ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഭക്ഷണംതന്നെ ഔഷധം

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ ആമുഖം

യോഗാചാര്യ എന്‍. പി. ആന്റണി D. N. Y. T.


ആധുനിക മനുഷ്യന്റെ വേഷത്തിലും രൂപത്തിലും സങ്കല്പങ്ങളിലും പെരുമാറ്റത്തിലും, എന്തിനേറെ ഭക്ഷണരീതി കളിലും മാറ്റം വന്നിരിക്കുന്നു.  മനുഷ്യമനസ്സ് ഇന്ന് പരിഷ്‌കാര ങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പഴയ ഭക്ഷണ സംസ്‌കരണരീതികളോട് പുതിയതലമുറയ്ക്ക് ഇന്ന് വലിയ താത്പര്യമില്ല. മാധ്യമങ്ങളുടെ പരസ്യകരാളഹസ്തങ്ങളില്‍പ്പെട്ട് ചിലര്‍ ആ വഴിക്കു പോകുന്നു. രോഗഗ്രസ്തമായ ഒരു ഭക്ഷണരീതിയോടാണ് പുതുതലമുറയ്ക്ക് കൂടുതല്‍ അടുപ്പം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലിയായി മാറിയിരിക്കുന്നു. ഫലമോ? ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് മനുഷ്യര്‍ കഷ്ടപ്പെടുന്നു.
വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും നമ്മുടെ മുത്തശ്ശിമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ട അറിവുണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ ഓരോ വീടുകളിലും അവസരോചിതമായി ഓരോ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ശിശുക്കള്‍ക്ക്, ആരോഗ്യത്തിനാവശ്യ മായ പുഡ്ഡിങ്ങ് (കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണം) ഉണ്ടാക്കുമായിരുന്നു. പ്രകൃതിദത്തവും നല്ല രുചിയും ഔഷധഗുണവുമുള്ളതും പല രോഗങ്ങളെ മാറ്റുന്നവയുമായിരുന്നു, അവയൊക്കെ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക് ഉണ്ടാക്കി നല്‌കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും അന്നത്തെ തലമുറയ്ക്ക് നല്ല അറിവുണ്ടായിരുന്നു.
പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ അരകല്ലും അമ്മിക്കല്ലും പുരയ്ക്കകത്തുനിന്നു വലിച്ചെറിഞ്ഞ ആധുനികമനുഷ്യന്‍ കൃത്രിമമായ ഭക്ഷണക്കൂട്ടുകളുടെ രുചിയില്‍ മതിമറന്ന് രോഗങ്ങള്‍ വിലയ്ക്കുവാങ്ങി ഔഷധക്കമ്പനികളുടെ മരുന്നു വാങ്ങാന്‍ ക്യൂനില്ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഇവിടെയാണ് "Old is gold' എന്ന പഴഞ്ചൊല്ല്  അര്‍ഥവത്താകുന്നത്. നമ്മുടെ അമ്മമാര്‍ കുട്ടിക്കാലത്തു നല്കിയ രുചികരവും ആരോഗ്യകരവുമായ പുഡ്ഡിങ്ങുകളുടെ രുചി ഇന്നും പലരുടെയും നാവില്‍ നിറഞ്ഞുനില്പുണ്ടാകും. 
പണ്ട് ഗ്രാമങ്ങളില്‍ ഓരോ കാലഘട്ടത്തിലും അതാതു ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരിയായ ഔഷധജ്ഞാനത്തോടെ കുടുംബത്തിന്റെ ആരോഗ്യത്തെപ്രതി ശരിയായ ഭക്ഷണസാധനങ്ങല്‍ ഉണ്ടാക്കുവാന്‍ അന്നത്തെ അമ്മമാര്‍ക്ക് കഴിവുണ്ടായിരുന്നു. പഴയകാലത്തെ ഔഷധക്കഞ്ഞിയൊക്കെ അതിന്റെ തെളിവാണ്. അന്നത്തെ അമ്മമാര്‍ ഇന്നത്തേതുപോലെ സയന്‍സ് പഠിച്ചവരല്ല. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ അവര്‍ അറിവുള്ളവരായിരുന്നു. വിവരവും വിവേകവുമുള്ളവരായിരുന്നു. അന്നത്തെ അമ്മാര്‍ കുടുംബത്തിന്റെ ആരോഗ്യം അവരുടെ കയ്യിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ അമ്മമാര്‍ കുടുംബത്തിന്റെ ആരോഗ്യം ഡോക്ടര്‍മാരുടെ കയ്യിലാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ നിസ്സാരരോഗങ്ങള്‍ക്കുപോലും ഡോക്ടര്‍മാരുടെ അടുത്ത് ക്യൂനിന്ന് അനാവശ്യപരിശോധനകള്‍ നടത്തി ധനവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. തങ്ങള്‍ പഠിച്ച ശാസ്ത്രം ഇന്നത്തെ തലമുറയ്ക്ക് പ്രയോജനപ്രദമല്ല എന്നു കരുതി മുത്തശ്ശിമാര്‍ മാറിനില്ക്കുകയുംകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് അവരുടെ അറിവുകള്‍ സമാഹരിച്ച് ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ഞാന്‍ പ്രേരിതനായത്.
നമ്മുടെ പൂര്‍വികരുടെ ഭക്ഷണരീതിയുടെ സവിശേഷതകളും പ്രാധാന്യവും എന്തെന്നല്ലേ? പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കായ്കനികള്‍ ഇലകള്‍, പൂക്കള്‍ എന്നിവ അവസ്ഥ അനുസരിച്ചെടുത്ത് അന്നത്തെ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണം മിക്കപ്പോഴും ആരോഗ്യപ്രദമായ, രുചികരമായ നല്ല പുഡ്ഡിങ്ങുകളാ യിരുന്നു. അവ ഏതു കാലാവസ്ഥയിലും എളുപ്പത്തില്‍ ദഹിക്കുന്നവയും  കുഞ്ഞുങ്ങള്‍ക്കു മുതല്‍ വൃദ്ധര്‍ക്കുവരെ ഉപയോഗിക്കാവുന്നവയുമായിരുന്നു.
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ പ്രമേഹരോഗമുള്ളവര്‍ക്കായി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കേണ്ടതാണ്. ഉണ്ടാക്കി ആറിക്കഴിഞ്ഞാല്‍ ചെറിയ അളവില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. കൂടുതല്‍ ആളുകള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോള്‍ അതിനനുസരിച്ചു വേണ്ടത്ര സാധനങ്ങള്‍ ആനുപാതികമായ അളവില്‍ ചേര്‍ക്കേണ്ടതാണ്.
പാരമ്പര്യമായി ഉപയോഗിച്ച് അനുഭവം കണ്ടിട്ടുള്ളവയാണ് ഇതില്‍ എഴുതിയിരിക്കുന്നവയെല്ലാം. ഇതുപോലെതന്നെ അനുഭവം കണ്ടിട്ടുള്ളവ നിങ്ങള്‍ക്കും ഒരുപക്ഷേ, അറിയാമായിരിക്കും. അവയും ഇതുപോലെ  പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ആധുനിക മനുഷ്യന് ആരോഗ്യകരമായ ജീവിതശൈലിക്ക് പരമ്പരാഗതവും പ്രകൃതിദത്തവുമായ ശുദ്ധ പാചകരീതികളാണ് കൂടുതല്‍ നല്ലത്.
ഇന്നത്തെ പത്രപരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലെ ജനതയുടെ ലൈംഗിക-അനാരോഗ്യത്തെ മുതലെടുക്കുന്ന ധാരാളം പരസ്യങ്ങള്‍ കാണാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവുകുറഞ്ഞതും ശുദ്ധവും ലളിതവുമായ അനേകം വാജീകരണ പുഡ്ഡിങ്ങുകളുണ്ട്. (അവയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.)
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ ശീലിക്കുന്നതുവഴി നമ്മുടെ ആരോഗ്യം നന്നാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്. എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊള്ളുന്നു.
ഈ പുസ്തകം സൂക്ഷ്മമായി വായിച്ച് ഒരവതാരിക എഴുതി എന്നെ അനുഗ്രഹിച്ച ശ്രേഷ്ഠവൈദ്യകുടുംബ പരമ്പരയില്‍പ്പെട്ട സാത്വികനായ ഡോ. പി. കെ. അനിയന്‍ലാല്‍ B.A.M.S. ന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഡി. റ്റി. പി., ലേ-ഔട്ട് എന്നിവ ഭംഗിയായി നിര്‍വഹിച്ച പ്രിയ സുഹൃത്ത് ജോസാന്റണിക്കും നന്ദി!
കവര്‍ചിത്രം കമ്പ്യൂട്ടര്‍ സെറ്റ് ചെയ്ത സെബിമാസ്റ്റര്‍ക്കും ഇതിന്റെ പ്രസാരകരായ സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനും ഭക്ഷ്യ-ആരോഗ്യസ്വരാജിനും പ്രത്യേകം നന്ദി.

