സെബാസ്റ്റ്യന്‍ വട്ടമറ്റം ഏറ്റുമാനൂര്‍
mobile : 9495897122
അലോപ്പതി ചികിത്സ എന്നോടു ചെയ്തത്
ഈ ലേഖനം കേരളശബ്ദത്തില്‍ (ജൂലൈ
30, 2017) പ്രസിദ്ധീകരിച്ചശേഷം ഒരു ശാസ്ത്രജ്ഞനായ എന്റെ മകന്‍, ഡോ. അബു സെബാസ്റ്റിയന്‍, സയന്റിഫിക് അമേരിക്കന്‍
എന്ന ജേര്‍ണലില്‍ വന്ന ഒരു ലേഖനം എന്റെ ശ്രദ്ധയില്‍ പെടുത്തി.1 നമ്മുടെ വയറ്റിലുള്ള സൂക്ഷ്മാണുക്കളെക്കുറിച്ച് സമീപകാലത്തു നടന്ന
ഗവേഷണഫലങ്ങളാണ് അതിലുള്ളത്. നമ്മുടെ വയറ് പല ഇനങ്ങളില്‍പ്പെട്ട കോടാനുകോടി
സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണ്. അവയാണ് നമ്മുടെ ദഹനസംവിധാനങ്ങളെ
നിയന്ത്രിക്കുന്നത്. വിവിധയിനം സൂക്ഷ്മാണുക്കളുടെ സംഖ്യയിലുള്ള അനപാതത്തില്‍
വരുന്ന വ്യത്യാസംപോലും ദഹനത്തെ താറുമാറാക്കും.
നമ്മുടെ ഉദരാണുക്കള്‍(ഗട്ട്
ബാക്ടീരിയ) സന്തുഷ്ടരാണെങ്കിലേ ശരീരഭാരം നിയന്ത്രിക്കപ്പെടുകയുള്ളു എന്നാണ്
പ്രസ്തുത ലേഖനം പറയുന്നത്. എന്നാല്‍ അതു മുഴുവന്‍ വായിച്ചുകഴിയുമ്പോള്‍ നമുക്കു മനസ്സിലാകും,
നമ്മുടെ ഉദരാണുക്കളുടെ സുസ്ഥിതിയാണ് നമ്മുടെ ആരോഗ്യകരമായ
ജീവിതത്തിനുതന്നെ അടിസ്ഥാനമെന്ന്. അവയാണ് നമ്മുടെ ശരീരത്തിന്റെ വലിപ്പത്തെ
നിയന്ത്രിക്കുന്നത്, ഭക്ഷണത്തിലെ നാരുകളെ ദഹിപ്പിക്കുന്നത്,
ഭക്ഷണത്തിലുള്ള കൊഴുപ്പിന്റെ ഉപയോഗത്തെയും രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ
അളവിനെയും ക്രമപ്പെടുത്തുന്നത്. '
ദഹനംപോലെതന്നെ നമ്മുടെ
ശരീരത്തിലെ രക്തയോട്ടത്തിനും ശ്വസനത്തിനും
മറ്റുമുള്ള സംവിധാനങ്ങളിലോരോന്നും സൂക്ഷ്മാണുക്കളുടെ ഒരു ആവാസവ്യവസ്ഥയാണ്. എങ്കില്‍, അതിലേക്കു
നിക്ഷേപിക്കപ്പെടുന്ന അലോപ്പതി മരുന്നുകളിലെ രാസപദാര്‍ത്ഥങ്ങള്‍ അവിടെ നടത്തുന്ന
സംഹാരതാണ്ഡവം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. എന്റെ കാര്യത്തില്‍ മുപ്പതു
കൊല്ലത്തിനകം സംഭവിച്ചിരിക്കാവുന്നത് എന്തെന്നു നോക്കാം.
ആദ്യം ഒരു അലോപ്പതി
ഡോക്ടര്‍ നോര്‍മ്മലില്‍ കൂടുതല്‍ പഞ്ചസാര എന്റെ രക്തത്തിലുണ്ടെന്നു കണ്ടുപിടിച്ചു.
