ആകെ പേജ്‌കാഴ്‌ചകള്‍

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അലോപ്പതിയില്‍ നിന്നുള്ള മോചനം - രോഗങ്ങളില്‍ നിന്നും I

സെബാസ്റ്റ്യന്‍ വട്ടമറ്റം 9495897122



അലോപ്പതി ചികിത്സാസമ്പ്രദായം പരക്കെ അറിയപ്പെടുന്നത് ആധുനിക വൈദ്യശാസ്ത്രം എന്നാണ്. എന്നാലതല്ല ഏറ്റവും ആധുനികമായ ചികിത്സാവിധി. അതിലേറെ ആധുനികമായ ഹോമിയോപ്പതി കണ്ടുപിടിച്ച സാമുവല്‍ ഹാനിമാനാണ് അതിന് അലോപ്പതി എന്നു പേരിട്ടത്. എങ്കിലും ആധുനികം എന്ന് അലോപ്പതിയെ വിശേഷിപ്പിക്കുന്നതില്‍ ന്യായമില്ലാതില്ല. പാശ്ചാത്യ ആധുനികതയെ പിന്‍പറ്റിയാണല്ലോ അതു നമ്മുടെ നാട്ടിലുമെത്തിയത്. അതിന്റെ പ്രചാരകര്‍ നമ്മുടെ പരമ്പരാഗത ചികിത്സാരീതികളെ ആട്ടിയകറ്റുകയും ചെയ്തു.  
          ആധുനിക കൃഷിരീതികള്‍ അതിന്റെ രാസവളവും കീഡനാശിനികളും കൊണ്ട് നമ്മുടെ മണ്ണിന്റെ ആരോഗ്യം നശിപ്പിച്ചതിനെക്കുറിച്ച്  നമുക്കിന്ന് കുറേയെല്ലാം ധാരണയുണ്ട്. എന്നാല്‍ അലോപ്പതിയെന്ന  ആധുനിക ചികിത്സാരീതി അതിന്റെ രാസമരുന്നുകള്‍കൊണ്ട് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം വികൃതമാക്കിയിരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കിന്നും കാര്യമായ അറിവില്ല.   
          മുപ്പതുകൊല്ലം നീണ്ടുനിന്ന അലോപ്പതി ചികിത്സ എന്നെ എവിടെക്കൊണ്ടെത്തിച്ചെന്നും അതില്‍ നിന്നു ഞാനെങ്ങനെ മോചിതനായി എന്നുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.
          1985-ല്‍ അലോപ്പതിച്ചികിത്സകനായ ഒരു ഡോക്ടര്‍ കണ്ടെത്തി ഞാന്‍ പ്രമേഹരോഗിയാണെന്ന്. ദീര്‍ഘകാലത്തെ ഗുളികസേവയ്ക്കും ഇന്‍സുലിന്‍ പ്രയോഗത്തിനുമിടയിലും പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൈപ്പോതൈറോയിഡിസം എന്നീ രോഗങ്ങള്‍കൂടി എന്നെ ബാധിച്ചു. ബാധയൊഴിക്കലിന്റെ മുപ്പതാമാണ്ടില്‍ എനിക്ക് ആ ചികിത്സാസമ്പ്രദായത്തിലുള്ള വിശ്വാസം പാടേ ഇല്ലാതായി. 2014 ഏപ്രില്‍ 25-ന്, തലേന്നുവരെ കഴിച്ചിരുന്ന പതിമൂന്നിനം ഗുളികകളും  എടുത്തിരുന്ന 60 യൂണിറ്റ് ഇന്‍സുലിനും അപ്പാടെ നിര്‍ത്തലാക്കി. അങ്ങനെ ഞാന്‍ അലോപ്പതിയില്‍ നിന്ന് മോചനം നേടി. ഇന്നിപ്പോള്‍ മേല്‍പ്പറഞ്ഞ രോഗങ്ങളില്‍നിന്നുകൂടി മോചിതനായിക്കൊണ്ടിരിക്കുന്നു.