2014, ഡിസംബർ 21, ഞായറാഴ്‌ച

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ - ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിന് 

ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S. എഴുതിയ അവതാരിക:


ഭൂമിയില്‍ ഔഷധമല്ലാത്തതായി യാതൊന്നുമില്ല. താരും തളിരും പൂവും കായും മണ്ണും ജലവും വായുവും തീയും പുകയും എന്നുവേണ്ട, പക്ഷിമൃഗാദികളും മനുഷ്യന്‍ സ്വയംതന്നെയും പലപ്പോഴും ഔഷധങ്ങളാകുന്നു. പ്രപഞ്ചസൃഷ്ടി പഞ്ചമഹാഭൂതങ്ങളാലാണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യന്റെ ശാരീരികഘടകങ്ങളും മറ്റൊന്നുമല്ല. മറ്റു പ്രപഞ്ച സൃഷ്ടികളില്‍നിന്നുതന്നെ ഊര്‍ജം നേടിയാണ് പ്രകൃതിയിലെ ഏതു വസ്തുവിന്റെയും  ഉത്പാദനവും നിലനില്പും വിഘടനവും വീണ്ടുമുള്ള ഉടലെടുക്കലും. ഇങ്ങനെ ചെയ്യുന്നതിലൂടെ അനന്തമായ പരിണാമചക്രം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള രൂപമെടുത്തവയും അല്ലാത്തവയുമായ സകലതും ഒരേസമയംതന്നെ ഊര്‍ജത്തിന്റെ ഉറവിടങ്ങളും ദാതാക്കളും ഊര്‍ജ-അര്‍ഥികളുമായിരിക്കുന്നു.
മനുഷ്യശരീരത്തിന്റെ സകലവിധ ജൈവകര്‍മ്മങ്ങള്‍ക്കുമുള്ള പ്രധാന ഊര്‍ജസ്രോതസ്സ് ആഹാരമാണ്. ആഹാരം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസിക ആരോഗ്യത്തിനും നിദാനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യപൂര്‍ണമായ നിലനില്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ആഹാരവും ഉറക്കവും ചിട്ടയായ ലൈംഗികവൃത്തിയും അനിവാര്യമാണെന്നത്രെ ആയുര്‍വേദമതം. അതിനാല്‍ത്തന്നെ ഇവ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളായി (ത്രയോപസ്തംഭങ്ങള്‍) കരുതപ്പെടുന്നു.
ഔഷധങ്ങള്‍ രോഗിക്കും രോഗത്തിനും കാലാനുസൃതമായും മറ്റും പലവിധത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നവയും ബഹുവിധ ഗുണങ്ങളോടു കൂടിയവയും രോഗശമനസമര്‍ഥങ്ങളായ ഔഷധവീര്യങ്ങളാല്‍ സമ്പന്നമായതും ഉപയോഗയോജ്യവും ആകണം എന്നാണ് ആയുര്‍വേദം നിര്‍വചിച്ചിരിക്കുന്നത്.
ആഹാരത്തിലൂടെ ഔഷധമെന്നതും ആഹാരംതന്നെ ഔഷധമാകുന്നതും അഭിമതമായ ഒരു ഔഷധോപയോഗമാര്‍ഗം തന്നെ. അന്നത്തോടൊപ്പവും അല്ലാതെയും ആഹാരത്തിന് മുമ്പും പിമ്പും ആഹാരത്തിനു മധ്യത്തിലായും ഓരോ ഉരുളകള്‍ക്കൊപ്പവും ഓരോ തവണ ചവയ്ക്കുമ്പോഴും ധാന്യങ്ങളോടൊപ്പവും ഇടയ്ക്കിടയ്ക്കും രാത്രിയിലും എന്നിങ്ങനെ ഔഷധോപയോഗ കാലങ്ങള്‍ നിജപ്പെടുത്തിയിരിക്കുന്നു. ആയുര്‍വേദത്തില്‍ വിവിധ തരം ആഹാരകല്പനകളും ഔഷധകല്പനകളും ഔഷധയുക്തങ്ങ ളായ ആഹാരകല്പനകളും നിര്‍ദേശിക്കുന്നുണ്ട്. ആപൂപങ്ങള്‍ (അപ്പം), മോദകങ്ങള്‍, ക്ഷീരപാകങ്ങള്‍, ഔഷധക്കഞ്ഞിക്കൂട്ടുകള്‍, കുറുക്കുകള്‍ മുതലായ നിരവധി ആഹാരകല്പനകളിലൂടെയുള്ള ഔഷധപ്രയോഗങ്ങള്‍ വിശദമായിത്തന്നെ ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ കാണാം. ആധുനിക കാലഘട്ടത്തില്‍ ഇവയുടെ പ്രായോഗികത സംശയിക്കുന്നവര്‍ക്കുള്ള ലളിതമായ മറുപടിയാണ്  യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന ഈ കൃതി.
യോഗവിദ്യ, പ്രകൃതിജീവനശാസ്ത്രം, പ്രാണിക് ഹീലിങ്, റിഫ്‌ളക്‌സോളജി തുടങ്ങി നിരവധി വ്യവസ്ഥാപിതേതരമായ ആരോഗ്യപദ്ധതികള്‍ വിജയകരമായി പ്രയോഗിക്കാന്‍ നൈപുണ്യം നേടിയിട്ടുള്ള ശ്രീ. എന്‍. പി. ആന്റണി ഈ രംഗത്ത് ഒരു നല്ല പ്രയോക്താവും പരിശീലകനും കൂടിയാണ്. സ്‌കൂള്‍ അധ്യാപകനായ അദ്ദേഹം തന്റെ ഔദ്യോഗികചുമതലകളൊഴിഞ്ഞുള്ള സമയമത്രയും ആത്മീയവും മനുഷ്യോപകാരപ്രദവുമായ നിരവധി വിജ്ഞാന കര്‍മ്മമേഖലകളില്‍നിന്നും അറിവുകള്‍ ആര്‍ജിക്കുവാനും അവയുടെ പ്രയോഗത്തിനുമായി വിനിയോഗിക്കുന്നു. വേഷത്തിലും ജീവിതത്തിലും ലാളിത്യവും ആദര്‍ശശുദ്ധിയും അദ്ദേഹം നിഷ്‌കര്‍ഷയോടെ നിലനിര്‍ത്തുന്നു. സാമ്പത്തികമായതോ ഭൗതികമായതോ ആയ ലാഭങ്ങള്‍ പരിഗണിക്കാതെതന്നെ സ്വപ്രയത്‌നാര്‍ജിതമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാര പ്പെടുത്തുവാന്‍ അദ്ദേഹത്തിന് യാതൊരു വൈമനസ്യവുമില്ലെന്നത് എടുത്തുപറയേണ്ട ഒരു വ്യക്തിവിശേഷമാണ്. ആത്മീയ, സാമൂഹിക, ആരോഗ്യരക്ഷാരംഗത്തെ നിരവധി സമുന്നത വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുമായ അനുഭവങ്ങളും അറിവും പങ്കുവയ്ക്കാനും ആശീര്‍വാദം നേടാനുമായത് മഹാഭാഗ്യമായി ശ്രീ. എന്‍. പി. ആന്റണി അനുസ്മരിക്കാറുണ്ട്. ജനോപകാരപ്രദമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം നല്ല കവിയും സാഹിത്യകുതുകിയും കൂടിയാണ്. 
നമ്മുടെ പരിസരങ്ങളില്‍ സുലഭമായ ഔഷധങ്ങളും ഫലവര്‍ഗങ്ങളും മൂലികകളും ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായ 'കുറുക്കുകള്‍' തയ്യാറാക്കുവാനും അവയെ ആരോഗ്യ സംരക്ഷണാര്‍ഥവും രോഗാവസ്ഥകളിലും പ്രയോജനപ്പെടുത്താനും യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണി തയ്യാറാക്കിയ ഈ പുസ്തകം ആരോഗ്യ അഭ്യുദയകാംക്ഷികളായ ഓരോരുത്തര്‍ക്കും അവസരമുണ്ടാക്കട്ടെയെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട് ഈ ഗ്രന്ഥം ഞാന്‍ ആസ്വാദകസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.
സേവാസദനം,
ചിറ്റയം,
ഇഞ്ചവിള പി.ഒ.
കൊല്ലം - 691601.
ഫോണ്‍: 9447211112