അതു നിയന്ത്രിക്കാന്‍ അയാള്‍ ഗുളികരൂപത്തില്‍ ചില രാസവസ്തുക്കള്‍ എന്റെ
വയറ്റിലേക്കിട്ടു. അവ എന്റെ ഉദരാണുക്കളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു,
കുറേയെണ്ണത്തെ കൊന്നൊടുക്കി. അങ്ങനെ എന്റെ വയറിന്റെ പ്രവര്‍ത്തനമെല്ലാം
അലങ്കോലപ്പെട്ടു. അപ്പോള്‍ ഞാനൊരു ഉദരസ്‌പെഷ്യലിസ്റ്റിന്റെ അടുത്തേക്കു
പറഞ്ഞയയ്ക്കപ്പെട്ടു. അയാള്‍ അസിഡിറ്റിമാറാനും മറ്റുമുള്ള പുതിയ രാസവസ്തുക്കള്‍
എന്റെ വയറ്റിലേക്കും രക്തത്തിലേക്കും കടത്തിവിട്ടു. ഇതുകൂടിയായപ്പോള്‍ എന്റെ
വയറിന്റെ അവസ്ഥ കുറേക്കൂടി വഷളായി.
പ്രമേഹത്തിനും വയറ്റിലെ
അസുഖങ്ങള്‍ക്കും ഞാന്‍ കഴിച്ച രാസമരുന്നുകള്‍ രക്തപ്രവാഹത്തില്‍പ്പെട്ട് ദേഹമാസകലം
എത്തിക്കാണുമല്ലോ. ഇതെന്റെ ഉള്ളിലെ സൂക്ഷ്മാണുക്കളുടെ മറ്റ് ആവാസവ്യവസ്ഥകളെയും
തകരാറിലാക്കിയെന്ന് ന്യാമായും ഊഹിക്കാം. അങ്ങനെ തകരാറിലായ എന്റെ രക്തപ്രവാഹസംവിധാനമാവണം
എന്നെ രക്തസമ്മര്‍ദ്ദരോഗി കൂടി ആക്കിയത്.
അങ്ങനെ ഞാനൊരു ബിപി സ്‌പെഷ്യലിസ്റ്റിന്റെ
കസ്റ്റഡിയിലായി. പുതിയ രോഗം ശമനസാധ്യമല്ലെന്നു പറഞ്ഞ് അയാളെന്നെ ജീവപര്യന്തം
രാസായുധപ്രയോഗത്തിനു വിധിച്ചു. ഇതടക്കം എന്റെമേല്‍ നടന്ന രാസയുദ്ധത്തിന്റെയെല്ലാം
ഫലമായി ഞാന്‍ കൊളസ്‌ട്രോള്‍ രോഗിയുമായി. അതിന്റെപേരിലുള്ള രാസപ്രയോഗങ്ങള്‍
കൂടിയായപ്പോള്‍ എന്റെ തൈറോയിഡ് ഗ്രന്ഥികളും അവതാളത്തിലായി.
എന്റെ ആന്തരിക ജൈവസംവിധാനങ്ങള്‍ക്കെതിരെയുള്ള ഈ രാസയുദ്ധം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനുമുമ്പ്
അലോപ്പതി ചികിത്സാസമ്പ്രദായത്തില്‍നിന്നു ഞാന്‍ പൂര്‍ണമായി പുറത്തുചാടി.
അലോപ്പതിഡോക്ടര്‍മാരോടു
ചില ചോദ്യങ്ങള്‍
അലോപ്പതിക്കാലത്ത്
ഞാനൊരിക്കല്‍ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്റെ കൈവിരലില്‍ ചെറിയൊരു
മുറിവു ശ്രദ്ധിച്ചു. ഉടനെ എന്നെയൊരു ഓര്‍ത്തോയുടെ അടുക്കലേക്കു പറഞ്ഞയച്ചു. മുറിവു
കണ്ടപാടേ അദ്ദേഹം എന്തോ മരുന്നു കുറിച്ചു. 'ആന്റിബയോട്ടിക്
ആണോ?' എന്ന ചോദ്യത്തിന് 'ആണെങ്കില്‍?'
