ജോസാന്റണി
(2003-ല്‍ 'ഒരേ ഭൂമി ഒരേ ജീവന്‍' മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ആമുഖം
എന്സൈക്ലോപീഡിയാ ബ്രിട്ടാനിക്കയില്‍ മാക്രോബയോട്ടിക്സിനെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ''യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കണമെന്ന ചൈനീസ് തത്ത്വചിന്തയില്‍ കേന്ദ്രീകരിച്ചുള്ള ആഹാരനിയന്ത്രണരീതി. ശക്തമായ യിന്‍ ആയി തിരിച്ചിരിക്കുന്ന ആഹാരസാധനങ്ങളും യാങ്ങ് ആയി തിരിച്ചിരിക്കുന്ന ആഹാരസാധനങ്ങളും (ഉദാ. ഇറച്ചി) ഒഴിവാക്കണമെന്ന് ഈ രീതി പഠിപ്പിക്കുന്നു. ഇതു രണ്ടുമല്ലാത്ത ധാന്യം പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കണമെന്നും പഠിപ്പിക്കുന്നു. സ്വന്തം സ്ഥലത്തെ കാലാവസ്ഥയില്‍ സ്വാഭാവികമായി വളരുന്ന ഭക്ഷണസാധനങ്ങളായിരിക്കണം ഒരാളുടെ ആഹാരത്തിന്റെ മുഖ്യഭാഗം എന്നും ഇതു പഠിപ്പിക്കുന്നു. 1930-കളില്‍ ഏഷ്യയില്‍ രൂപംകൊണ്ട മാക്രോബയോട്ടിക്സ് 1960-കളുടെ അവസാനത്തോടെ യൂറോപ്പിനെയും അമേരിക്കയെയും കീഴടക്കി. ഒരാളുടെ ജീവിതനിലവാരം വര്ദ്ധിപ്പിക്കുന്നു എന്നു മാത്രമല്ല, അര്ബുദം പോലെയുള്ള മാരകരോഗങ്ങളും ഇതുവഴി ശമിപ്പിക്കാമെന്ന് ഇതിന്റെ പ്രചാരകര്‍ അവകാശപ്പെടുന്നു. വേണ്ടത്ര വിജ്ഞാനം കൂടാതെ ഇത്തരം ഭക്ഷണക്രമം തുടരുന്നത് പോഷകക്കുറവിലെത്തിക്കുമെന്ന് വിമര്ശകരും അഭിപ്രായപ്പെടുന്നു. (മലയാളം എന്സൈക്ലോപീഡിയ, ഡി.സി. ബുക്സ്-2003, വാല്യം 2, പേജ് 1665.).
വേണ്ടത്ര വിജ്ഞാനം കൂടാതെ ഏതുതരം ഭക്ഷണക്രമം തുടര്ന്നാലും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നതാണ് വസ്തുത. മാക്രോബയോട്ടിക്സില്‍ ആഹാരത്തെപ്പറ്റി മാത്രം അറിഞ്ഞാല്‍ പോരാ, ആഹാരം കഴിക്കുന്ന ആളിന്റെ ശരീരഘടനയെയും ആരോഗ്യസ്ഥിതിയെയും പറ്റി കൂടി അറിഞ്ഞിരിക്കണം എന്നാണ് പഠിപ്പിക്കുന്നത്.
വൈരുധ്യാധിഷ്ഠിതവും യുക്തിഭദ്രവുമായി ആഹാരത്തെയും ശരീരത്തെയും എന്നല്ല പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും വര്ഗീകരിച്ചു മനസ്സിലാക്കാനും അങ്ങനെ അടിസ്ഥാനപരമായും സാര്വത്രികമായും ശാസ്ത്രീയമായ ധാരണയോടെ സന്തോഷപൂര്ണമായ പ്രായോഗിക ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു ദര്ശനത്തിന്റെ അടിസ്ഥാനത്തിലാണ് മാക്രോബയോട്ടിക്സ് കെട്ടിപ്പടുത്തിരിക്കുന്നത്.
ആ ദര്ശനം അയ്യായിരംവര്ഷത്തിലേറെ പഴക്കമുള്ള താവോ ദര്ശനമാണ്.
വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞതാണ് ഈ ലോകം. നാം ഇന്ത്യയില്‍ പറഞ്ഞുപോരാറുള്ള വൈവിധ്യങ്ങളിലെ ഏകത്വം തന്നെയാണ് താവോ ദര്ശനത്തിന്റെയും കാതല്‍. വൈവിധ്യം എന്നത് വൈരുധ്യം എന്നു തിരുത്തിയാല്‍ കൂടുതല്‍ ശരിയാവും. പരസ്പരപൂരകമായ ദ്വന്ദങ്ങളായി ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും വകതിരിക്കാനാവും. രാത്രി-പകല്‍, ഇരുട്ട് - പ്രകാശം, സ്ത്രീ - പുരുഷന്‍, ചൂട് - തണുപ്പ് എന്നിങ്ങനെ ജോഡികളാക്കി വയ്ക്കാവുന്നതാണ് ഈ ലോകത്തിലുള്ള സകലതും. ഇവയുടെ സമതുലിതാവസ്ഥയാണ് ജീവിതത്തിന്റെ സൗന്ദര്യം. പ്രകാശരശ്മികളില്‍ ചിലതിനെ ആഗിരണം ചെയ്യുകയും ബാക്കിയുള്ളവയെ പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോഴാണല്ലോ ഒരു പൂവിനു നിറം കിട്ടുന്നത്. നിറം കാണണമെങ്കില്‍ കണ്ണു വേണം, ആസ്വദിക്കണമെങ്കില്‍ മനസ്സുവേണം, മനസ്സില്‍ പൂര്‍വസ്മൃതികള്‍ വേണം. ഇങ്ങനെ ഒന്നൊന്നായി അനേകം ദ്വന്ദങ്ങള്‍ ചേര്‍ന്നാണ് ജീവിതം സുന്ദരമാക്കുന്നത്.