2013, നവംബർ 8, വെള്ളിയാഴ്‌ച

യോഗാത്മകമായ മാക്രോബയോട്ടിക്‌സ്


ജോസാന്റൺ 

തൈത്തിരിയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം, ആനന്ദം എന്ന് ഒരു മൂല്യശ്രേണി കാണാം. സ്ഥൂലവും അതിനാല്‍ത്തന്നെ ഉപരിപ്ലവവും, ആയിക്കരുതപ്പെടുന്ന ഒന്നാണ് അന്നം എന്ന മൂല്യം. എന്നാല്‍ ഉപനിഷദ് ഋഷിമാരും സാക്ഷാല്‍ വേദവ്യാസനും 'അന്ന'ത്തെ അടിസ്ഥാനപരമായ ഒരു മൂല്യമായി കാണുന്നുണ്ടെന്നു മറ്റുപല ഉപനിഷത്തുക്കളും ഭഗവദ്ഗീതയും പരിശോധിച്ചാല്‍ കാണാം. സംശുദ്ധമായും ലളിതമായും രുചികരമായും ആഹാരം പാകം ചെയ്തു കഴിക്കേണ്ടത് എങ്ങനെയന്നത് നാരായണഗുരുവും നടരാജഗുരുവും ഗുരുനിത്യചൈതന്യയതിയും ശിഷ്യന്മാര്‍ക്കുള്ള അടിസ്ഥാനപാഠമായി കരുതിയിരുന്നു.

ആഹാരത്തെ ശാരീരികാവയവങ്ങളുടെ ഊര്‍ജ്ജസ്വഭാവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ സഹായിക്കുന്നത് യോഗാത്മകമായ ഒരു ശാസ്ത്രമാണ്. ആഹാരവും ശരീരവും അനാത്മമാകയാല്‍ ഈ ശാസ്ത്രം അവിദ്യയാണ്. എന്നാല്‍ ഈശാവാസ്യോപനിഷത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
വിദ്യാവിദ്യകള്‍ രണ്ടും
കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും

ഈ ഋഷിസൂക്തം പരിഗണിക്കുമ്പോള്‍ ആഹാരസാധനങ്ങളെയും ആന്തരികാവയവങ്ങളെയും വ്യവച്ഛേദിച്ചും പരസ്പര്യപ്പെടുത്തിയും ഗ്രഹിക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് മൃത്യവെത്തരണം ചെയ്യാന്‍ സഹായിക്കുന്ന അവിദ്യയാണെന്നു പറയണം.
മാക്രോബയോട്ടിക്‌സ് താവോദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള ആഹാരോര്‍ജശാസ്ത്രമാണ്. താവോദര്‍ശനം എല്ലാറ്റിനെയും 'യിന്‍' - 'യാങ്' എന്നു ദ്വന്ദാത്മകമായി കാണുകയും യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കിക്കൊണ്ട് സ്വാസ്ഥ്യം എങ്ങനെ കൈവരിക്കാമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന യോഗാത്മക ദര്‍ശനമാണ്. ബൈബിളില്‍ ദൈവത്തിന്റെ രാജ്യവും നീതിയും തേടുക നിനക്കുവേണ്ടതൊക്കെ ലഭ്യമായിക്കൊള്ളും എന്നു പറയുന്നുണ്ട്. ദൈവത്തിന്റെ രാജ്യവും നീതിയും സമതുലനം, സമന്വയം, സമാധാനം എന്നിവയാണു ലക്ഷ്യമാക്കുന്നത്. താവോദര്‍ശനവും അതില്‍നിന്നു ജന്മമെടുത്ത മാക്രോബയോട്ടിക്‌സും ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ശാരീരികമായ സ്വാസ്ഥ്യത്തിനു മുന്‍തൂക്കം നല്‍കുന്നതായി തോന്നിയേക്കാമെങ്കിലും അത് ആരോഗ്യത്തെ കാണുതെങ്ങനെ എന്നു പഠിക്കുമ്പോള്‍ അത് തികച്ചും യോഗാത്മകമായ ഒരു ശാസ്ത്രംതന്നെയാണ് എന്നു നമുക്കു വ്യക്തമാവും. ആരോഗ്യം എന്ത് എന്നു നിര്‍വചിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ അനാരോഗ്യം എന്ത് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് ജീവന്‍മുക്തനായ യോഗിയുടെ മാതൃത അവതരിപ്പിച്ചിട്ട് യോഗമാര്‍ഗ്ഗം പഠിപ്പിക്കുന്ന യോഗശാസ്ത്രം പോലെ തന്നെ അമൃതാവസ്ഥയിലേക്കു നയിക്കുന്ന 'വിദ്യ'യ്ക്ക് അനുപൂരകമാണെന്നു പറയണം.