എന്നായിരുന്നു ഡോക്ടറുടെ മറുമൊഴി. 'അതു വേണോ,
ഡോക്ടറെ ?' എന്നു ഞാന്‍ താഴ്മയോടെ
ചോദിച്ചുപോയി. 'അതു സ്വയം തീരുമാനിക്കാമെങ്കില്‍ പിന്നെ
എന്റെ സഹായം വേണ്ടല്ലോ' എന്നു പറഞ്ഞദ്ദേഹം ഫയല്‍ മടക്കി.
ഇതിവിടെ ഓര്‍മ്മിക്കാന്‍
കാരണമുണ്ട്. നമ്മുടെ നാട്ടിലെങ്കിലും അലോപ്പതിസമ്പ്രദായം ഒരു പുരോഹിതമതമായി
മാറിയിട്ടുണ്ട്. പല ഡോക്ടര്‍പുരോഹിതന്മാരുടെയും ധാര്‍ഷ്ഠ്യം അവരോടുള്ള എന്റെ,
അനുഭവാടിത്തറയുള്ള ചോദ്യങ്ങളെ കാര്യമായെടുക്കാനവരെ അനുവദിച്ചെന്നു
വരില്ല. എങ്കിലും ഞാനവ ഇവിടെ കുറിക്കട്ടെ:
1. നമ്മുടെ
ശരീരത്തിലെ ദഹനശ്വസനാദി സംവിധാനങ്ങളിലോരോന്നും അതിന്റെ പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കുന്ന സൂക്ഷ്മാണുക്കളുടെ ആവാസവ്യവസ്ഥയാണെന്ന്
തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. എങ്കില്‍ നിങ്ങള്‍ ആധുനികഡോക്ടര്‍മാര്‍ കൊടുക്കുന്ന
മരുന്നുകളിലെ രാസപദാര്‍ത്ഥങ്ങള്‍ എങ്ങനെയാണ് അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നത് എന്നതു സംബന്ധിച്ച് നിങ്ങള്‍ക്കു വല്ല ധാരണയുമുണ്ടോ? നിങ്ങളുടെ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയല്ല, പ്രത്യക്ഷഫലങ്ങളെക്കുറിച്ചാണ് എന്റെ ചോദ്യം.
2. സൂക്ഷ്മാണുക്കളെ
കൂടാതെ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നമ്മുടെ ശരീരാരോഗ്യം നിലനിര്‍ത്താനനിവാര്യമായ അനേകം
പ്രകൃതിദത്ത ധാതുക്കളും ശരീരത്തിലുണ്ടല്ലോ. അവയെ കൃത്രിമമായ നിങ്ങളുടെ രാസൗഷധങ്ങള്‍
നശിപ്പിക്കില്ലെന്ന് നിങ്ങളുടെ രോഗികള്‍ക്ക് ഉറപ്പുനല്‍കാന്‍ നിങ്ങള്‍ക്കാകുമോ?
ഉദാഹരണത്തിന്, മഗ്നീഷ്യത്തിന്റെ
കാര്യമെടുക്കാം. നമ്മുടെ മാംസപേശികളുടെ വഴക്കം നിലനിര്‍ത്തുന്നതില്‍ അതിനുള്ള
പങ്ക് തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. നിങ്ങളുടെ ചികിത്സയിലായിരിക്കുമ്പോള്‍
എന്റെ കൈകാലുകളിലെ പേശികള്‍ മരവിക്കാത്ത സമയം വിരളമായിരുന്നു. ഇതു നിങ്ങള്‍ തന്ന
മരുന്നുകള്‍ എന്റെ ശരീരത്തിലെ മഗ്നീഷ്യത്തെ നിര്‍വ്വീര്യമാക്കിയതുകൊണ്ടായിക്കൂടെ?
2. അലോപ്പതി
ചികിത്സയുടെ അവസാന കാലത്ത് ഞാന്‍ കഴിച്ചിരുന്ന 19 തരം
ഗുളികകളല്ലാതെ മറ്റെന്താണ്, മേല്‍ വിവരിച്ചതുപോലെ, എന്റെ രോഗപ്രതിരോധശക്തിയെ തകര്‍ത്തത് ?