ദ്വന്ദങ്ങള്‍ ജീവിതത്തെ സുന്ദരമോ സന്തോഷപ്രദമോ ആക്കുക മാത്രമല്ല ചെയ്യുന്നത്. സൗന്ദര്യത്തിന്റെ ദ്വന്ദമായി വൈരുപ്യവും സന്തോഷത്തിന്റെ ദ്വന്ദമായി സന്താപവും ഉള്ളതാണ് ലോകം. ഒരു കയറ്റമുണ്ടെങ്കില്‍ ഇറക്കവുമുണ്ട്. വൈരുദ്ധ്യങ്ങളെ സമാധാനബുദ്ധിയോടെ അഭിമുഖീകരിക്കാനും സമതുലിതമാക്കി അനുഭവിക്കാനും കഴിഞ്ഞാല്‍ ദീര്‍ഘായുസ്സുണ്ടാകും. ആ ദീര്ഘായുസ്സുകൊണ്ട് തനിക്കും ലോകത്തിനു തന്നെയും പ്രയോജനമുണ്ടാകും. വൈരുദ്ധ്യങ്ങളെ നടുനിലയില്‍ നിന്നു നോക്കിക്കാണാനും അനുഭവിക്കാനും അടിസ്ഥാനപരമായ അറിവു നല്കുന്ന ദര്ശനമാണ് ചൈനയില്‍ വളര്‍ന്നു വികസിച്ച താവോ ദര്ശനം.
ഒന്ന്
അടിസ്ഥാനം : താവോ ദര്ശനം
ഇന്ത്യയിലെ യോഗദര്ശനവും വേദാന്തവും ഒക്കെപ്പോലെ തത്ത്വനിഷ്ഠമായ താവോ ദര്ശനത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യായിരം വര്ഷംമുമ്പ് ചൈനയില്‍ മാക്രോബയോട്ടിക്സിന്റെ അടിസ്ഥാനമായ ആഹാരക്രമീകരണ സമ്പ്രദായം രൂപംകൊണ്ടത്. ഗണിതശാസ്ത്രം പോലെ പ്രത്യേകം ഒരു തെളിവും ആവശ്യമില്ലാത്ത ഏതാനും സാര്വത്രികതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ വൈരുധ്യാധിഷ്ഠിതമായി ആവിഷ്കരിച്ചിട്ടുള്ളതാണ് താവോ ദര്ശനവും പരമ്പരാഗത ആഹാരക്രമവും. അവയെ ആധുനികശാസ്ത്രത്തോടു ചേര്ത്തുവച്ച് ശരീരശാസ്ത്രബന്ധിയാക്കിയും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയും നവീകരിച്ച് ആവിഷ്കരിച്ചതാണ് മാക്രോബയോട്ടിക്സ് എന്ന ജീവനശാസ്ത്രം അഥവാ ജീവനകല.
താവോ ദര്‍ശനത്തില്‍ വിശ്വവ്യവസ്ഥ സംബന്ധിച്ചുള്ള ഏഴ് അടിസ്ഥാനതത്ത്വങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.
1. പ്രപഞ്ചത്തിലുള്ള സകലതും ഒരേ അപാരതയുടെ തന്നെ വ്യത്യസ്ത ഭാവങ്ങളാണ്.
2. അവ നിരന്ത്രം മാറിക്കൊണ്ടേയിരിക്കുന്നു.
3. എല്ലാ വൈരുധ്യങ്ങളും പരസ്പരപൂരകങ്ങളാണ്.
4. യാതൊരു വസ്തുവും മറ്റൊരു വസ്തുപോലെയുള്ളതല്ല; ഓരോന്നിനും അതിന്റെ തനിമയുണ്ട്.
5. മുന്വശം (കാണാനാവുന്ന ഒരു ഭാഗം) ഉളളതിനെല്ലാം പിന്വശവും (കാണാനാവില്ലാത്ത ഒരു ഭാഗം) ഉണ്ട്.
6. കാണാനാവുന്ന ഭാഗത്തോളം തന്നെ കാണാനില്ലാത്ത ഭാഗവും വലുതായിരിക്കും.
7. തുടക്കമുള്ളതിനെല്ലാം ഒടുക്കവും ഉണ്ട്.
ഇനിയുള്ളത് പ്രപഞ്ചഗതിയെ സംബന്ധിച്ച പന്ത്രണ്ടുനിയമങ്ങളാണ്. ഈ നിയമങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഒരു പദദ്വയമുണ്ട്. ചൈനീസ് ഭാഷയിലുള്ള യിന്‍-യാങ് എന്ന സയാമീസ് ഇരട്ടപോലെയുള്ള, ഒരു ഇണവാക്ക്.
ഒരു നാണയത്തിന്റെ ഇരുവശംപോലെ പരസ്പരം ബന്ധിതമാണ് യിന്നും യാങ്ങും. അവ വിവര്ത്തനം ചെയ്യാന്പോലും പാശ്ചാത്യര്ക്കു കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാര്ക്ക് അര്ധനാരീശ്വര സങ്കല്പവും 'വാക്കും അര്ഥവും പോലെ പരസ്പരം ചേര്ന്നു നില്ക്കുന്ന ശിവനും ശക്തിയും' എന്നും മറ്റുമുള്ള ആലങ്കാരികപ്രയോഗമുള്ളതിനാല് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാകും. എങ്കിലും അങ്ങനെ വിവര്ത്തനം ചെയ്താല്‍ ചൈനീസ് ദര്ശനത്തിന്റെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ മുഖം നഷ്ടപ്പെടും. അതുകൊണ്ട് നാമും യിന്‍-യാങ്ങ് എന്നു തന്നെയാണ് ഉപയോഗിക്കാന്‍ പോകുന്നത്.
പന്ത്രണ്ടു നിയമങ്ങള്‍ എഴുതും മുമ്പേ തന്നെ യിന്നിനെയും യാങ്ങിനെയും പറ്റി അല്പമൊന്നെഴുതുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. (ഈ ആമുഖംകൊണ്ട് ഒരു വലിയ ആശയക്ഷേത്രത്തിന്റെ മതിലിന്റെ മൂലയില്‍ ഒന്നു കടിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അമ്പലം മുഴുവന്‍ എന്റെ വായ്ക്കുള്ളിലുണ്ടെന്നു ധരിക്കരുത്.)
പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും സ്വഭാവം നിര്ണയിക്കുന്ന, വിപരീത ധ്രുവങ്ങള്പോലെ പരസ്പരപൂരകങ്ങളായ, ഊര്ജയോഗമാണ് യിന്നും യാങ്ങും. യിന്‍ ഊര്ജത്തെ താഴെനിന്ന് മുകളിലേക്കുള്ള (ആരോഹണ) ഊര്ജമെന്നും യാങ്ങ് ഊര്ജത്തെ മുകളില്നിന്നു താഴേയ്ക്കുള്ള (അവരോഹണ) ഊര്ജമെന്നും ഗ്രഹിക്കാം. ഒരു വൃക്ഷമെടുത്താല്‍, അത് സൂര്യനില്നിന്നു പ്രകാശവും ഊര്ജവും സംഭരിക്കുന്നുണ്ടെന്നും മണ്ണില്നിന്നു വെള്ളവും വളവും വലിച്ചെടുക്കുന്നുണ്ടെന്നും നമുക്കറിയാം. സൂര്യനില്‍ നിന്നുള്ള ഊര്ജം മണ്ണിലേക്ക് ആഴ്ന്നിറങ്ങാനുള്ള പ്രവണതയായി വേരില്‍ സംഭരിക്കപ്പെടുന്നു. മണ്ണില്നിന്നുള്ള ഊര്ജമാകട്ടെ ആകാശത്തിലേക്ക് വളര്ന്നുയരാനും പൂക്കാനും കായ്ക്കാനും ഒക്കെയുള്ള പ്രവണതയായി, അതിന്റെ സഫലതയായി, പൂവിലും കായിലും ഒക്കെ സംഭരിക്കപ്പെടുന്നു. വേരില്‍ സംഭരിക്കപ്പെടുന്ന ഊര്ജത്തെ യാങ്ങ് എന്നും കായില്‍ സംഭരിക്കപ്പെടുന്നതിനെ യിന്‍ എന്നും ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ യിന്‍-യാങ്ങ് സങ്കല്പത്തിന്റെ ഒരു തരി ഉള്ക്കൊണ്ടു. പക്ഷേ, വേരില്‍ മണ്ണില്നിന്നു സംഭരിക്കുന്ന ഊര്ജമില്ലെന്നോ കായില്‍ സൂര്യനില്നിന്നു സംഭരിക്കുന്ന ഊര്ജമില്ലെന്നോ ധരിച്ചാല്‍ അതു ശരിയായിരിക്കുകയില്ല. രണ്ടിടത്തും രണ്ടുതരം ഊര്ജവുമുണ്ട്. ഓരോയിടത്തും പ്രാമുഖ്യമുള്ള ഊര്ജം ഏതെന്നേ വേരില്‍ യാങ്ങ് ഊര്ജവും കായില്‍ യിന്‍ ഊര്ജവും ആണ് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നുള്ളു.
യഥാര്ത്ഥത്തില്യിന്നും യാങ്ങും പരസ്പരം ബന്ധപ്പെട്ടു മാത്രം നിലനില്ക്കുന്ന രണ്ടു പ്രവണതകളാണ്. പരസ്പരം ചേര്ന്നു നില്ക്കാന് ഇരു കാന്തങ്ങളിലെ വിപരീതധ്രുവങ്ങള്‍ പ്രവണത കാട്ടുമെങ്കിലും ഒരേ കാന്തങ്ങളിലെ വിപരീതധ്രുവങ്ങള്‍ പ്രവണത കാട്ടുമെങ്കിലും ഒരേ കാന്തത്തിലെ വിപരീത ധ്രുവങ്ങള്‍ 'ധ്രുവാന്തരം' ഉള്ളവതന്നെയായിരിക്കുമല്ലൊ. യിന്നും യാങ്ങും കാന്തത്തിലെ ധ്രുവങ്ങള്‍ പോലെയാണെന്നു മനസ്സിലാക്കിയാല്‍ യിന്‍-യാങ്ങ് സങ്കല്പത്തെ അല്പംകൂടി ഉള്ക്കൊണ്ടു എന്നു പറയാം.
രണ്ട്
ഇനിയും യിന്നിനെയും യാങ്ങിനെയും പ്രതീകാത്മകമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.
ശീര്ഷം താഴെ വരുന്ന ത്രികോണചിഹ്നം കൊണ്ടാണ് യിന്‍ രേഖപ്പെടുത്താറുള്ളത്. ശീര്ഷം മുകളില്‍ വരുന്ന ത്രികോണചിഹ്നംകൊണ്ട് യാങ്ങും രേഖപ്പെടുത്തുന്നു. യിന്‍ സ്ത്രൈണഭാവത്തെയും യാങ്ങ് പുരുഷഭാവത്തെയും ഉള്ക്കൊള്ളുന്ന ചിഹ്നങ്ങളാണ്. യിന്‍ ഇരുണ്ടതാണെന്നും യാങ്ങ് വെളുത്തതാണെന്നും മനസ്സിലാക്കണം. ഒരു വസ്തുവിന്റെ (ഉദാ: ആഹാരപദാര്ത്ഥത്തിന്റെ) നിറം വയലറ്റ്, നീല, പച്ച എന്നിവയില്‍ ഏതെങ്കിലും ആണെങ്കില്‍ അതു യിന്‍ പ്രാമുഖ്യവും മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയിലേതെങ്കിലും ആണെങ്കില്‍ യാങ്ങ് പ്രാമുഖ്യവും ഉള്ളതായിരിക്കും.
