ആകെ പേജ്‌കാഴ്‌ചകള്‍

2016, മാർച്ച് 13, ഞായറാഴ്‌ച

അത്ഭുതരോഗശാന്തികള്‍ ശാസ്ത്രീയമായി വിശദീകരിക്കാം

എന്റെ കൗമാരകാലത്ത് എന്റെ ചേട്ടന്‍ ജോര്‍ജ് മൂലേച്ചാലില്‍ യുക്തിവാദി എ.ടി. കോവൂരിന്റെയും എം. സി. ജോസഫിന്റെയും ഒക്കെ കൃതികള്‍ വീട്ടില്‍ കൊണ്ടുവന്ന് എനിക്കും വായിക്കാന്‍ തരുമായിരുന്നു. അവയുടെ സ്വാധീനത്തില്‍പ്പെട്ട് വലിയൊരു സംശയാത്മാവായി മാറിയിരുന്ന എന്നെ യാഥാര്‍ഥ്യമെന്തെന്നു വ്യക്തമാക്കിത്തന്നു രക്ഷിച്ചത് ഗുരു നിത്യചൈതന്യയതിയാണ്. 

തന്റെ  ഗുരുവും നാരായണഗുരുവിന്റെ ശിഷ്യനും നാരായണഗുരുകുലം സ്ഥാപകനുമായ നടരാജഗുരു ഒരിക്കല്‍ യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങളുടെ ഫലത്തെപ്പറ്റി പറഞ്ഞത് എന്നോടും ഒരിക്കല്‍ നിത്യചൈതന്യയതി പറയുകയുണ്ടായി. അത് ഇത്രമാത്രമായിരുന്നു: 'ഷേവിങ് ഇഫെക്ട്'. 
എത്രത്തോളം അടുത്തടുത്ത് ഷേവുചെയ്യുന്നോ അതിന്റെ ഇരട്ടി വേഗത്തിലും ശക്തിയിലുമായിരിക്കുമല്ലോ താടിരോമങ്ങള്‍ വളരുക.
ഞാന്‍ ചുറ്റും നോക്കി. ഗുരു ഉള്‍പ്പെടെ ചുറ്റും ഇരിക്കുന്നവരെല്ലാം താടിക്കാര്‍! ലോകത്തിലേക്കും നോക്കി. ശബരിമലയിലേക്കായാലും കുരിശുമലയിലേക്കായാലും മെക്കയിലേക്കായാലും ശിവഗിരിയിലേക്കായാലും തീര്‍ഥാടകരുടെ എണ്ണം എന്റെ കൗമാരകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നതിലും പതിന്മടങ്ങ് പെരുകിയിട്ടുണ്ട്. യുക്തിവാദികളുടെയും ശാസ്ത്രവാദികളുടെയും എണ്ണമാകട്ടെ അന്നത്തേതിലും കുറവേയുള്ളു. അന്നത്തെ യുക്തിവാദികളില്‍ അനേകര്‍ ഇന്ന് ആ വഴിയിലൂടെ ഇന്നു സഞ്ചരിക്കുന്നുമില്ല.
യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതിനുപകരം നാരായണഗുരുവിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യത്യസ്തമാകുമായിരുന്നില്ലേ എന്ന ചോദ്യമാണ് നടരാജഗുരുവിന്റെ പ്രതികരണത്തോടുള്ള പ്രതികരണമായി ഇപ്പോള്‍ എന്നില്‍നിന്ന് ഉയരുന്നത്.
നടരാജഗുരു SNDP യോഗം സ്ഥാപകനായ ഡോക്ടര്‍ പല്പുവിന്റെ മകനായിരുന്നു. നാരായണഗുരുവിനോടും കേരളത്തോടും തന്റെ പിതാവ് ചെയ്തതിനെ എന്നും രൂക്ഷമായി വിമര്‍ശിച്ചിരുന്ന മകന്‍. പരിണാമസിദ്ധാന്തത്തെപ്പറ്റി നാരായണഗുരുവിനെ ബോധവത്കരിക്കാന്‍ ശ്രമിച്ചയാള്‍. അപ്പോള്‍ നാരായണഗുരു ചോദിച്ച 'പരിണാമം ജഡത്തിനോ ചൈതന്യത്തിനോ' എന്ന ചോദ്യത്തിന് ഉത്തരം തേടി ഫ്രാന്‍സിലുള്ള സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ചെന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റെടുത്തയാള്‍.