3. രക്തക്കുഴലില്‍
ബ്ലോക്കുണ്ടാകുന്നതു തടയാനായിരിക്കാം എനിക്കു രക്തം കട്ടപിടിക്കാതിരിക്കാനുള്ള
ഗുളികകള്‍ തന്നത്. എന്നാല്‍ രക്തം കട്ടപിടിക്കുന്നത് മുറിവുകളുണക്കുന്നതിനുള്ള
ശരീരത്തിന്റെ സഹജമായ സ്വയംപ്രതിരോധത്തിന്റെ ഭാഗമല്ലേ? എങ്കില്‍
അതു തടയാന്‍ കഴിച്ച ഗുളികകളല്ലേ കൈവിരലിലെ ചെറിയൊരു മുറിവിനു പോലും ആന്റിബയോട്ടിക്
കഴിക്കേണ്ട ഗതികേടിലേക്ക് എന്നെ തള്ളിവിട്ടത്? ആ
ആന്റിബയോട്ടിക്കുകളല്ലേ എന്റെ സ്വയംപ്രതിരോധത്തിന്റെ സൈനികരായ
സൂക്ഷ്മജീവികളെക്കൂടി നശിപ്പിച്ച് എന്നെ തീര്‍ത്തും നിസ്സഹായനാക്കിയതും
മരണഭീതിയില്‍ മുക്കിയതും?
4. പഴങ്ങള്‍
പൊതുവേ പ്രമേഹരോഗികള്‍ക്കു വര്‍ജ്യമാണെന്നാണല്ലോ നിങ്ങളുടെ പക്ഷം.
അലോപ്പതിച്ചികിത്സയുടെ അവസാന കാലത്ത് ചക്ക-മാങ്ങാപ്പഴങ്ങള്‍ എനിക്കു തീര്‍ത്തും വിലക്കപ്പെട്ട കനികളായിരുന്നു. എന്നാല്‍ പ്രകൃതിചികിത്സ
തുടങ്ങിയ നാള്‍തൊട്ട് ദിവസവുമൊരുനേരം പഴങ്ങള്‍ മാത്രമാണെന്റെ ആഹാരം. ഒരു പഴവുമില്ല
വിലക്കപ്പെട്ടതായി. എന്നിട്ടും എന്തുകൊണ്ട് എന്റെ പ്രമേഹം കൂടുന്നില്ല?
ഈ ചോദ്യത്തിന്
എനിക്കുണ്ടൊരുത്തരം. അലോപ്പതിക്കാലത്ത് പഴം കഴിച്ചാല്‍,
ഡോക്ടര്‍മാര്‍ പറയുന്നതുപോലെ, എന്റെ പ്രമേഹം കൂടുമായിരുന്നു.
അതിനൊരു കാരണമുണ്ട്. പലവിധ രാസഗുളികപ്രയോഗങ്ങള്‍ കൊണ്ട് അവരെന്റെ വയറിന്റെ
ദഹനശേഷിയെ അത്രമാത്രം താറുമാറാക്കിയിരുന്നു. ശരിയായ മലശോധനപോലും അന്നൊരപൂര്‍വ്വാനുഭവമായിരുന്നു.
എന്നാല്‍, അക്യൂപങ്ചര്‍-പ്രകൃതിചികിത്സകള്‍കൊണ്ട് എന്റെ
ദഹനശക്തി ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. അതുകൊണ്ട് പഴങ്ങള്‍ പ്രമേഹരോഗികള്‍ക്കു
വിലക്കപ്പെട്ടതാണ്, അവര്‍ അലോപ്പതിയുടെ 'പറുദീസ'യിലാണെങ്കില്‍ മാത്രം.
5. നിങ്ങള്‍
പറയുന്നു ഒരാളുടെ എഫ്ബിഎസ് 80-120 റെയ്ഞ്ചിലോമറ്റോ
ആയിരിക്കണമെന്ന്. അല്ലെങ്കില്‍ കണ്ണും ഹാര്‍ട്ടും കിഡ്‌നിയുമൊക്കെ
തകരാറിലാകുമെന്ന്. എന്നാല്‍, അലോപ്പതി നിര്‍ത്തിയശേഷം മൂന്നു
കൊല്ലക്കാലം എന്റെ എഫ്ബിഎസ് ഒരിക്കലും 250-ല്‍ താഴെ
വന്നില്ല. എന്നിട്ടും എനിക്കു മേല്‍പ്പറഞ്ഞതൊന്നും സംഭവിക്കാത്തതെന്തുകൊണ്ട്?
ഇതിനും എനിക്കു വ്യക്തമായ
ഉത്തരമുണ്ട്. മൂന്നുകൊല്ലം ചെയ്ത അക്യൂചികത്സ മുപ്പതു കൊല്ലത്തെ
അലോപ്പതികൊണ്ടവതാളത്തിലായ എന്റെ രോഗപ്രതിരോധസംവിധാനത്തെ പുനരുജ്ജീവിപ്പിച്ചു.
അതിനാല്‍ പ്രമേഹരോഗികള്‍ അവരുടെ ബ്ലഡ്ഷുഗറിനെ നോര്‍മ്മലില്‍ പിടിച്ചുകെട്ടേണ്ടത്
അനിവാര്യമാണ്, അവര്‍ അലോപ്പതിച്ചികിത്സയിലാണെങ്കില്‍.
6. പ്രമേഹരോഗികളെ
നിങ്ങള്‍ ചികിത്സിച്ച് ഒരു പരുവമാക്കിക്കഴിയുമ്പോള്‍ അവരുടെ കാലു
മുറിച്ചുമാറ്റുന്നതു സാധാരണമാണല്ലോ. ഇതല്ലാതെ രോഗശമനത്തിനു മറ്റു വല്ല വഴിയുമുണ്ടോ
എന്നു നിങ്ങളന്വേഷിക്കുകയും അതിലേക്ക് രോഗികളെ പറഞ്ഞയക്കുകയും ചെയ്യാറുണ്ടോ?
ഇതു ചോദിക്കുമ്പോള്‍
മനസ്സിലുള്ളത് പ്രകൃതിചികിത്സാകേന്ദ്രത്തിലെ ഒരു കാഴ്ചയാണ്. ചെന്ന ദിവസംതന്നെ കാല്‍പ്പാദം
കെട്ടിവച്ചിരിക്കുന്ന ഒരു രോഗിയെ പരിചയപ്പെട്ടു. വ്രണം ഉണങ്ങാതെ വന്നപ്പോള്‍
ഡോക്ടര്‍ കാലു മുറിക്കാന്‍ വിധിച്ചതാണ്. അതു വേണ്ടെന്നുവച്ച് അവിടെയെത്തി.
വന്നതിന്റെ അമ്പത്തൊന്നാം ദിവസം കാലു സുഖമായി അയാള്‍ സന്തോഷത്തോടെ എല്ലാവരോടും
യാത്രപറഞ്ഞു പിരിഞ്ഞു.
7. രോഗനിവാരണത്തിന്
മനസ്സിന്റെ സ്വസ്ഥത അനിവാര്യമാണെന്നു സമ്മതിക്കുമല്ലോ. നിങ്ങളുടെ രോഗികളില്‍
പ്രകടമായ മാനസിക പ്രശ്‌നങ്ങളുള്ളവരെ സൈക്കിയാട്രിസ്റ്റിന്റെ രാസൗഷധപ്രയോഗത്തിന്
ഏല്‍പിച്ചു കൊടുക്കുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗമാണ് നിങ്ങള്‍ക്കുള്ളത്?
ഇതും ഞാന്‍ ചോദിക്കുന്നത്
പ്രകൃതിചികിത്സാകേന്ദ്രത്തിലെ മറ്റൊരനുഭവത്തിലൂന്നിയാണ്. അവിടെ രാവിലെ ഒരു
മണിക്കൂര്‍, കഴിവുള്ള രോഗികളെയെല്ലാം യോഗയും ധ്യാനവും
പരിശീലിപ്പിക്കുന്നു. വൈകുന്നേരം ഒന്നര മണിക്കൂര്‍ എല്ലാവരുമൊരു ഹാളിലൊത്തുകൂടി
പലതരം വിനോദങ്ങളിലേര്‍പ്പെടുന്നു. ഡോക്ടര്‍മാരുമതില്‍ പങ്കുചേരുകയും രോഗികളുടെ
സംശയങ്ങള്‍ നീക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമോ? രോഗികളെപ്പോഴും
പ്രസ്സന്നവദനരായി കാണപ്പെടുന്നു.