മാനസികമായും ശാരീരികമായും സന്തുലിതാവസ്ഥയില്‍ കഴിയുന്നയാള്‍ എങ്ങനെയുള്ള ആളായിരിക്കും. ഏഴു ലക്ഷണങ്ങളാണ് മാക്രോബയോട്ടിക്‌സ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് - ഓരോ ദിവസവും 18 മണിക്കൂര്‍ അദ്ധ്വാനിക്കാന്‍ വേണ്ടതായ ഊര്‍ജ്ജസ്വലതയും ക്ഷീണമില്ലായ്മയും. രണ്ട് - ഈ ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടത്ര ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വിശപ്പ്. മൂന്ന് - ശരീരത്തിനും മനസ്സിനും യാതൊരു പിരിമുറുക്കവും ഇല്ലാതെ ആറു മണിക്കൂറോളം ഗാഢമായി ഉറങ്ങാന്‍ കഴിയും വിധത്തിലുള്ള വിശ്രാന്തി. നാല് - എല്ലാറ്റിനെയും നന്ദിയോടെ കാണാന്‍ സഹായിക്കുന്ന എല്ലാം നല്ലതിനു തന്നെ എന്ന മനോഭാവം. അഞ്ച് - എല്ലാറ്റിനെയും ശുഭാപ്തിവിശ്വാസത്തോടെ സ്വീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സന്തോഷം. ആറ് - എല്ലാവരെയും സഹാനുഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന സഹിഷ്ണുത. ഏഴ് - ഒരിക്കലും കോപമുണരില്ലാത്തവിധം പ്രശാന്തമായ മനസ്സ്.
ഇവയെല്ലാം ഉണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ ആ വ്യക്തിക്ക് വിദ്യയിലൂടെ അമൃതം നേടാനുള്ള ആരോഗ്യമുണ്ടെന്നര്‍ത്ഥം. ഒരാള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ ആത്മീയ സാധനയില്‍ നേരിടേണ്ടിവരുന്ന വിഘ്‌നങ്ങള്‍ ഏറെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവും എന്നു തോന്നുന്നില്ല. അതാണ്, 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന് ആചാര്യന്മാര്‍ പറയാന്‍ കാരണം.

മാക്രോബയോട്ടിക്‌സ് സമീകൃതാഹാരം

വേവിച്ച ധാന്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണ് മാക്രോബയോട്ടിക് ആഹാരക്രമം. തവിടുകളയാത്ത അരികൊണ്ടുള്ള ചോറ് ഓരോരുത്തരുടെയും ആഹാരത്തിന്റെ 50% - 60% എങ്കിലും വേണം.
ഓരോ ദിവസവും രാവിലെ ധാന്യങ്ങളും, പച്ചക്കറികളും ചെറുതായി അരിഞ്ഞ കിഴങ്ങുകളും അടങ്ങിയ സൂപ്പ് ഓരോ കപ്പ് കഴിക്കാന്‍ മാക്രോബയോട്ടിക്‌സ് ശുപാര്‍ശ ചെയ്യുന്നു. സോയാസോസോ, മിസോയോ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കണം. (പച്ചക്കറികള്‍ പത്ത്-ഇരുപതു മിനിറ്റ് വെന്തശേഷം, കഴിക്കാന്‍ നേരംമാത്രം) ഇത് ആഹാരത്തിന്റെ 5% വരെ ആകാം.
മുള്ളങ്കി, കാരറ്റ്, ബീറ്റുറൂട്ട്, കാബേജ്, സവാള, കാച്ചില്‍, ചേന, മത്തങ്ങ, ബീന്‍സ് മുതലായവ ചേര്‍ത്ത കറികള്‍ 25%-30% ഒരു ദിവസം കഴിക്കുക. വേവിക്കാത്ത പച്ചക്കറികള്‍ ആശാസ്യമല്ല.
പഴങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും അച്ചാറുകളും കുറഞ്ഞ അളവിലേ പാടുള്ളൂ. മൊത്തം 5% -ല്‍ ഏറെ ആകാതിരിക്കുന്നതാണു നന്ന്. അച്ചാറുകള്‍, മസാലകള്‍ കുറച്ചും വിനാഗിരി ഒഴിവാക്കിയും തയ്യാറേക്കണ്ടതാണ്.
കിണറ്റില്‍ നിന്നോ ഉറവയില്‍നിന്നോ കിട്ടുന്നവെള്ളം അല്പം ബാന്‍ചാ ഇട്ട് തിളപ്പിച്ചു കുടിക്കുന്നതാണ് ഏറ്റം നന്ന്. ഒരു ദിവസം, സൂപ്പ് ഉള്‍പ്പെടെ, നാലു കപ്പിലേറെ യാതൊരു പാനീയവും കഴിക്കുന്നത് നന്നല്ല.
എള്ളെണ്ണയാണ് പാചകത്തിനു ശുപാര്‍ശ ചെയ്യുന്നത്. അതും ഉപ്പും അധികമാകാന്‍ പാടില്ല. വിറകടുപ്പിലോ, മണ്ണെണ്ണ സ്റ്റൗവിലോ, ഗ്യാസടുപ്പിലോ പാകം ചെയ്യണം. ഇലക്ട്രിക് അടുപ്പുകള്‍ പാടില്ല.
മാംസം, പാല്‍, പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍ , മിഠായികള്‍ , ഐസ്‌ക്രീം, ധാന്യപ്പൊടികളും കൊഴുപ്പും ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മുതലായവ പരമാവധി ഒഴിവാക്കണം. ദോശ, ഇഡ്ഡലി മുതലായവ നല്ലതാണ്. രാത്രി കിടക്കുന്നതിനു മൂന്നുമണിക്കൂര്‍ മുമ്പേ ആഹാരം കഴിക്കുകയും, രാത്രി 11 മണിക്ക് മുമ്പേ ഉറങ്ങുകയും ചെയ്യണം.
ഇതൊക്കെയാണ് ആരോഗ്യപൂര്‍വ്വകമായ ജീവിതത്തിന് മാക്രോബയോട്ടിക്‌സ് ശിപാര്‍ശ ചെയ്യുന്നത്.

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൃത്യോര്‍മ അമൃതംഗമയ - ഒരു അലോപ്പതി ചികിത്സകന്റെ മാക്രോബയോട്ടിക് സൗഖ്യാനുഭവം.

Dr. A.S.R. BABU  D.A.M., M.B.B.S

(ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി റിട്ടയര്‍ചെയ്ത, MBBS ഉം പാസ്സായിട്ടുള്ള, ഡോ. രാജേന്ദ്രബാബു ഇപ്പോള്‍ അലോപ്പതി ചികിത്സകനായാണ് ജോലിചെയ്യുന്നത്.)