തന്റെ ദര്‍ശനം മലയാളികള്‍ മനസ്സിലാക്കണമെങ്കില്‍ സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ പറയേണ്ടി വരും എന്ന് നാരായണഗുരു അന്ന് പറഞ്ഞിരുന്നു. അതിനാല്‍ക്കൂടിയാണ്, നാരായണഗുരു നല്കിയ പണം ഉപയോഗിച്ചും നിര്‍ദേശമനുസരിച്ചും അദ്ദേഹം വിദേശത്തേക്കു പോയത്. അതിനുശേഷം നടരാജഗുരുവിന് തന്നോടൊപ്പം ചേരാന്‍ ആരെയുംതന്നെ കിട്ടാതെ ഒറ്റയ്ക്ക് നാരായണഗുരുകുലമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ദശകങ്ങള്‍ തപസ്സുചെയ്യേണ്ടിവന്നു. അതിനോടൊപ്പം നടരാജഗുരു (പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും) നാരായണഗുരുവിന്റെ ദര്‍ശനം ലോകമാകെ പ്രചരിപ്പിച്ചു. നടരാജഗുരു ആധുനികശാസ്ത്രദര്‍ശനങ്ങളും നാരായണഗുരുവിന്റെ ദര്‍ശനമാല എന്ന സംസ്‌കൃതകൃതിയിലെ സമഗ്രദര്‍ശനവും ചേര്‍ത്തുവച്ച് An Integrated Science of the Absolute എന്ന മഹദ്ഗ്രന്ഥവും നിത്യ ചൈതന്യയതി അമേരിക്കയില്‍ പഠിപ്പിക്കാനായി  Psychology of Darsanamala എന്ന പുസ്തകവും രചിച്ചു.
നാരായണഗുരു എല്ലാറ്റിനെയും ശാസ്ത്രീയമായി സമീപിച്ചിരുന്നയാള്‍ ആയിരുന്നു. ജനങ്ങള്‍ എവിടെ നില്ക്കുന്നോ അവിടേക്ക് ഇറങ്ങിച്ചെന്ന് പറയാനുള്ളത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിക്കെതിരെ എഴുതിയ 'ജാതിനിര്‍ണയം' എന്ന കൃതി സംസ്‌കൃതത്തില്‍ തുടങ്ങിയതില്‍പ്പോലും എതിര്‍കക്ഷി നില്ക്കുന്നിടത്തു ചെന്ന് അവരുടെ ഭാഷയിലും അനിഷേധ്യമായ വാദമുഖങ്ങളുപയോഗിച്ചും ഒന്നിനെയും പ്രത്യക്ഷമായി എതിര്‍ക്കാതെ കാര്യങ്ങള്‍ യുക്തിഭദ്രമായി വ്യക്തമാക്കുന്ന ശാസ്ത്രീയ സമീപനം കാണാം. അരുവിപ്പുറം പ്രതിഷ്ഠയില്‍പ്പോലും ആ ശാസ്ത്രീയസമീപനമുണ്ട്. നാരായണഗുരുവിനെ മാനസാന്തരപ്പെടുത്താന്‍ശ്രമിച്ച, യുക്തിപരതയെ ഉള്‍ക്കൊള്ളാന്‍ തയ്യാറില്ലായിരുന്ന, ക്രിസ്തീയ സുവിശേഷകരോട് തര്‍ക്കിച്ചു സമയം കളയുന്നതിനു പകരം 'ഇവരുടെ വിശ്വാസം കണ്ടു പഠിക്കുക' എന്നു തന്റെ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയാണ് നാരായണഗുരു ചെയ്തത്.
യേശുവിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനം, അയല്‍ക്കാരെയെല്ലാം സ്വസഹോദരങ്ങളായി കണ്ടറിഞ്ഞ് സ്‌നേഹിച്ച് ജീവിക്കുന്നതിന് അദ്ദേഹം കണ്ടെത്തിയ അടിസ്ഥാനം, ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പുഷ്പങ്ങളെയും നിരുപാധികം പരിപാലിക്കുന്ന വിശ്വപിതാവിലുണ്ടായിരിക്കേണ്ട വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതങ്ങളുടെ പിന്നിലും വിശ്വാസംതന്നെയായിരുന്നു.