സാന്ദ്രതയും ഭാരവും കുറവുള്ളവ യിന്നും കൂടുതലുള്ളവ യാങ്ങും ആയിരിക്കും. യിന്‍ പ്രാമുഖ്യമുള്ളവ വികാസപ്രവണതയും യാങ്ങ് പ്രാമുഖ്യമുള്ളവ സങ്കോചപ്രവണതയും കാണിക്കും. ഇങ്ങനെ യിന്‍-യാങ്ങ് സങ്കല്പത്തെ ലക്ഷണങ്ങള്കൊണ്ടും ഗ്രഹിച്ചും മനനം ചെയ്തും നിത്യജീവിതത്തില്‍ നാമിടപെടുന്ന എല്ലാറ്റിനെയും വകതിരിച്ചറിയാനുള്ള ശേഷി നേടാന്‍ കഴിഞ്ഞാലേ മാക്രോബയോട്ടിക്സിലെ തത്ത്വങ്ങളുടെ പ്രയോഗികമൂല്യം അനുഭവിച്ചറിയാന്‍ സാധിക്കൂ.
യിന്നിനെയും യാങ്ങിനെയുംപറ്റി കൂടുതല്‍ എഴുതാനുണ്ട്. അതിനുമുമ്പു തന്നെ പ്രപഞ്ചഗതിയെപ്പറ്റിയുള്ള പന്ത്രണ്ടു നിയമങ്ങള്‍ കൂടി നമുക്കൊന്നു പഠിക്കാന്‍ ശ്രമിക്കാം.
1. വിപരീത ധ്രുവങ്ങള്‍ പോലെ പരസ്പര പൂരകങ്ങളായ, യിന്‍-യാങ്ങ് ഊര്ജ്ജയോഗങ്ങളായ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ പദാര്ത്ഥോര്ജങ്ങളും ഒരേ അപാരതയുടെ തന്നെ ആവിര്ഭാവങ്ങളാണ്.
2. അനന്തമായ പ്രപഞ്ചത്തിലെ നിരന്തരമായ ചലനങ്ങളിലൂടെയാണ് യിന്നും-യാങ്ങും വെളിപ്പെടുന്നത്.
3. യിന്‍ അപകേന്ദ്രക സ്വഭാവത്തെയും യാങ്ങ് അഭികേന്ദ്രക സ്വഭാവത്തെയും സൂചിപ്പിക്കുന്നു. യിന്‍ വികാസം, കനമില്ലായ്മ, തണുപ്പ് മുതലായവയുളവാക്കുന്നു. യാങ്ങ് സങ്കോചം, സാന്ദ്രത, ഭാരം, ചൂട് മുതലായവയും ഉളവാക്കുന്നു.
4. യിന്‍ യാങ്ങിനെ ആകര്ഷിക്കുന്നു. യാങ്ങ് യിന്നിനെയും.
5. വ്യത്യസ്ത അനുപാതയില്നിന്നും യാങ്ങും ചേര്ന്ന് ഉളവായിട്ടുള്ളതാണ്, എല്ലാ പ്രതിഭാസങ്ങളും.
6. എല്ലാ പ്രതിഭാസങ്ങളും അവയിലുള്ള യിന്‍-യാങ്ങ് ഘടകങ്ങളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്ലാം ചഞ്ചലമാണ്.
7. യാതൊന്നും പൂര്ണമായി യിന്നോ പൂര്ണമായി യാങ്ങോ അല്ല. എല്ലാം ആപേക്ഷികമാണ്.
8. പദാര്ത്ഥങ്ങളോ ജീവജാലങ്ങളോ തമ്മിലുള്ള ആകര്ഷണബലം അവയിലുള്ള യിന്നിന്റെയും യാങ്ങിന്റെയും അന്തരത്തിന്നനുസൃതമായിരിക്കും.
9. യാതൊന്നും പൂര്ണമായി സമതുലിതമല്ല. എല്ലാറ്റിലും അല്പം യാങ്ങ് അല്ലെങ്കില്‍ അല്പം യിന്‍ കൂടുതലുണ്ടായിരിക്കും.
10. യിന്‍ യിന്നിനെയും യാങ്ങ് യാങ്ങിനെയും വികര്ഷിക്കും. അവ തമ്മിലുള്ള അന്തരം വര്ദ്ധിക്കുന്നതിനനുസൃതമായി വികര്ഷണം ദുര്ബലമാവും.
11. യിന്‍ പ്രാമുഖ്യം പാരമ്യത്തിലെത്തുമ്പോള്‍ യാങ്ങ് പ്രാമുഖ്യമായും യാങ്ങ് പ്രാമുഖ്യം പാരമ്യത്തിലെത്തുമ്പോള്‍ യിന്‍ പ്രാമുഖ്യമായും മാറുന്നു.
12. എല്ലാറ്റിന്റെയും ഉള്ഭാഗത്ത്, കേന്ദ്രത്തില്‍, യാങ്ങും ഉപരിതലത്തില്നിന്നും ആണുള്ളത്.
ഗണിതത്തിലെ പട്ടികകള്‍ പോലെ, അര്ത്ഥം അനുഭവിച്ചറിയാന്‍ ഇപ്പോള്‍ കഴിയുന്നില്ലെങ്കിലും, ഇതുവരെ എഴുതിയ ഏഴു തത്ത്വങ്ങളും പന്ത്രണ്ടു നിയമങ്ങളും ഒന്നു കാണാപ്പാഠം പഠിച്ചുവയ്ക്കുന്നത് ഈ പഠനത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും സദ്ഗതിക്ക് പ്രയോജനം ചെയ്യും.
മൂന്ന്
വര്ഗീകരണവും ചലനാത്മകതയും
ശാസ്ത്രത്തെ സാര്വത്രികവും പ്രായോഗികവും പ്രയോജനപ്രദവും ആക്കുന്നതിനുള്ള അടിസ്ഥാനപരവും യുക്തിഭദ്രവുമായ വര്ഗീകരണം വൈരുധ്യങ്ങളിലും മാറ്റങ്ങളിലും അധിഷ്ഠിതമായിരിക്കും. അങ്ങനെയുള്ള താരതമ്യാനുസൃതമായ, വര്ഗീകരണമാണ് താവോ ദര്ശനത്തിലുള്ളത്. ഒറ്റനോട്ടത്തില്‍ ദ്വൈതസ്വഭാവം ഉള്ളതായി തോന്നിയേക്കാമെങ്കിലും തികച്ചും അദ്വൈതമാണ് താവോദര്ശനം. ഏകമായ സത്യത്തിന്റെ ധ്രുവാന്തരങ്ങളെപ്പറ്റിയും അവ സമതുലിതമാക്കുന്നതിനെപ്പറ്റിയുമാണ് നാം പഠിക്കുന്നത്.
