സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122\
പ്രകൃതിചികിത്സയിലേക്ക്
അലോപ്പതിയില്‍
നിന്നുള്ള മോചനത്തിന്റെ മൂന്നാം വാര്‍ഷികമടുത്തപ്പോള്‍ അമിതാവേശത്തില്‍ ഞാനൊരബദ്ധം
ചെയ്തു. അമിതവ്യായാമമൊന്നും പാടില്ലെന്ന വിലക്കു ലംഘിച്ച് പപ്പൂസ് പട്ടിയുടെ കൂടെ
വീടിനു ചുറ്റും ഓടിക്കളിച്ചു. അതോടെ ഇടതുകാലിനു കലശലായ വേദന തുടങ്ങി. ഡോ. സരിതയുടെ
കരസ്പര്‍ശം കൊണ്ട് കുറഞ്ഞെങ്കിലും അടുത്ത ദിവസം അതു വീണ്ടുമാരംഭിച്ചു. അപ്പോള്‍
ഞാന്‍ പഴയ സുഹൃത്തായ ഡോ. ജേക്കബ് വടക്കഞ്ചേരിയെ സമീപിച്ചു. വാര്‍ഷികദിനത്തില്‍(25-4-17)ത്തന്നെ ചമ്പക്കരെയുള്ള അദ്ദേഹത്തിന്റെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍(നേച്ചര്‍
ലൈഫ് ഇന്റര്‍നാഷണല്‍) അഡ്മിറ്റായി. 21 ദിവസം അവിടെ താമസിച്ചു
ചികിത്സിച്ചു.
രണ്ടു ഡോക്ടര്‍മാരാണ്
അവിടെയുണ്ടായിരുന്നത്: ഡോ. സഞ്ചു എം. ബാബു ബി. എന്‍. വൈ. എസ്. ഉം ഡോ. ശരണ്യയും.
ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനം. മുഴുവന്‍ രോഗികളുടെയും ബ്ലഡ്ഷുഗറും പ്രഷറും ഓരോ
ദിവസവും രാവിലെ പരിശോധിച്ചിട്ടാണ് അന്നത്തെ ഭക്ഷണക്രമം നിശ്ചയിക്കുക. കാലുവേദനയും
യാത്രയും എന്റെ ഷുഗര്‍നില ഏറെ കൂട്ടിയിരുന്നു. ആദ്യദിവസം എഫ്ബിഎസ് 345. എന്നിട്ടും രാവിലെ ഭക്ഷിക്കാന്‍ തന്നതാകട്ടെ ഒരു പ്ലെയ്റ്റ് നിറയെ പഴങ്ങള്‍.
30 കൊല്ലക്കാലം കേട്ടുശീലിച്ച അലോപ്പതിസൂക്തങ്ങളോര്‍ത്തു
ഞാനൊന്നു ഞെട്ടി. നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് എന്റെ ഭീതി
അറിയിച്ചു. അവര്‍ അന്നുമാത്രം പഴത്തിനു പകരം ചപ്പാത്തിയും കറിയും കുറിച്ചുതന്നു.
എന്നെക്കാള്‍
ഷുഗര്‍ബാധിതരായ മറ്റു ചില രോഗികളെ പരിചയപ്പെട്ടപ്പോഴാണ് എന്റെ പേടി മാറിയത്.
അടുത്ത ദിവസം മുതല്‍ എല്ലാ ദിവസവും പഴങ്ങള്‍ മാത്രമായിരുന്നു പ്രഭാതഭക്ഷണം. മറ്റു
രണ്ടുനേരവും വേവിച്ചതോ അല്ലാത്തതോ ആയ പച്ചക്കറികളും. ബ്ലഡ്ഷുഗര്‍ അനുദിനം കുറഞ്ഞ്
പോരുമ്പോള്‍ എഫ്ബിഎസ് 171-ലെത്തി. വീട്ടില്‍ വന്നശേഷം
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാവിലെ പുട്ട്, ഇടിയപ്പം മുതലായവയും ഉച്ചയ്ക്ക്
പഴങ്ങളും വൈകിട്ട് വേവിക്കാത്ത പച്ചക്കറികളുമാണ് എന്റെ ഭക്ഷണക്രമം. വല്ലപ്പോഴുമിത്
അല്‍പം തെറ്റിച്ചാല്‍ പോലും ഷുഗര്‍ കാര്യമായി കൂടാറില്ല. അങ്ങനെ അലോപ്പതിയില്‍
നിന്നു മാത്രമല്ല മറ്റു രോഗങ്ങളില്‍ നിന്നും ഞാന്‍ മോചിതനായിക്കൊണ്ടിരിക്കുന്നു.