''താങ്കള്‍ ഒരു ഡോക്ടര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്'' റീജിയണല്‍ ക്യാന്‍സര്‍ സെന്റററിലെ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. ''സാര്‍ക്കോയ്‌ഡോസിസ് എന്ന രോഗത്തിന് ലോകത്തെവിടെയും സ്റ്റീറോയ്ഡ് മാത്രമാണു മരുന്ന്. ആറുമാസത്തിനകം പ്രമേഹമുണ്ടാകും. അതു സാരമില്ല; ഇന്‍സുലിന്‍കൊണ്ടു നിയന്ത്രിക്കാവുന്നതേയുള്ളു.'' ഒരു ഡോക്ടര്‍ കൂടിയായ രോഗിക്ക് മറ്റൊരു ഡോക്ടര്‍ നല്‍കിയ സാന്ത്വനം!
ഞാന്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിയിറങ്ങിയത് ഒരുറച്ച തീരുമാനത്തോടെയാണ്. ഒരു പനിയില്‍ തുടങ്ങി മൂന്നുമാസം ക്ഷയരോഗചികിത്സ നടത്തി മൃതപ്രായനായി ക്യാന്‍സര്‍ സെന്ററില്‍ എത്തിയ എനിക്ക് പ്രമേഹവും ഹൃദ്രോഗവും മരണപര്യന്തം കഷ്ടപ്പാടുകളും വരുത്തിവയ്ക്കുന്ന സ്റ്റീറോയ്ഡു മരുന്നു വേണ്ട. 1995-ലായിരുന്നു ഈ സംഭവം.

പനിയും ചുമയുമായി ചികിത്സക്കെത്തിയ എന്റെ രോഗം നിര്‍ണ്ണയിച്ചത് ചിരകാല സുഹൃത്തുക്കളായിരുന്ന ഒരു ഫിസിഷ്യനും സര്‍ജനും കൂട്ടായി ചര്‍ച്ച ചെയ്തായിരുന്നു. പനി, ചുമ, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍വച്ച് 'ക്ഷയം' (Tuberculosis) എന്ന് ഫിസിഷ്യന്‍ വിധിയെഴുതി. ഔഷധങ്ങള്‍ ആരംഭിക്കുംമുമ്പ് രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനായി സര്‍ജന്‍ 'ബയോപ്‌സി' പരിശോധിച്ചു. രോഗം 'സാര്‍ക്കോയ്‌ഡോസിസ്' ആണെന്നായിരുന്നു സര്‍ജന്റെ നിഗമനം. ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണത്. തന്മൂലം ക്ഷയം എന്ന രോഗത്തിനു ചികിത്സ തുടങ്ങി. മൂന്നുമാസം, മുന്നൂറു വര്‍ഷംപോലെ ഇഴഞ്ഞുനീങ്ങി. എന്റെ ഗതി കൂടുതല്‍ വഷളായി. രോഗനിര്‍ണ്ണയം പിഴച്ചുവോ? എന്റെ ചികിത്സകര്‍ക്കു സംശയമായി. ഞാനൊരു ഡോക്ടറായതിനാലാവാം മറ്റൊരു പരീക്ഷണത്തിനുകൂടി ഞാന്‍ തയ്യാറായില്ല. എന്നെ ക്യാന്‍സര്‍ സെന്ററിലേയ്ക്കു റഫര്‍ ചെയ്തു.

മൂന്നുമാസത്തെ ക്ഷയരോഗ ചികിത്സമൂലം എന്റെ തുടക്കം 21 കിലോഗ്രാം കുറഞ്ഞു. വിശപ്പുകെട്ടു. നാവിനു കനം കൂടി, രുചിയില്ലാതായി, മലം പോകാതായി, കുടുകള്‍ ചലനമറ്റു. ആട്ടിന്‍സൂപ്പു കഴിച്ചിരുന്ന എനിക്ക് കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലുമാവുന്നില്ല. സന്ധികളില്‍ നീര്, ശരീരം ഇടിച്ചുനുറുങ്ങുന്ന വേദന, മരണം എന്റെ മുന്നില്‍ നൃത്തംവെയ്ക്കുകയാണ്.

സ്റ്റീറോയ്ഡ് കഴിക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ചത് അതുമൂലമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ക്കൂടി കഷ്ടപ്പെടുത്താതെ മരിക്കട്ടെ എന്നു കരുതിയാണ്. എന്നാല്‍ ഇനി എന്ത്? എന്ന ചോദ്യം അവശേഷിച്ചു. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ ചെയ്യുന്ന ഒന്നുണ്ട് 'പ്രകൃതിചികിത്സ' എന്റെ രോഗം ഭേദമാക്കാമെന്ന് ഒരു പ്രകൃതിചികിത്സകന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറയുംപോലെ ചെയ്യണം. ഒരു വൈദ്യശാസ്ത്രവും പഠിച്ചിട്ടില്ലാത്ത അദ്ദേഹം ഈ രോഗത്തെപ്പറ്റി കേട്ടിട്ടില്ല. ഇത്തരം ഒരു രോഗിയെ ചികിത്സിച്ചിട്ടില്ല. പക്ഷേ ഉറപ്പുണ്ട്. രോഗം ഭേദമാകും! ചില പച്ചമരുന്നുകള്‍ , പച്ചക്കറികള്‍ , പഴങ്ങള്‍, പാകം ചെയ്യാത്ത ഭക്ഷണം, അരി ആഹാരം ഉപേക്ഷിച്ചു. മത്സ്യം, മാംസം, മുട്ട, പഞ്ചസാര, ചുവന്നമുളക് എന്നിങ്ങനെ വിലക്കപ്പെട്ടവയുടെ നീണ്ട ലിസ്റ്റ്. ക്യാന്‍സര്‍ സെന്ററിലെ പരിശോധനകള്‍ തുടര്‍ന്നു. മൂന്നുമാസത്തെ ചികിത്സ പൂര്‍ത്തിയായപ്പോള്‍ പരിശോധനാഫലം ആശാവഹമായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ , മുമ്പ് ശരീരാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്ന എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമായതായി കണ്ടു. പക്ഷേ മലം പോകണമെങ്കില്‍ എനിമ കൂടിയേ കഴിയൂ. ശരീരം കൂടുതല്‍ മെലിഞ്ഞു തണുപ്പ് അസഹനീയമായി; തോല്‍ ചുക്കിച്ചുളിഞ്ഞു; ചെറിയ കുരുക്കള്‍പോലും രക്തസ്രാവമുണ്ടാക്കി. ആരോഗ്യം ക്ഷയിക്കുകയാണ്.

ആയിടയ്ക്ക് കോട്ടയത്തു നടന്ന സസ്യാഹാരസമ്മേളനത്തില്‍ മാക്രോബയോട്ടിക്‌സ് ചികിത്സകനായ ഡോ. ജോര്‍ജ് ഡേവിഡിനെ പരിചയപ്പെട്ടു. ആഹാരത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള സംവാദം. മനുഷ്യന്റെ മുഖ്യ ആഹാരം (Staple food) ധാന്യങ്ങളായിരിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ആഹാരത്തിലെ അറിയപ്പെടുന്ന പോഷകങ്ങള്‍ക്കുപരി അതുള്‍ക്കൊള്ളുന്ന അനന്തമായ ഊര്‍ജ്ജത്തിനു ശരീരത്തില്‍ ഉണ്ടാക്കാനാവാത്ത ഒരു മാറ്റവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എന്റെ അപ്പോഴത്തെ ഭക്ഷണക്രമത്തിലെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനുശേഷം ഞാന്‍ ധാന്യാഹാരം കഴിക്കുവാന്‍ ആരംഭിച്ചു. ക്രമേണ പഴങ്ങള്‍ , പച്ചക്കറികള്‍ ,  പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ , മത്സ്യമാംസങ്ങള്‍ എന്നുവേണ്ട എന്തും ആഹരിക്കുന്നതിനുള്ള ആരോഗ്യം എനിക്കു തിരിച്ചു കിട്ടി. തൂക്കവും തടിയും വര്‍ദ്ധിച്ചു. ഇന്നു ഞാന്‍ പൂര്‍ണ്ണാരോഗ്യവാനാണ്.