ഇതൊക്കെക്കണ്ടു
മനസ്സിലാക്കി പ്രയോഗത്തില്‍ വരുത്താനെങ്കിലും അലോപ്പതി ഡോക്ടര്‍മാര്‍
തയ്യാറാകേണ്ടതാണ്. അതു സാധ്യമാകണമെങ്കില്‍ അവര്‍ തങ്ങളുടേതു മാത്രമാണ് ഏകസത്യമെന്ന
വിശ്വാസവും അമ്പടഞാനേ എന്ന ഭാവവും കൈവിടേണ്ടിയിരിക്കുന്നു.
അലോപ്പതിയുടെ
അനിവാര്യത
അലോപ്പതി കൂടാതെ ആയുര്‍വ്വേദം,
ഹോമിയോപ്പതി, സിദ്ധ, യുനാനി,
അക്യൂപങ്ചര്‍ എന്നിങ്ങനെ എത്രയോ അംഗീകൃത ചികിത്സാസമ്പ്രദായങ്ങള്‍
നമുക്കുണ്ട്. ഇതൊന്നുമില്ലാത്ത പാശ്ചാത്യരെക്കാള്‍ ഇക്കാര്യത്തില്‍
നാമനുഗ്രഹീതരാണ്.
അലോപ്പതിച്ചികിത്സാസമ്പ്രദായം
അപ്പാടെ ഉപേക്ഷിക്കേണ്ടതാണെന്നൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്. രോഗനിര്‍ണയത്തിലും
മറ്റു ചികിത്സാമാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുമ്പോഴും അപകടങ്ങളില്‍ പെടുമ്പോഴും
അലോപ്പതിച്ചികിത്സാരീതിക്ക് സ്തുത്യര്‍ഹമായ പങ്കുവഹിക്കാനുണ്ട്. അഗ്നിശമനസേനയെ
ആരും തള്ളിപ്പറയില്ലല്ലോ. എന്നാല്‍ അടുപ്പിലെ തീകെടുത്താന്‍ നമ്മളാരും അവരെ
ആശ്രയിക്കാറുമില്ല. അതുപോലെയാവണം അലോപ്പതിയോടുള്ള
നമ്മുടെ സമീപനം.
അമേരിക്കയിലെ പ്രസിദ്ധ
പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റായി വിരമിച്ച ഡോ. അലന്‍ ഗ്രീന്‍ബര്‍ഗ് എം. ഡി. യുടെ
വാക്കകളുദ്ധരിച്ചുകൊണ്ട് ഞാനുപസംഹരിക്കട്ടെ:
ജോലിയില്‍ നിന്നു
വിരമിച്ച ഒരു ചികിത്സകനായ ഞാന്‍ സത്യസന്ധമായി ഒരു കാര്യം പറയട്ടെ.
നിങ്ങള്‍ ഗുരുതരമായ അപകടത്തിലൊന്നും അകപ്പെടുന്നില്ലെങ്കില്‍ പക്വമായ ഒരു വാര്‍ദ്ധക്യത്തിലേക്കടുക്കുവാന്‍
ഏറ്റവും യുക്തമായ വഴിയിതാണ്: ഒരു പ്രകൃതിചികിത്സാ വിദഗ്ധനെ കണ്ടെത്താനുള്ള
ഭാഗ്യമുണ്ടാകുന്നില്ലെങ്കില്‍, നിങ്ങള്‍ ഡോക്ടര്‍മാരെയും
ഹോസ്പിറ്റലുകളെയും കൈയൊഴിയുക, പോഷകാഹാരശാസ്ത്രം
(Nutrician) പഠിക്കുക, പച്ചമരുന്നുകളെയും മറ്റു
പ്രകൃത്യൗഷധങ്ങളെയും(natural medicines) ആശ്രയിക്കുക. എല്ലാ
ഡ്രഗ്‌സും വിഷമയമാണ്. അവ നിര്‍മ്മിച്ചിരിക്കുന്നത് രോഗലക്ഷണങ്ങളെ ചികിത്സിക്കാനാണ്,
ആരെയും സുഖപ്പെടുത്താനല്ല.
(കേരള
ശബ്ദം, 2017 ജൂലൈ 30 ലക്കത്തില്‍
പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്‌ക്കരിച്ച രൂപം)
1. Claudia Wallis, 'How Gut Bacteria
Help Make Us Fat and Thin, Scientific American, June 1, 2014
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