യേശുവിന്റെ, 'ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു നീങ്ങി കടലില്‍പോയി പതിക്കുക എന്നു പറഞ്ഞാല്‍, ഹൃദയത്തില്‍ സംശയമില്ലാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചാല്‍, അയാള്‍ക്ക് അതു സാധിച്ചുകിട്ടും' എന്ന വാക്കുകളും 'കടുകുമണിയോളം വിശ്വാസ'മെന്ന പ്രയോഗവും പ്രത്യേകം ശ്രദ്ധിക്കുക. സൂക്ഷിച്ചു നോക്കിയാല്‍ അത്ഭുതരോഗശാന്തികളുടെപോലും അടിയിലുള്ള ആ വലിയ രഹസ്യം നമുക്കു കാണാന്‍ കഴിയും. കടുകുമണിയില്‍ ഒരു വന്‍വൃക്ഷംതന്നെ ബീജരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ടെന്നും വിശ്വാസമില്ലാത്തവരുടെയിടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ യേശുവിനും കഴിഞ്ഞില്ലെന്നും ഉള്ള വസ്തുതകള്‍ ഇതോടു ചേര്‍ത്തു വായിക്കണം.
വിശ്വസിക്കുക എന്ന പ്രക്രിയയോടൊപ്പം നമ്മുടെ മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന രാസ-വൈദ്യുത പ്രവര്‍ത്തനങ്ങളെപ്പറ്റി നമുക്ക് എന്തറിയാം? അവയ്ക്ക് ശരീരത്തില്‍ ആന്തരികാവയവങ്ങളില്‍ മാറ്റങ്ങളും അവയിലൂടെ രോഗശാന്തിയും ഉളവാക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാവും? രോഗശാന്തി ശുശ്രൂഷകളില്‍ ഉപയോഗിക്കുന്ന സംഗീതവും അതുളവാക്കുന്ന മായികമായ അന്തരീക്ഷവും മസ്തിഷ്‌കത്തില്‍ സൂക്ഷ്മമായി പ്രവര്‍ത്തിച്ച് രോഗശാന്തി ഉണ്ടാക്കിയേക്കാനിടയില്ലേ? അവയ്ക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനമുണ്ടാക്കിയാല്‍ ശാസ്ത്രീയമാണെന്നു സമ്മതിക്കാനാവുമോ?
കുറെ പേരില്‍ പരീക്ഷിച്ച് പ്രോബബിലിറ്റി തിയറിപ്രകാരം രോഗശാന്തി ഉളവാകുമെന്നു സ്ഥാപിച്ച് കുത്തകകമ്പനികള്‍ ഉണ്ടാക്കുന്ന ഔഷധങ്ങളെ, പാര്‍ശ്വഫലങ്ങള്‍ വേണ്ടത്ര പഠിക്കാതെ, ശാസ്ത്രീയമെന്ന് ശിപാര്‍ശചെയ്ത് അലോപ്പതിയില്‍ ഉപയോഗിക്കുന്ന ഡോക്ടര്‍മാരില്‍ എത്രപേര്‍ക്ക്, അവ രോഗമുക്തിയുണ്ടാക്കാന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്നു വിശദീകരിക്കാന്‍ കഴിയും? അവ വിശദീകരിക്കാന്‍ കഴിയാത്തിടത്തോളം അവയെയും അശാസ്ത്രീയം എന്നല്ലേ വിളിക്കേണ്ടത്? ഡോക്ടര്‍മാര്‍ വിവേകമില്ലാതെ ചൂഷണംചെയ്യുന്നതും തുറന്നുകാണിക്കേണ്ടതില്ലേ?
നാരായണഗുരു ചെയ്ത ഒരു അത്ഭുതരോഗശാന്തിയുടെ കാര്യം (ഗുരു നിത്യചൈതന്യയതി പറഞ്ഞുകേട്ടിട്ടുള്ളത്) എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരു സ്ത്രീ നാരായണഗുരുവിനോട് തന്റെ ഒരു രോഗത്തിന് മരുന്ന് ആരാഞ്ഞപ്പോള്‍ ഗുരു നിര്‍ദ്ദേശിച്ച മരുന്ന് ചെന്നിനായകം ആയിരുന്നു. മറ്റു വൈദ്യന്മാരും തന്നോട് ഇതു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും തനിക്ക് ആ മരുന്നിന്റെ കയ്പുസഹിക്കാന്‍ വയ്യെന്നും ആ സ്തീ മറുപടി പറഞ്ഞു. എന്നാല്‍ ഇരട്ടിമധുരം ആകട്ടെ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ സ്ത്രീ ഇരട്ടിമധുരം ഉപയോഗിച്ച് ആ രോഗത്തില്‍നിന്ന് മുക്തിനേടി. എന്നാല്‍ ആ സ്ത്രീയ്ക്കുണ്ടായിരുന്ന രോഗം ബാധിച്ച മറ്റു പലരും ഇരട്ടിമധുരം ഉപയോഗിച്ചു നോക്കിയെങ്കിലും ആര്‍ക്കും