എനിക്കു ക്ഷയരോഗ ചികിത്സ നല്‍കിയ ഫിസിഷ്യനും സ്റ്റീറോയ്ഡ് നിര്‍ദ്ദേശിച്ച ക്യാന്‍സര്‍ രോഗവിദഗ്ധനും ഒന്നുമറിയാതെ ചികിത്സിച്ച പ്രകൃതിചികിത്സകനും കാണാതിരുന്ന എന്തോ ഒന്ന് മാക്രോബയോട്ടിക്‌സിലൂടെ ഡോ. ജോര്‍ജ് ഡേവിഡ് കണ്ടെത്തി. സമീകൃതമായ ആഹാരം നിയമേന കഴിച്ചപ്പോള്‍ അത് രോഗത്തിന് ഔഷധമായി മാറി. ആരോഗ്യം തിരിച്ചുകിട്ടി. 12 വര്‍ഷം വൈദ്യശാസ്ത്രം പഠിച്ച എനിക്ക് ഏറ്റവും ഗുണകരമായി മാറിയ പാഠം എനിക്കുണ്ടായ രോഗം തന്നെയാണ്. ആഹാരത്തെ (അന്നം ബ്രഹ്മേതി വ്യജാനാദ്) ബ്രഹ്മമെന്നറിയുവാന്‍ ഉപദേശിക്കുന്ന ഉപനിഷദ് ഋഷിയുടെയും ആഹാരം പരമൗഷധമാണെന്നു പ്രഖ്യാപിച്ച ആധുനിക വൈദ്യശാസ്ത്രപിതാവ് ഹിപ്പോക്രാറ്റസിന്റെയും ദര്‍ശനം അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. രോഗനിര്‍ണ്ണയം എന്നത് ഒരു മിഥ്യയാണെന്നും രോഗങ്ങള്‍ക്കു പേര് അനിവാര്യമല്ലെന്നും ആഹാരത്തില്‍നിന്നുണ്ടായി, അതിനാല്‍ പരിപുഷ്ടമായി, പരിപാലിക്കപ്പെട്ടുപോരുന്ന ശരീരത്തില്‍ ആഹാരം അമൃതിനു തുല്യമായി പ്രവര്‍ത്തിക്കുമെന്നും എനിക്കുറപ്പായി. ആഹാരം ഔഷധവും ആരോഗ്യദായകവുമാക്കുന്നത് ചികിത്സകന്റെ സാമര്‍ത്ഥ്യമാണ്. ആഹാരത്തെ തൃണവത്ഗണിച്ചുകൊണ്ട് ഇന്നുനടക്കുന്ന ചികിത്സാവ്യവസായം രോഗികളെ ആരോഗ്യത്തിലേക്കു നയിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്.

കാലം, ദേശം, പ്രായം, ലിംഗം, പ്രകൃതി, ശരീരബലം, അതിബലം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം ആഹാരവും ഔഷധവും സമന്വയിപ്പിച്ചു രോഗത്തെ ആരോഗ്യമാക്കി മാറ്റുവാന്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും ഗര്‍ഭിണിയും മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്ത്രീപുരുഷന്മാര്‍ക്കും വയോവൃദ്ധര്‍ക്കുമെല്ലാം അവരവര്‍ക്കിണങ്ങുന്ന പ്രത്യേക ഭക്ഷണം തെരഞ്ഞെടുത്തു നല്‍കണം. നവജാതശിശുക്കളില്‍ മാറാരോഗവും കുഞ്ഞുങ്ങളില്‍ അകാലയൗവനവും സ്ത്രീപുരുഷന്മാര്‍ക്ക് ലൈംഗികബലഹീനതയും വന്ധ്യതയും വൃദ്ധര്‍ക്ക് അജ്ഞാത രോഗങ്ങളും വരുത്തിവയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. ഓരോ ജനവിഭാഗങ്ങള്‍ക്കും പാരമ്പര്യമായുണ്ടായിരുന്ന ആഹാരശീലങ്ങള്‍ ഉപഭോഗസംസ്‌കാരത്തിനു വഴിമാറിയതാണ് അടുത്തകാലത്ത് മനുഷ്യരാശിക്കേറ്റ ഏറ്റവും കനത്ത പ്രഹരം.

എന്റെ രോഗചികിത്സയിലൂടെ പ്രകൃതിയുടെ പേരില്‍ അറിയപ്പെടുന്ന ചികിത്സ 'പ്രകൃതി'യില്‍ നിന്നും ഏറെ വിദൂരതയിലാണെന്നും ഞാന്‍ പഠിച്ചു. ആദ്യത്തെ മൂന്നുമാസംകൊണ്ട് ശരീരത്തിലെ എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമാക്കിയ ആഹാരൗഷധങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണാരോഗ്യത്തിലേക്കു നയിക്കാനായില്ല. പാകം ചെയ്യാത്ത ആഹാരൗഷധങ്ങള്‍ ശരീരത്തിലെ മുഴകളെയും രക്തക്കുഴലുകളിലെ തടസ്സങ്ങളെയും അലിയിച്ചുകളയും. പക്ഷേ എത്രനാള്‍ അത് തുടരണം, എപ്പോള്‍ , എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മദൃക്കായ ചികിത്സകന്‍ തീരുമാനിക്കണം. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്റെ പ്രകൃതിചികിത്സകനായില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ പ്രകൃതിയിലെ ചാക്രികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ആഹാരവിഹാരങ്ങളും മാറ്റേണ്ടതുണ്ട്. അതാണ് മാക്രോബയോട്ടിക്‌സ് രീതി രോഗികളെ പൂര്‍ണ്ണ ആരോഗ്യത്തിലേക്കു നയിക്കുന്നതിന്റെ രഹസ്യം. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ആരോഗ്യകരമായ ആഹാരശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. മാക്രോബയോട്ടിക് ആഹാരക്രമം ആയതിലേക്കുള്ള ഉദാത്തമായ ഒരു വഴി തുറക്കുമെന്നാശിക്കാം.