താവോദര്ശനമനുസരിച്ച് പരമാണു കണങ്ങള്‍ മുതല്‍ പ്രപഞ്ചഗതിവരെ യിന്‍-യാങ്ങ് വൈരുധ്യങ്ങളിലധിഷ്ഠിതമായ വര്ഗീകരണത്തിനു വിധേയമാക്കാവുന്നവയാണ്. യിന്‍-യാങ്ങ് ഊര്‍ജങ്ങള്‍ പരസ്പര വിരുദ്ധസ്വഭാവത്തോടെയാണ് കാണപ്പെടുന്നത്. അവയെ പരസ്പര പൂരകങ്ങളായി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്തണമെങ്കില്‍ അവയെ താരതമ്യം ചെയ്ത് തിരിച്ചറിയാന്‍ പഠിക്കേണ്ടതുണ്ട്. അതിനു സഹായകമായ കുറെ കാര്യങ്ങള്‍ ഇനി എഴുതാം.
പരമാണു ഘടനയെടുത്താല്‍ ഇലക്ട്രോണുകളും ഉപരിതലത്തിലുള്ള കണങ്ങളും യിന്‍ പ്രാമുഖ്യമുള്ളവയാണ്. പ്രോട്ടോണും കേന്ദ്രത്തിലുള്ള കണങ്ങളും കൂടതുല്‍ യാങ്ങാണ്. (പന്ത്രണ്ടാം നിയമം ഓര്മ്മിക്കുക.)
രസതന്ത്രപരമായി നോക്കിയാല്‍ ഹൈഡ്രജന്‍, കാര്ബണ്‍, ലിഥിയം, ആര്സെനിക്ക്, സോഡിയം മുതലായവ കൂടുതല്‍ അടങ്ങുന്ന പദാര്‍ത്ഥങ്ങള്‍ യാങ്ങാണ്. അവ കുറവും പൊട്ടാസ്യം, സള്ഫര്‍, ഫോസ്ഫറസ്, ഓക്സിജന്‍, നൈട്രജന്‍ മുതലായവ കൂടുതലും അടങ്ങുന്ന പദാര്‍ത്ഥങ്ങള്‍ യിന്‍ ആണ്.
ഒരു പദാര്ത്ഥം തണുത്തതാണെങ്കില്‍ യിന്നും ചൂടുള്ളതാണെങ്കില്‍ യാങ്ങും ആണ്.
ജലാംശം കൂടുതലുള്ള പദാര്ത്ഥങ്ങള്ക്ക് യിന്‍ പ്രാമുഖ്യവും ജലാംശം കുറവുള്ളവയ്ക്ക് യാങ്ങ് പ്രാമുഖ്യവും ആയിരിക്കും ഉണ്ടാവുക.
പ്രകാശത്തെയും റേഡിയേഷനെയുംപറ്റി പറഞ്ഞാല്‍ തരംഗദൈര്ഘ്യം കുറവുള്ളവ - വയലറ്റും അള്ട്രാവയലറ്റും - യിന്‍ ആണ്. തരംഗദൈര്ഘ്യം കൂടുതലുള്ളവ - റെഡ്ഡും ഇന്ഫ്രാറെഡ്ഡും - യാങ്ങ് ആണ്.
സസ്യലോകം ജന്തുലോകത്തെക്കാള് യിന്നാണ്. സസ്യലോകത്തില്ത്തന്നെ പൊക്കംകൂടിയ മരങ്ങള്‍ കൂടുതല്‍ യിന്നാണ്. മരങ്ങളുടെ തന്നെ ശാഖകളും ഇലകളും പൂക്കളുമെല്ലാം യിന്നാണ്. വേരുകളും തടിയും യാരതമ്യേന യാങ്ങാണ്. പൊക്കം കുറഞ്ഞ മരങ്ങളും ചെടികളും യാങ്ങാണ്.
ജന്തുലോകത്തില്‍ മൃഗങ്ങള്‍ യാങ്ങാണ്. പക്ഷികള്‍ താരതമ്യേന യിന്നാണ്. മത്സ്യങ്ങള്‍ പക്ഷികളേക്കാള്‍ യിന്നാണ്. മത്സ്യങ്ങളില്‍ തന്നെ വലിയവയും വെളുത്ത മാംസം ഉള്ളവയും കൂടുതല്‍ യിന്നാണ്.
മനുഷ്യരില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള് യിന്‍ ആണ്. എന്നാല്‍ ശരീരഘടന നോക്കുമ്പോള്‍ സ്ത്രീകളില്‍ യാങ്ങ് ശരീരഘടനയുള്ളവരും പുരുഷന്മാരില് യിന്‍ ശരീരഘടനയുള്ളവരും ഉണ്ടാകാറുണ്ട്.
നാല്
മനുഷ്യരുടെ ശരീരഘടനയും രോഗാവസ്ഥയും യിന്‍/ യാങ്ങ് ആയി തിരിച്ചറിയാന്‍ കഴിഞ്ഞാലേ മാക്രോബയോട്ടിക്സില്‍ ശരിയായ രോഗനിര്ണ്ണയവും സാധ്യമാവൂ. അവ എങ്ങനെയെന്ന് ഇനിയെഴുതാം.