അലോപ്പതിച്ചികിത്സയുടെ അവസാനഘട്ടം
          2013 സെപ്റ്റംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെ ഏഴു മാസക്കാലത്താണ് അലോപ്പതിയിലെനിക്കുണ്ടായിരുന്ന വിശ്വാസത്തിനു കാര്യമായ ഇടിവു തട്ടിയത്. ഇതിന്റെ തുടക്കത്തില്‍ പനിയും കഫക്കെട്ടുമൊക്കെയായി  ഞാന്‍ കോട്ടയത്ത് എസ്. എച്ച്. മെഡിക്കല്‍ സെന്ററില്‍ അഞ്ചു ദിവസം കിടന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍  ഏന്നീ രോഗങ്ങളാണ് അന്ന് എന്നെ അലട്ടിയിരുന്നത്. എന്റെ ഓര്‍മ്മശക്തി കുറയുന്നതായി അനുഭവപ്പെട്ടപ്പോള്‍ അതിന്റെ കാരണവും ഡോക്ടര്‍ കണ്ടെത്തി - ഹൈപ്പോതൈറോയ്ഡിസം. അങ്ങനെ ഒരു പുതിയ പിശാചുബാധകൂടി! ജീവപര്യന്തം  തൈറോനോം എന്ന ഗുളികസേവയ്ക്കുകൂടി ഞാന്‍ വിധിക്കപ്പെട്ടു. ഈ ഏഴുമാസക്കാലത്ത് ആകെ 19 തരം ഗുളികകളും പ്രതിദിനം 45 മുതല്‍ 64 വരെ യൂണിറ്റ് ഇന്‍സുലിനുമാണ് ഞാനകത്തേക്കു കടത്തിവിട്ടുകൊണ്ടിരുന്നത്. ആ ഗുളികകളിലൊന്ന് എപ്പിലെപ്‌സിക്കുള്ളതായിരുന്നെന്ന് ഇന്നു ഞാന്‍ അതിശയത്തോടെ മനസ്സിലാക്കുന്നു.  
          രാത്രികാലങ്ങളില്‍ പലപ്പോഴും വിയര്‍ത്ത് ഞെട്ടിയുണരുകയും ഷുഗര്‍ താണിട്ടാണെന്നറിഞ്ഞ് മധുരം കഴിച്ചു രക്ഷപ്പെടുകയും പതിവായിരുന്നു. എന്നാലതു ക്രമേണ രാത്രിയിലും സംഭവിക്കാന്‍ തുടങ്ങി. ഒരുദിവസം(1-12-13) പകല്‍ പതിനൊന്നരയ്ക്ക് അവിചാരിതമായി വിയര്‍പ്പും ക്ഷീണവും അനുഭവപ്പെട്ടു. ഷുഗര്‍ പരിശോധിച്ചപ്പോള്‍ അത് അപായകരമാം വിധം 52-ലേക്കു താണിരുന്നു. ഡോക്ടരെക്കണ്ടപ്പോള്‍ ഇന്‍സുലിന്റെ ഡോസു കുറച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോളൊരു ദിവസം വൈകിട്ട് ഏഴുമണിക്ക് അതേ പ്രതിഭാസമുണ്ടായി. ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ പകല്‍ പതിനൊന്നരയ്ക്ക് ഷുഗര്‍ വീണ്ടും 62-ലേക്കു താണു. മൂന്നു മാസങ്ങള്‍ക്കുശേഷം (17-4-14) ഇതു വീണ്ടുമാവര്‍ത്തിക്കുകയും എനിക്കു കഠിനമായ ശ്വാസം മുട്ടലനുഭവപ്പെടുകയും ചെയ്തു.  
          അന്നുവരെ ഡോക്ടറുടെ ഇന്‌സുലിന്‍ഡോസും എന്റെ ഷുഗര്‍ലെവലും തമ്മില്‍ ആനുപാതികമായൊരു ബന്ധമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ഇപ്പോള്‍ ഇവരണ്ടും തമ്മില്‍ ആമയും മുയലും തമ്മിലുള്ള മത്സരംപോയെയായിരിക്കുന്നു. ഇതിനു ഡോക്ടര്‍ക്കൊരു വിശദീകരണവും താരാനില്ലായിരുന്നു. ശ്വാസതടസം തൈറോനോമിന്റെ പാര്‍ശ്വഫലമായിരിക്കാമെന്നു സൂചിപ്പിക്കുകയും ചെയ്തു. എങ്കിലതു മരണംവരെ സഹിക്കേണ്ടി വരുമല്ലോ എന്നു ഞാന്‍ മനസ്സിലോര്‍ത്തു ഭയപ്പെട്ടു. ഓരോ ശ്വാസംമുട്ടലുമെന്നെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടുമിരുന്നു.

          അങ്ങനെ മരണഭീതിയിലും കടുത്ത നിരാശയിലും കഴിയുന്ന നാളുകളിലാണ് തിരുവനന്തപുത്തുനിന്ന് ഒരു ബന്ധുവിന്റെ ഫോണ്‍വിളി വരുന്നത്. മൂവാറ്റുപുഴയിലുള്ള ഒരു അക്യൂപങ്ചര്‍ ഡോക്ടറെ പോയി കാണാനായിരുന്നു നിര്‍ദ്ദേശം. അയാള്‍ക്കതുകൊണ്ട് ഏറെ ഗുണം കിട്ടിയെന്നും പറഞ്ഞു.

          അടുത്ത ദിവസം(25-4-2014)തന്നെ ഞാനാ ഡോക്ടറുടെ അടുത്തെത്തി. ഡോ. സരിത എന്‍. സതീശന്‍ ബി. എസ്. എം. എസ്, ഡി. എ. എസ്‌സി. തിരുവനന്തപുരത്തു ശാന്തിഗിരിയില്‍ നിന്നു സിദ്ധയില്‍ ബിരുദവും കോയമ്പത്തൂര് നിന്ന് അക്യൂപങ്ചറില്‍ ഡിപ്ലോമയും ആണു യോഗ്യത. ഞാനെന്റെ രോഗവിവരങ്ങള്‍ ചുരുക്കിപ്പറഞ്ഞു. അവരെന്റെ നാഡി പരിശോധിച്ചിട്ടു പറഞ്ഞു എന്നെ സുഖപ്പെടുത്താമെന്ന്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖഭാവം എനിക്കു പ്രത്യാശ നല്‍കി. പക്ഷേ, അവര്‍ കൂട്ടിച്ചേര്‍ത്തുഞാനാദ്യംതന്നെ ഇന്‍സുലിനടക്കമുള്ള ചികിത്സകളെല്ലാം അവസാനിപ്പിക്കണമെന്ന്. ഞാനൊന്നാലോചിച്ചു. അപ്പോഴുമുണ്ടായിരുന്ന ശ്വാസം മുട്ടലും മരണഭയവും എന്നെക്കൊണ്ട് ആ നിര്‍ദ്ദേശം അംഗീകരിപ്പിച്ചു. ഇന്നോളം ഞാനതു ലംഘിച്ചിട്ടുമില്ല.

 (തുടരും)

3 അഭിപ്രായങ്ങൾ: