ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 5, ശനിയാഴ്‌ച

രോഗികളറിയാതെ അവരില്‍ നടത്തുന്ന മരുന്നു ഗവേഷണങ്ങള്‍ക്കും വ്യാജമരുന്നുകള്‍ക്കും എതിരെ


കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ അഡ്വ. ജോര്‍ജ് പുലികുത്തിയിലും എബി പൂണ്ടിക്കുളവും നേതൃത്വം നല്കി നടത്തിയ സെമിനാര്‍ തീരാറായപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മവന്നു, ഇന്റര്‍നെറ്റിന്റെ സാധ്യതകളെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിട്ടുള്ള ഇ-സാധ്യതകള്‍ എന്ന പുസ്തകത്തില്‍ (69 മുതല്‍ 72 വരെ പേജുകളില്‍) 2009 നവംബര്‍ 20-ലെ മലയാളമനോരമയില്‍ വന്നിരുന്ന ഒരു ലേഖനത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ചിരുന്നത് ഇന്ത്യയിലിന്നുള്ള വ്യാജമരുന്നുകള്‍ക്കും രോഗികളറിയാതെ അവരില്‍ നടത്തുന്ന മരുന്നു ഗവേഷണങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണല്ലോ എന്ന്. ആ ഭാഗത്തിന്റെ യൂണി-കോഡ് പതിപ്പാണ് ഈ ബ്ലോഗ് പോസ്റ്റില്‍. ഉപയോഗിക്കാവുന്നിടത്തെല്ലാം ഉപയോഗിക്കുക. ഈ ബ്ലോഗിന്റെ ലിങ്ക് പരമാവധി ആളുകള്‍ക്ക് അയച്ചുകൊടുത്താല്‍ സന്തോഷം. ഞാന്‍ കോപ്പിറൈറ്റിലല്ല, കോപ്പിലെഫ്റ്റിലും 'ലെഫ്റ്റി'ലുമാണ് വിശ്വസിക്കുന്നത്.
ജോസാന്റണി
''2009 നവംബര്‍ 20 വെള്ളിയാഴ്ച മനോരമയില്‍ ഡോ. എം. വി. പിള്ള എഴുതിയ ആസ്ത്മയുടെ ചികിത്സയെപ്പറ്റിക്കൂടി പരാമര്‍ശമുള്ള ഒരു ലേഖനം ഞാന്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് എന്നു പറഞ്ഞപ്പോള്‍ ഈ ലേഖനം ചാക്കോച്ചനെക്കൂടി കാണിക്കേണ്ടതാണല്ലൊ എന്ന് തോന്നുന്നു. ഇതു കണ്ടായിരുന്നോ?''
''ഇല്ലില്ല; കാണട്ടെ.''
''ഇതൊന്ന് ഉറക്കെ വായിക്ക്''
അപ്പച്ചന്‍ ചൂണ്ടിക്കാട്ടിയ ഭാഗം ചാക്കോച്ചന്‍ ഉറക്കെ വായിച്ചു:
''ഇലക്‌ട്രോണിക് റെക്കോഡ്: കേരളത്തില്‍ ചികിത്സാരംഗത്തു സുതാര്യത കുറയാനുള്ള മുഖ്യകാരണം ചികിത്സ സംബന്ധി ച്ചുള്ള കൃത്യമായ വിവരങ്ങള്‍ സ്ഥിരമായി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുടെ അഭാവമാണ്. നമ്മുടെ വന്‍കിട ആശുപത്രികളില്‍പ്പോലും നാമമാത്രമായ ചികിത്സാരേഖകളേ ലഭിക്കാറുള്ളു. ചികിത്സാരംഗത്ത് ഗവണ്‍മെന്റ്. സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ സജീവവും വ്യാപകവുമാകുമ്പോള്‍ ഈ നില മാറിയേ തീരൂ. ഉയര്‍ന്ന കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്ന പുതിയ തലമുറ മുന്നോട്ടു വരുമ്പോഴേക്കും ഡോക്ടറും രോഗിയും തമ്മിലുള്ള ഇടപെടലുകളുടെ എല്ലാ വിശദവിവരങ്ങളും കമ്പ്യൂട്ടറിലേക്കു മാറും.
പ്രിസ്‌ക്രിപ്ഷനുകള്‍ ഇന്റര്‍നെറ്റ് ടെലിഫോണുകള്‍ വഴിയാവും ഫാര്‍മസിസ്റ്റിന്റെ പക്കലെത്തുക. സ്‌കാനിങ്ങിനും ലാബോറട്ടറി പരിശോധനകള്‍ക്കുമുള്ള നിര്‍ദേശങ്ങളും വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യും. വാസ്തവത്തില്‍ ഇപ്പോള്‍ ത്തന്നെ ഇക്കാര്യങ്ങള്‍ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ് നമ്മു ടേത്. ഡെന്മാര്‍ക്ക് ഇക്കാര്യത്തില്‍ ലോകത്തിനു മാതൃകയായി ത്തീര്‍ന്നിരിക്കുന്നു. അവിടെ 90% ജനങ്ങളും ആരോഗ്യവിവരങ്ങള്‍ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും കമ്പ്യൂട്ടറില്‍ ഏറ്റു വാങ്ങാന്‍ കഴിവുള്ളവരാണ്. ബ്രിട്ടനും ന്യൂസിലാന്‍ഡും ഇതേ നേട്ടം കൈവരിച്ചിരിക്കുന്നു.