ശരീരത്തിലെ ആന്തരികാവയവങ്ങളെടുത്താല് മൃദുലവും ഉള്ളു പൊള്ളയായതുമായ അവയവങ്ങള്‍ (ആമാശയം, ചെറുകുടല്‍, വന്കുടല്‍, മൂത്രാശയം, പിത്താശയം) യിന്‍ ഘടനയുള്ളവയാണ്. അവയ്ക്കാവശ്യമായ ഊര്ജമാകട്ടെ യാങ്ങാണ്. കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, സ്പ്ലീന്‍ / പാന്ക്രിയാസ് എന്നിവ യാങ്ങ് ഘടനയുള്ളവയും യിന്‍ ഊര്ജം വേണ്ടവയുമാണ്.
നാഡീവ്യവസ്ഥയില്‍ ഉപരിഭാഗത്തുള്ളവ കൂടുതല്‍ യിന്നും ആന്തരികമായ കേന്ദ്രനാഡികള് യാങ്ങും ആണ്. ആഹാരപദാര്‍ത്ഥങ്ങളില്‍ മാംസാഹാരം യാങ്ങും സസ്യാഹാരം യിന്നുമാണ്. സസ്യാഹാരത്തില്ത്തന്നെ വേരുകളും മണ്ണിനോടു ചേര്ന്നു വളരുന്ന ഭാഗങ്ങളും യാങ്ങും ഇലകള്‍, കായ്, പൂവ് എന്നിവ യിന്നും ആണ്. ധാന്യങ്ങള്‍ താരതമ്യേന സമതുലിതം ആണ്.
യാങ്ങ് ആഹാരങ്ങള്‍ ചുവപ്പോ മഞ്ഞയോ നിറമുള്ളവയായിരിക്കും. മാംസം, മത്സ്യം, മുട്ട മുതലായ യാങ്ങ് ആഹാരപദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യത്തെക്കാള്‍ സോഡിയവും വിറ്റാമിന്‍ ഡിയും ആയിരിക്കും ഉണ്ടാവുക.
നീലച്ച (വയലറ്റ്, ഇന്ഡിഗോ,
നീല നിറങ്ങളുള്ളവ) പച്ചക്കറികളും പഴങ്ങളും കൂടുതല്‍ യിന്‍ ആണ്. അവയില്‍ പൊട്ടാസ്യവും സോഡിയവും 7:1 എന്ന അനുപാതത്തില്‍ ആയിരിക്കണം. ഈ അനുപാതത്തിലേറെ സോഡിയത്തിന്റെ അളവു കൂടിയാല്‍ അത് മരണകരമാവാം.
യിന്‍ പ്രാമുഖ്യമുള്ള ആഹാരസാധനങ്ങള്‍ മാത്രം കഴിച്ചാല്‍ തണുപ്പു സഹിക്കാനുള്ള ശേഷി, അവ കഴിക്കുന്നില്ലാത്തവരെക്കാള് തീരെ കുറയും. ഇത്തരത്തിലുള്ള ആഹാരം മാത്രം കുഞ്ഞുങ്ങള്ക്ക് എല്ലാ ദിവസവും നല്കിയാല് അവര്‍ ഉന്മേഷം നശിച്ച് മരവിച്ച ശരീരത്തോടും മനസ്സോടും കൂടി മൂകരായിത്തീരും. ക്ഷയംപോലുള്ള രോഗം ബാധിച്ചവര്ക്കാണ് ഇത്തരം ആഹാരം നല്കുന്നതെങ്കില് അവര്‍ താമസിയാതെ തന്നെ മരണമടഞ്ഞെന്നുപോലും വരും.
ഒരു ഗര്ഭിണിക്കാണ് ഇത്തരത്തിലുള്ള ആഹാരം കുറേക്കാലത്തേയ്ക്കു നല്കുന്നതെങ്കില് പ്രസവം ബുദ്ധിമുട്ടുള്ളതാവുകയും മാസം തികയാതെ ചാപിള്ളയെ പ്രസവിക്കുകയും ചെയ്തേക്കും.
ജലം നമ്മുടെ ശരീരത്തില്‍ അനിവാര്യമാണ്. എന്നാല്‍ അത് അധികമായാല്‍ നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ സാന്ദ്രത കുറയും. ഹൃദയവും വൃക്കകളും അമിതമായി പ്രവര്ത്തിക്കേണ്ടി വരുന്നതിനാല്‍ അവയും ശരീരമാകെയും കുറെക്കഴിയുമ്പോള്‍ ക്ഷീണിക്കും.
കായികമായി കൂടുതല്‍ അധ്വാനിക്കുന്നവരുടെ ശരീരത്തിലെ ജലം വിയര്പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ കൂടുതല്‍ ദാഹമുണ്ടാകുന്നതും വെള്ളം കുടിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ കായികമായി അധികം അധ്വാനിക്കാത്തവര്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് ആലസ്യവും ക്ഷീണവും നിഷ്ക്രിയത്വവും ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. ജലാംശം കൂടുതലുള്ള ആഹാരസാധനങ്ങളും, കഴിച്ചു കുറച്ചുസമയം കഴിയുമ്പോള്‍, ക്ഷീണവും ഉന്മേഷക്കുറവും ഉളവാക്കും.
അഞ്ച്
ദ്വന്ദസ്വഭാവമുള്ള പരസ്പരം ബന്ധങ്ങള്
്തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങള്‍ യിന്‍ ആണ്. അവിടെ സ്വാഭാവികമായി കൂടുതല്‍ ഉണ്ടാകാറുള്ളത് യാങ്ങ് ആഹാരസാധനങ്ങളാണ്. അവിടെ ജീവിക്കുന്നവരുടെ ആഹാരസാധനങ്ങളും കൂടുതല്‍ യാങ്ങ് ആയിരിക്കേണ്ടതാണ്. എന്നാല്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അത്തരം ആഹാരക്രമം അനുയോജ്യമല്ല.