NB
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി, ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ്  വര്‍ഷങ്ങളോളം പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും II

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

കഴുത്തിലും തലയിലും കൂടിയുള്ള സര്‍ക്യൂട്ടിലെ രക്തപ്രവാഹം കൂടുമ്പോഴാണ് സ്‌ട്രോക്കുണ്ടാകുന്നത്. ശാന്തമായ അവസ്ഥയില്‍ ഇതൊരു പ്രശ്‌നമല്ല. എന്നാല്‍ പെട്ടെന്നു രക്തപ്രവാഹം വര്‍ദ്ധിക്കാനിടയായാല്‍ രക്തക്കുഴലുകള്‍ പൊട്ടി തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടാകും. ആര്‍ട്ടീരിയോസ് ക്ലിറോസിസിലെപ്പോലെ രക്തക്കുഴലുകളില്‍ രക്തം കെട്ടിനില്ക്കാനിടയാക്കുന്ന സെറിബ്രല്‍ ത്രേംബോസിസ് മറ്റൊരു തരം സ്‌ട്രോക്കാണ്. രക്തക്കുഴലുകളുടെ ഇലാസ്തികത കുറയാനോ കൊഴുപ്പ് അടിഞ്ഞുകൂടാനോ ഇടയാക്കുന്ന ആഹാരസാധനങ്ങള്‍ ഒഴിവാക്കിക്കൊണ്ടേ ഈ അവസ്ഥയില്‍നിന്നു രക്ഷനേടാവു. പൂരിതകൊഴുപ്പുകള്‍ , മാംസം, മുട്ട, ക്ഷീരോല്പന്നങ്ങള്‍ മുതലായവയും പഞ്ചസാരയും പഴങ്ങളും ഒഴിവാക്കേണ്ടതാണ്. കടല്‍സസ്യങ്ങളും കട്ടിയുള്ള ഇലകളുള്ള പച്ചക്കറികളും രക്തക്കുഴലുകളുടെ സ്വാഭാവികമായ ശക്തിയും അയവും (strength and flexibility) വീണ്ടെടുക്കാന്‍ സഹായകമാണ്. നമ്മുടെ നാട്ടില്‍ , പരിമിതമായ അളവില്‍ മാത്രം, ശുദ്ധീകരിക്കാത്ത എള്ളെണ്ണ ഉപയോഗിക്കാം. ധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കൊളസ്റ്ററോളും ഒഴിവാക്കാന്‍ മാക്രോബയോട്ടിക്‌സ് നിര്‍ദ്ദേശിക്കുന്ന ഊര്‍ജസന്തുലിതമായ ആഹാരരീതി തന്നെയാണ് ഏറ്റം ശാസ്ത്രീയമായ മാര്‍ഗ്ഗം.

d) യാങ്ങ് രോഗാവസ്ഥകള്‍ (Yang conditions)
ഹൃദയ പേശികളോ ധമനികളോ ചുരുങ്ങുന്ന രോഗാവസ്ഥകളെയാണ് മാക്രോബയോട്ടിക്‌സില്‍ യാങ്ങ് രോഗാവസ്ഥകളെന്നു പറയുന്നത്. വികസിപ്പിക്കുന്ന ഊര്‍ജമുള്ള (yin) ആഹാരസാധനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന വിധത്തിലുള്ള മാക്രോബയോട്ടിക് ആഹാരക്രമമാണ് രോഗശമനത്തിനായി ഉപയോഗിക്കേണ്ടത്. രോഗിയുടെ ശരീരഘടന കൂടി കണക്കിലെടുത്താണ് അതു നിശ്ചയിക്കുക. അതും ചുരുക്കുന്നത് (yang) ആണെങ്കില്‍ ആഹാരസാധനങ്ങള്‍ വളരെക്കുറച്ചേ വേവിക്കാവൂ. കട്ടിയുള്ള ഇലകളുള്ള പച്ചക്കറികള്‍, മുള്ളങ്കി, ഇഞ്ചി മുതലായവ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ചുറ്റുമുള്ള കൊഴുപ്പുകളെ അലിയിച്ചുകളയാന്‍ സഹായകമായ ആഹാരസാധനങ്ങളില്‍പ്പെടുന്നു. കായ്കനികളും പച്ചിലകളും ഒക്കെ വികസിപ്പിക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങളാണ്.

e) യിന്‍ രോഗാവസ്ഥകള്‍ (Yin conditions)
ഹൃദയപേശികളോ ധമനികളോ വികസിക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ മാംസം, ക്ഷീരോല്പന്നങ്ങള്‍ പൊടിച്ച ധാന്യങ്ങള്‍ മുതലായവ വര്‍ജിക്കണം. ചുരുക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതല്‍ സമയം പാകം ചെയ്തു കഴിക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചുരുങ്ങുന്ന ഊര്‍ജമാണു കൂടുതലുള്ളത്. കാരറ്റ്, ബീറ്റ്‌റൂട്ട് മുതലായവയ്ക്കു പ്രാമുഖ്യം നല്‍കണമെന്നര്‍ത്ഥം. അവ ഉപയോഗിച്ചുള്ള സൂപ്പും സോയാസോസോ മീസോയോ ചേര്‍ത്ത് കഴിക്കേണ്ടതാണ്. എണ്ണ വളരെ കുറയ്ക്കണം. ഉപയോഗിക്കുന്ന എണ്ണ എള്ളെണ്ണയായിരിക്കണം. ഈ രോഗാവസ്ഥയിലും ശരീരഘടന കൂടി കണക്കിലെടുത്തേ കൃത്യമായ ആഹാരക്രമം നിശ്ചയിക്കാനാവൂ.

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും.

സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

2.

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

ഡോ. ജോര്‍ജ് ഡേവിഡ് MST (Canada)

a) രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍

അമിതമായ അളവില്‍ പാനീയങ്ങളും വികസിപ്പിക്കുന്ന സ്വഭാവമുള്ള (yin) പഴങ്ങള്‍പോലുള്ള ആഹാരസാധനങ്ങളും കഴിച്ചാല്‍ ഹൃദയത്തിന്റെ ചില പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വൃക്കകളുടെ ഊര്‍ജം അസന്തുലിതമാകും. ഈ അവസ്ഥയില്‍ രക്തചംക്രമണം നോര്‍മലാക്കാന്‍പോലും ഹൃദയത്തിനു കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. അതിന്റെ ഫലമായാണ് രക്താതിസമ്മര്‍ദ്ദം (hypertension) ഉണ്ടാകുന്നത്. ഈ അവസ്ഥയിലും വികസിപ്പിക്കുന്ന സ്വഭാവമുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി കഴിയുന്നതു തുടര്‍ന്നാല്‍ ഹൃദയത്തിന്റെ ചുരുങ്ങാനുള്ള ശേഷി തീരെയില്ലാതെയാവും. അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം അപകടകരമായി താഴ്ന്നുപോകുന്നതാണ് രക്തസമ്മര്‍ദ്ദക്കുറവ് (hypotension).
രക്താതിസമ്മര്‍ദ്ദത്തെക്കാള്‍ രക്തസമ്മര്‍ദ്ദക്കുറവാണ് കൂടുതല്‍ അപകടകരം. രക്താതിസമ്മര്‍ദ്ദം ആഹാരക്രമത്തില്‍ അനുയോജ്യമായ മാറ്റം വരുത്തിയാല്‍ ഒരു മാസത്തിനകം സുഖപ്പെടുത്താനാവും. രക്തസമ്മര്‍ദ്ദക്കുറവാകട്ടെ, കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയായതിനാല്‍ ഭേദമാക്കാന്‍ കൂടുതല്‍ കാലമെടുക്കും. രോഗിയുടെ ശരീരഘടനകൂടി പരിഗണിച്ചശേഷം ചുരുക്കുന്ന ഊര്‍ജമുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ആ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നവിധത്തില്‍ പാകം ചെയ്തുകഴിക്കുന്നതാണ് രക്തസമ്മര്‍ദ്ദവ്യതിയാനങ്ങള്‍ക്കുള്ള ചികിത്സയെന്ന് പൊതുവേ പറയാം.

