോടെ ജീവിച്ചശേഷമാണ് വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

NB
1 . ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും.സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

2 . കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക: 
9447230159