രോഗികളെ സംബന്ധിച്ചു പറഞ്ഞാല്‍ ഏതെങ്കിലും അവയവത്തിന്റെ അമിതമായ വികാസം യിന്‍ രോഗാവസ്ഥയായും അമിതമായ സങ്കോചം യാങ്ങ് രോഗാവസ്ഥയായും മനസ്സിലാക്കണം. യാങ്ങ് ഘടനയോ യാങ്ങ് രോഗാവസ്ഥയോ ഉള്ള അവയവങ്ങള്ക്ക് യിന്‍ ഊര്ജവും യിന്‍ ഘടനയുള്ള അവയവത്തിന് യിന്‍ രോഗാവസ്ഥ തന്നെ ഉളവായാല്‍ യാങ്ങ് ഊര്ജവും ലഭ്യമാകുന്ന ആഹാരങ്ങള്‍ നല്‍കിയാണ് ചികിത്സിക്കേണ്ടത്. യാങ്ങ് ഘടനയുള്ള അവയവത്തിന് യിന്‍ രോഗാവസ്ഥ ഉളവായാല്‍ യാങ്ങ് ആഹാരം കഴിക്കണം. യിന്‍ ഘടനയുള്ള അവയവത്തിനു യാങ്ങ് രോഗാവസ്ഥ ഉളവായാല്‍ കഴിക്കേണ്ടത് യിന്‍ ആഹാരമാണ്.
ഇങ്ങനെ പൊതുവായി എഴുതിയെങ്കിലും ശരീരഘടനയും രോഗാവസ്ഥയും തമ്മിലും ആന്തരികാവയവങ്ങള്‍ തമ്മിലുമുള്ള ബന്ധവും യാങ്ങ് ഊര്ജ്ജം യിന്‍ ഊര്ജ്ജമായും യിന്‍ ഊര്ജ്ജം യാങ്ങ് ഊര്ജ്ജമായും മാറുന്ന പ്രക്രിയയും ഗ്രഹിച്ചാലേ ശാസ്ത്രീയമായ രോഗചികിത്സ സാധ്യമാവൂ. യിന്‍ ഊര്ജം പാരമ്യത്തില്‍ യാങ്ങ് ഊര്ജവും യാങ്ങ് ഊര്ജം പാരമ്യത്തില്‍ യിന്‍ ഊര്‍ജവുമായി മാറുന്നതെങ്ങനെയെന്ന് ആദ്യം പറയാം.
യാങ്ങ് പ്രാമുഖ്യമുള്ള ഒരു വസ്തുവിന്റെ യാങ്ങ് ഊര്ജം കൂടുമ്പോള്‍ അതു ചുരുങ്ങിച്ചുരുങ്ങി സാന്ദ്രമാവുകയും ഉള്ളിലെ സമ്മര്ദ്ദം വര്ദ്ധിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഉള്ളിലെ ചലന വേഗത കൂടുന്നു. ചൂട് ഉളവാക്കുന്നു. വികാസം തുടങ്ങുന്നു. ഊര്ജം വലുതായി വലുതായി മൃദുവും വേഗത കുറഞ്ഞതുമായിത്തീരുന്നു. അങ്ങനെ അത് യിന്‍ പ്രാമുഖ്യമുള്ളതായി മാറുന്നു. തുടര്ന്ന് തണുപ്പും സങ്കോചവും വര്ധിച്ച് ആ ഊര്ജം വീണ്ടും യാങ്ങ് പ്രാമുഖ്യമുള്ളതായി മാറുകയും ചംക്രമണം തുടരുകയും ചെയ്യുന്നു.
ഇങ്ങനെ എല്ലാം ക്രമാനുഗതമായി അതിന്റെ വിപരീതമായിത്തീരും. ചൂടേറിയ വേനല്ക്കാലത്തില്നിന്ന് തണുത്തുമരവിച്ച ശീതകാലത്തിലേക്കും അവിടെ നിന്നു വീണ്ടും വേനല്ക്കാലത്തിലേക്കുമുള്ള കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ ചാക്രികമാണ്. പര്‍വതങ്ങള്‍ താഴ്വരകളായും താഴ്വരകള്‍ പര്‍വതങ്ങളായും മാറാം. കര കടലായി മാറുകയും ചെയ്യാം. പകല്‍ രാത്രിയായി മാറുന്നതുപോലെതന്നെ രാത്രിയില്നിന്നു പകല്‍ ജനിക്കുകയും ചെയ്യുന്നുണ്ടല്ലോ? ധനികര്‍ ദരിദ്രരാകുന്നതുപോലെ ദരിദ്രര്‍ ധനികരാകുകയും ചെയ്യുംവിധമാണ് ലോകഗതി.
പദാര്ത്ഥം ഊര്ജമായി മാറുന്നതുപോലെ ഊര്ജം പദാര്ത്ഥമായി മാറുകയും ചെയ്യുന്നുണ്ടാവും. സ്ഥലം കാലമായും കാലം സ്ഥലമായും മാറുന്നുണ്ട്. ഈ സാധ്യതകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞാല് യിന്‍-യാങ്ങ് രൂപാന്തരത്തിന്റെ അഞ്ചു ഘട്ടങ്ങളുള്ള ചാക്രികതയെപ്പറ്റി എളുപ്പം ഗ്രഹിക്കാനാവും.
ആറ്
ഊര്ജരൂപാന്തരത്തിന്റെ അഞ്ചുതലങ്ങള്
യിന്‍-യാങ്ങ് ധൃവങ്ങള്ക്കിടയിലുണ്ടാകുന്ന രൂപാന്തരത്തിന്റെ അഞ്ചുഘട്ടങ്ങള്ക്ക് ഏറ്റം നല്ല ഉദാഹരണം പ്രഭാതം, മധ്യാഹ്നം, അപരാഹ്നം, സായാഹ്നം, രാത്രി എന്നിവയാണ്. ഈ സമയങ്ങളിലോരോന്നിലും ശക്തമാകുന്ന ഊര്ജങ്ങള്ക്ക് യഥാക്രമം ആരോഹണോര്ജം, സജീവോര്ജം, അവരോഹണോര്ജം, സാന്ദ്രോര്ജം, പ്ലവനോര്ജം എന്നിങ്ങനെ പേരുകളുണ്ട്. അവയെ യഥാക്രമം പ്രതീകാത്മകമായി വൃക്ഷോര്ജം, അഗ്ന്യൂര്ജം, ഭൗമോര്ജം, ലോഹോര്ജം, ജലോര്ജം എന്നിങ്ങനെയും വിളിക്കാറുണ്ട്.