b) ആര്‍ട്ടീരിയോസ്‌ക്ലീറോസിസ് (Arteriosclerosis)

ഇത് ഹൃദയധമനികളുടെ (arteries) ഉള്‍ഭാഗത്തു തടസ്സമുണ്ടാവുകയും അവയുടെ സ്വാഭാവികമായ ഇലാസ്തികത (elasticity) നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് കൊളസ്റ്ററോളും (cholesterol) കൊഴുപ്പും (fats) അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. മാംസം, പൂരിതകൊഴുപ്പുകള്‍, മുട്ട, പാല്‍, ക്ഷീരോല്‍പന്നങ്ങള്‍ മുതലായവ അമിതമായും തുടര്‍ച്ചയായും കഴിക്കുന്നതിന്റെ ഫലമാണിത്. ഈ അവസ്ഥ രൂക്ഷമാകുമ്പോള്‍ ആര്‍ട്ടറികളിലെ കുഴല്‍ഭാഗം സാവധാനം ഇടുങ്ങുകയും ഒടുവില്‍ അടഞ്ഞുപോവുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സമാണ് മിക്കപ്പോഴും ഹൃദയാഘാതം (heart attack) ഉണ്ടാക്കാറുള്ളത്.

നാളെ 
c) സ്‌ട്രോക്ക് (Cerebral Hemorrhage or Thrombosis)

NB
1.
ഏതു രോഗാവസ്ഥയിലും തവിടുകളയാത്ത അരിയുടെ ചോറായിരിക്കണം മുഖ്യാഹാരത്തിന്റെ 50-60%. ഇത് സന്തുലിതോര്‍ജ്ജമുള്ളതായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ , രോഗമില്ലാത്ത അവസ്ഥയിലും, ഏറ്റവും അനുയോജ്യമാണ്. ആഹാരമെല്ലാം വേവിച്ചതായിരിക്കുന്നതാണ് നന്ന്. 25% പച്ചക്കറികളും 10%ല്‍ കൂടാത്ത അളവില്‍ പയര്‍വര്‍ഗ്ഗങ്ങളും പഴങ്ങളും ഒക്കെയടങ്ങിയ മാക്രോബയോട്ടിക് സമീകൃതാഹാരം ജീവിതം കൂടുതല്‍ ചിട്ടയും സ്വരലയവും ഉള്ളതായി മാറാന്‍ സഹായകമാണ്. ഹൃദയമിടിപ്പിലെ താളപ്പിഴകളില്ലാതാകാനും കൊളസ്റ്ററോള്‍ നില ക്രമീകൃതമാകാനും ഇങ്ങനെയുള്ള ഒരാഹാരക്രമം സ്വീകരിച്ചാല്‍ മതിയാവും. ഹാര്‍ട്ടറ്റായ്ക്കും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെയുള്ള ആഹാരക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് തീരെ കുറവായിരിക്കും. സാമൂഹ്യബോധമുള്ള, സ്വാര്‍ത്ഥചിന്ത കുറവുള്ള വ്യക്തികളെ വാര്‍ത്തെടുക്കാനും കുടുംബസമാധാനവും സാമൂഹ്യനീതിയുമുളവാക്കാനും ഊര്‍ജസന്തുലിതമായ മാക്രോബയോട്ടിക് ആഹാരക്രമം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് വളരെ പ്രയോജനം ചെയ്യും.
2.
പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്. 


2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഹൃദ്‌രോഗങ്ങള്‍

(അന്നധന്യത മാസികയുടെ 2007 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒന്നാം വാര്‍ഷികപ്പതിപ്പില്‍നിന്ന്)
ഡോ. ജോര്‍ജ് ഡേവിഡ് എം എസ് ടി (കാനഡാ)

ഹൃദയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു അവയവമാണ്. അതിനാല്‍ത്തന്നെ ഹൃദ്‌രോഗങ്ങള്‍ രണ്ടുവിധത്തിലുണ്ട് എന്നു മനസ്സിലാക്കണം. ഹൃദയം തന്നെയോ രക്തക്കുഴലുകളോ അമിതമായി ചുരുങ്ങുന്നതുമൂലമുള്ളവയും (yang condition) അമിതമായി വികസിക്കുന്നതുമൂലമുള്ളവയും (yin condition). 

ഇവ വിരുദ്ധസ്വഭാവമുള്ളവയായതിനാല്‍ ഇവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ആഹാരോര്‍ജ്ജം വ്യത്യസ്തമായിരിക്കും. ഏതു ഹൃദ്‌രോഗത്തിനും പഴങ്ങളും പാകം ചെയ്യാത്ത ആഹാരസാധനങ്ങളുംമാത്രം കഴിച്ചാല്‍ ശമനമുണ്ടാകും എന്ന വിധത്തിലുള്ള ചിലരുടെ നിര്‍ദ്ദേശങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് ആദ്യമേതന്നെ പറയട്ടെ.
ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങളും അവയ്ക്കാവശ്യകമായ ഊര്‍ജങ്ങളുടെ അസന്തുലിതാവസ്ഥ എങ്ങനെയുള്ളതാണെന്നു സൂക്ഷ്മമായി പഠിച്ചശേഷം ആഹാരോര്‍ജം ഉപയോഗിച്ചു ചികിത്സിക്കാവുന്നതാണ്.

ഹൃദ്‌രോഗങ്ങളില്‍ വലിയൊരു ശതമാനം രക്തചംക്രമണവ്യവസ്ഥയിലുള്ള ഏഴു ഘടകങ്ങളില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. ആ ഏഴു ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഹൃദയത്തിനുള്ളിലുള്ള സര്‍ക്യൂട്ട് (coronary circuit)
2. തോളിലും കൈകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through upper extremites)
3. കഴുത്തിലും തലയിലുംകൂടിയുള്ള സര്‍ക്യൂട്ട്. (circuit through neck and head)
4. നെഞ്ചുഭാഗത്തെ ശ്വാസകോശങ്ങളില്‍ കൂടിയുള്ള സര്‍ക്യൂട്ട്. (circuit through thorax lungs)
6. വൃക്കകളിലൂടെയുള്ള സര്‍ക്യൂട്ട്. (renal circuit)
7. ഗുഹ്യഭാഗത്തും കാലുകളിലും കൂടിയുള്ള സര്‍ക്യൂട്ട്. (circuit through pelvis and lower extremities)

നാളെ: ഹൃദ്‌രോഗങ്ങളും ആഹാരക്രമവും

പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ച് കാനഡയില്‍ നിന്ന് കേരളത്തിലെത്തി വര്‍ഷങ്ങളോളം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാക്രോബയോട്ടിക്‌സ് പ്രചരിപ്പിച്ച ഡോ. ജോര്‍ജ് ഡേവിഡ് ഇപ്പോള്‍ കേരളത്തിലുണ്ട്. മാക്രോബയോട്ടിക്‌സിനെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക. 9447230159. അത്യാവശ്യക്കാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിത്തരുന്നതാണ്