രോഗശമനം കിട്ടിയില്ല. ആ പ്രത്യേക രോഗിണിക്കു മാത്രം കിട്ടിയ രോഗശമനത്തിന്റെ രഹസ്യം നാരായണഗുരുവില്‍ രോഗിണിക്കുണ്ടായിരുന്ന വിശ്വാസമായിരുന്നിരിക്കാം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം മാക്രോബയോട്ടിക്‌സ് എന്ന ചൈനീസ് ആഹാരോര്‍ജ ശാസ്ത്രത്തെയും അതുപയോഗിച്ചുള്ള ചികിത്സയെയുംപറ്റി പഠിക്കേണ്ടിവന്നപ്പോള്‍, രോഗികളുടെ ആന്തരികാവയവങ്ങളുടെ അവസ്ഥയും വ്യക്തിപരമായ ശരീരഘടനയും കൂടി പഠിച്ചാണ് രോഗങ്ങള്‍ക്ക് ശാസ്ത്രീയചികിത്സ നിശ്ചയിക്കേണ്ടത് എന്ന് എനിക്കു വ്യക്തമായി. തുടര്‍ന്ന് മാക്രോബയോട്ടിക്‌സിന്റെ അടിസ്ഥാനമായ താവോദര്‍ശനത്തിന്റെ, യിന്‍-യാങ് എന്നീ ദ്വന്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള, തത്ത്വങ്ങള്‍ പഠിച്ചപ്പോള്‍ പല പ്രാചീന തത്ത്വങ്ങള്‍ക്കുമുള്ള തികച്ചും വൈരുദ്ധ്യാധിഷ്ഠിതമായ ശാസ്ത്രീയത ആധുനിക ചികിത്സാശാസ്ത്രത്തിന് അവകാശപ്പെടാനാവുമോ എന്നും രോഗികളുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ സൂക്ഷ്മമായി ഗ്രഹിക്കാന്‍ പ്രാചീനചികിത്സകര്‍ വിരലുകളുപയോഗിച്ച് നിര്‍വഹിക്കാറുണ്ടായിരുന്ന നാഡീസ്പന്ദപരിശോധനയും മര്‍മ്മബിന്ദുക്കളിലെ ഊര്‍ജസ്ഥിതി പരിശോധനയും സൂക്ഷ്മമായി നടത്താനും അവയുടെ ഭൗതിക അടിസ്ഥാനം വിശദീകരിക്കാനും ആധുനികശാസ്ത്രത്തിനു കഴിയുമോ എന്നും എനിക്കു സംശയം തോന്നിയിട്ടുണ്ട്!
ശാസ്ത്രത്തിന്റെ ശാസ്ത്രീയത അന്വേഷണാത്മകതയിലാണ് എന്ന ബോധ്യം നഷ്ടപ്പെടുത്താതെ,  അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അനുഭവാധിഷ്ഠിതവും ശാസ്ത്രീയവും ആക്കുന്നതോടൊപ്പം തത്ത്വാധിഷ്ഠിതമാക്കാനും എന്റെ സംശയങ്ങള്‍ സ്വാംശീകരിച്ച് അവയുടെ ഉത്തരങ്ങള്‍ അന്വേഷിക്കാനും ശ്രീ. രവിചന്ദ്രനും യുക്തിവാദിസുഹൃത്തുക്കളും ശ്രമിക്കണം എന്ന് ഒരപേക്ഷയുണ്ട്.
ജോസാന്റണ്‍ മൂലേച്ചാല്‍, 'അന്നധന്യത', പ്ലാശനാല്‍ 686579. 
e-mail: josantonym@gmail.com, facebook name:  Josaantany, mobile: 9447858743


3 അഭിപ്രായങ്ങൾ:

  1. ഗുരുനിത്യചൈതന്യതിയോടൊപ്പം രണ്ടുവര്‍ഷം ജീവിക്കുകയും മാക്രോബയോട്ടിക്‌സ് പ്രചാരകനായ ഡോ. ജോര്‍ജ് ഡേവിഡിനുവേണ്ടി മൂന്നു വര്‍ഷം 'അന്നധന്യത' എന്ന മാസിക നടത്തുകയും ചെയ്തിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതി അയച്ചിട്ടുള്ള മറുപടിയാണിത്.

    മറുപടിഇല്ലാതാക്കൂ
  2. Opportunities are unlimited; Welcome to The world"s first democratic social economy www.empowr.com/srees

    മറുപടിഇല്ലാതാക്കൂ
  3. The mobile number in the post is for wattsapp only. My working mobile number is 8848827644

    മറുപടിഇല്ലാതാക്കൂ