ആരോഹണോര്ജം (കരള്‍, പിത്താശയം), സജീവോര്ജത്തെയും
സജീവോര്ജം
(ഹൃദയം, ചെറുകുടല്‍) അവരോഹണോര്ജത്തെയും
അവരോഹണോര്ജം (പ്ലീഹ /പാന്ക്രിയാസ്, ആമാശയം), സാന്ദ്രോര്ജത്തെയും
സാന്ദ്രോര്ജം (ശ്വാസകോശങ്ങള്‍, വന്കുടല്‍), പ്ലവനോര്ജത്തെയും
പ്ലവനോര്ജം (വൃക്കകള്‍, മൂത്രാശയം) ആരോഹണോര്ജത്തെയും പോഷിപ്പിക്കുന്നതാണ്.
ആരോഹണോര്ജം അവരോഹണോര്ജത്തെയും
അവരോഹണോര്ജം പ്ലവനോര്ജത്തെയും
പ്ലവനോര്ജം സജീവോര്ജത്തെയും
സജീവോര്ജം സാന്ദ്രോര്ജത്തെയും സാന്ദ്രോര്ജം ആരോഹണോര്ജത്തെയും നിയന്ത്രിക്കുന്നതാണ്.
ഈ തത്ത്വംതന്നെ മേല്പ്പറഞ്ഞ ഊര്ജങ്ങളുടെ പ്രതീകാത്മകമായ പേരുകളും അവ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും മനസ്സില്‍ വച്ചാല്‍ ഓര്‍മ്മിക്കാന്‍ എളുപ്പമായിരിക്കും.
അതായത് വൃക്ഷം (വിറക്) തീക്ക് ഇന്ധനമാകുന്നതും തീയ് ചാരമായി മണ്ണിന്റെ ഭാഗമാകുന്നതും മണ്ണിലെ സാന്ദ്രതയേറിയ ഭാഗം ലോഹമാകുന്നതും ലോഹങ്ങള്‍ ഉരുകി ദ്രാവകരൂപം പ്രാപിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ പോഷണചക്രവും വൃക്ഷം ഭൂമിയെ പിളര്ക്കുന്നതും ഭൂമിജലത്തെ ആഗിരണം ചെയ്യുന്നതും ജലം തീയ് കെടുത്തുന്നതും തീയ് ലോഹത്തെ ഉരുക്കുന്നതും ലോഹം (കോടാലി) വൃക്ഷം മുറിക്കുന്നതും ഓര്‍മയില്‍ വച്ചാല്‍ നിയന്ത്രണചക്രവും എളുപ്പം ഓര്‍മിക്കാന്‍ സഹായിക്കും.
അതായത് വൃക്ഷം - അഗ്നി - ഭൂമി - ലോഹം - ജലം - വൃക്ഷം എന്നിങ്ങനെ പോഷണചക്രവും വൃക്ഷം - ഭൂമി - ജലം - അഗ്നി - ലോഹം - വൃക്ഷം എന്നിങ്ങനെ നിയന്ത്രണചക്രവും എളുപ്പം ഓര്മിക്കാം.
ഏഴ്
ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും
ഈ ഊര്ജങ്ങളുമായി നമ്മുടെ ആന്തരികാവയവങ്ങളും ആഹാരസാധനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം.
കരളും പിത്താശയവും പ്രവര്ത്തിക്കാന്വേണ്ട ആരോഹണോര്ജം അടങ്ങുന്ന ആഹാരസാധനങ്ങള്‍ ഇലക്കറികള്‍, കാരറ്റ്, ചെറുപയര്‍, കൂണുകള്‍ മുതലായവയാണ്. കൂടാതെ പൊതുവേ പറഞ്ഞാല്‍ പുളിരസമുള്ള ആഹാരസാധനങ്ങള്ക്ക് ആരോഹണോര്ജമാണുള്ളത്.
സജീവോര്ജമുപയോഗിച്ചാണ് ഹൃദയവും ചെറുകുടലും പ്രവര്ത്തിക്കുന്നത്. നെല്ലിക്കാ, വെണ്ടയ്ക്കാ മുതലായവയിലും പാവയ്ക്കാ മുതലായ കയ്പുരസമുള്ള എല്ലാ ആഹാരസാധനങ്ങളിലും സജീവോര്ജമുണ്ട്.
പ്ലീഹ / പാന്ക്രിയാസ്, ആമാശയം എന്നിവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന അവരോഹണോര്ജം ഉള്ള ആഹാരസാധനങ്ങള്‍ - കാബേജ്, മത്തങ്ങാ, മധുരക്കിഴങ്ങ്, ഉരുണ്ട ആകൃതിയുള്ള പച്ചക്കറികള്‍ മുതലായവ - മധുരമുള്ളവയാണ്.
സാന്ദ്രോര്ജം ഉപയോഗിച്ചു പ്രവര്ത്തിക്കുന്ന ആന്തരികാവയവങ്ങള്‍ ശ്വാസകോശങ്ങളും വന്കുടലുമാണ്. പെരുകിലംവേര്, മുള്ളങ്കി, താമരക്കിഴങ്ങ്, കുരുമുളക്, ഏലയ്ക്കാ, മല്ലി, മുളക്, ഗ്രാമ്പൂ, ജീരകം മുതലായവയുടെ ഊര്ജം സാന്ദ്രോര്ജമാണ്. ഇവ പൊതുവേ എരിവുള്ളവയാണ്.
വൃക്കകളും മൂത്രാശയവും പ്രവര്‍ത്തിക്കാന്‍ വേണ്ട പ്ലവനോര്ജം ഉള്ള ആഹാരസാധനങ്ങളാണ് സോയാബീന്സും സോയാസോസും കടല്സസ്യങ്ങളും. ഇവ പൊതുവേ ഉപ്പുരസമുള്ളവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