പരിശോധനകള്‍ നടത്തി ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി അലോപ്പതിഡോക്ടറെ
സമീപിക്കുന്നതു ഞാന്‍ പതിവാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു കൊല്ലത്തിനകം 12 തവണയാണ് ഞാനതു
ചെയ്തത്. ആ രേഖകളുടെകൂടി ബലത്തിലാണ് ഞാനീ ലേഖനമെഴുതുന്നത്.
ജീവനകലയും വിപസനധ്യാനവും
അലോപ്പതിയില്‍
നിന്നും രോഗങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിന് എനിക്ക് കരുത്തു നല്‍കിയ
മറ്റു രണ്ടു കാര്യങ്ങളെക്കുറിച്ചുകൂടി പറയാതെ വയ്യ. 2003
മുതല്‍ ഞാന്‍ ജീവനകല(ആര്‍ട്ട് ഓഫ് ലിവിംഗ്) പരിശീലിക്കുന്നു. ഇതുമൂലം ബ്ലഡ്ഷുഗറില്‍
വലിയ മാറ്റം വന്നില്ലെങ്കിലും അതുമൂലമുള്ള ശാരീരികവിഷമതകള്‍ക്ക് കാര്യമായ ശമനം
വന്നു. എടുത്തുപറയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒന്നുരണ്ടു വിദേശയാത്രകള്‍
ജീവനകലയില്‍നിന്ന് എന്നെ അകറ്റിക്കളഞ്ഞതിനു പിന്നാലെയാണ് എന്റെ രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍
തുടങ്ങിയത്. ശ്വാസതടസം അസ്സഹ്യമായ ഒരു സായാഹ്നത്തില്‍ ഞാന്‍ ജീവനകലയുടെ ഒരു
സത്സംഗിനു പോയി. അവിടെ ചെന്നപ്പോള്‍ അവര്‍ പഞ്ചാക്ഷരീമന്ത്രം ആവര്‍ത്തിച്ച്
ചൊല്ലുകയായിരുന്നു. ഞാനും അക്കൂടെ ചേര്‍ന്നു. പത്തു പതിനഞ്ചു
പ്രാവശ്യമായപ്പോഴേക്കും എന്റെ ശ്വാസതടസത്തിനു കാര്യമായ കുറവുണ്ടായി. ഇത്തരം
മന്ത്രോച്ചാരണങ്ങള്‍ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ ചിട്ടപ്പെടുത്തിയ, തികച്ചും ശാസ്ത്രീയമായ, ശ്വസനവ്യായാമമാണ്.
2017
ജനുവരിയിലാണ് ഞാന്‍ ചെങ്ങന്നൂരുള്ള ധമ്മ കേതനയില്‍ പോയി വിപസനധ്യാനം എന്ന
ബുദ്ധിസ്റ്റ് ധ്യാനരീതി അഭ്യസിക്കുന്നത്. ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ
പത്തു ദിവസത്തെ പരിശീലനം. ധ്യാനസമാധിയില്‍ മനസ് പൂര്‍ണമായും ശരീരാവയവങ്ങളിലൂടെ
സഞ്ചരിക്കുന്നു. ഇതു ദിനംപ്രതി പരിശീലിക്കുന്നതിലൂടെ മനസ് ശാന്തവും സംഘര്‍ഷരഹിതവുമാകുന്നു
എന്നത് അനുഭവിച്ചുമാത്രം അറിയാന്‍ കഴിയുന്ന ഒരു സത്യമാണ്. ഇതു ശരീരത്തിന്റെ
സുസ്ഥിതിയെയും ധനാത്മകമായി സ്വാധീനിക്കുമെന്നു പറയേണ്ടതില്ലല്ലോ.
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