കേരളത്തിലെ ആയിരം ഡോക്ടര്‍മാര്‍ ആസ്ത്മാ ചികിത്സയ്ക്കു സ്വീകരിച്ച ടെസ്റ്റുകളും മരുന്നുകളും ഇത്തരം ഇലക്ട്രോണിക് രേഖകളില്‍ സ്ഥാനം പിടിച്ചുവെന്നു സങ്കല്പിക്കുക. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിന് ഞൊടിയിടയ്ക്കുള്ളില്‍ കമ്പ്യൂട്ടറിലൂടെ ആരൊക്കെയാണ് അംഗീകൃതനിലവാരമുളള മാര്‍ഗങ്ങള്‍ നിലനിര്‍ത്തുന്നതെന്നും ആരൊക്കെയാണ് സാരമായ വ്യതിയാനങ്ങള്‍ വരുത്തുന്നതെന്നും തിരിച്ചറിയാം. ഒരു ഡോക്ടര്‍ നിരന്തരം കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യുന്നതും കൂടുതല്‍ മരുന്നുകള്‍ കുറിക്കുന്നതും പതിവുസ്വഭാവമാകുമ്പോള്‍ ചുവപ്പുകൊടി ഉയര്‍ത്താനുള്ള സംവിധാനവും കമ്പ്യൂട്ടറില്‍ ഉണ്ടാവും.
ദേശീയ ആരോഗ്യ സുരക്ഷാപദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ചികിത്സാപദ്ധതിയും കേന്ദ്ര-സംസ്ഥാനഗവണ്‍മെന്റ് ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റും സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതികളും ഇത്തരം വിവരങ്ങളാകും സമീപഭാവിയില്‍ ഉപയോഗിച്ചു തുടങ്ങുന്നത്.
പൊതുജനങ്ങളുടെ ബോധവത്കരണം
ഗ്രാമീണവായനശാലകള്‍ പോലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വഴി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കരളത്തില്‍ തുടങ്ങിക്കഴിഞ്ഞു. ചികിത്സാരംഗത്തെയും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും കേരളത്തിലെ വിദഗ്ധഡോക്ടര്‍മാര്‍ അംഗീകരിച്ച മാര്‍ഗങ്ങള്‍ ശരാശരി ചെലവ്, ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍, കൂടുതല്‍ വിവരങ്ങളറിയാന്‍ സമീപിക്കേണ്ട സ്‌പെഷ്യാലിറ്റി വെബ്‌സൈറ്റുകള്‍ എന്നിവയൊക്കെ ഏതൊരു പൗരനും തൊട്ടടുത്ത വായനശാലയില്‍നിന്ന് ലഭിക്കാവുന്ന സ്ഥിതി വരണം.
സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ട മറ്റൊരു ചുമതലയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിസ്സാരരോഗങ്ങള്‍ ക്കൊഴികെ മെഡിക്കല്‍ കോളജുകളില്‍നിന്നു വിറ്റഴിക്കുന്ന എല്ലാ മരുന്നുകള്‍ക്കും ഒരു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധ മാക്കണം. എത്രയും വേഗം ഇ-പ്രിസ്‌ക്രിപ്ഷനിലേക്കു മാറിയാല്‍ അത്രയും നന്ന്. ഇന്റര്‍നെറ്റ് ടെലിഫോണുകള്‍ വിപണിയി ലിറങ്ങിയ ഇക്കാലത്ത് ഇതിനൊരു തടസ്സവുമില്ല.''
അപ്പച്ചന്‍ പറഞ്ഞു:
''മനുഷ്യരെ മടിയന്മാരാക്കുന്ന ഒരു കണ്ടുപിടുത്തമെന്നാണ് ഇതുവരെ ഞാന്‍ കമ്പ്യൂട്ടറിനെപ്പറ്റി കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ നടത്തുന്നവരും മരുന്നുകമ്പനിക്കാരും ഡോക്ടര്‍മാരും ചേര്‍ന്നു നടത്തുന്ന കള്ളക്കളികളെക്കുറിച്ച് പത്രത്തില്‍ വായിച്ച് ഇതിനൊക്കെ ആരു പരിഹാരമുണ്ടാക്കുമെന്ന് ചിന്തിച്ചിരുന്ന എനിക്ക് ഈ ലേഖനം വായിച്ചപ്പോള്‍ മാത്രമാണ് കമ്പ്യൂട്ടറിന് ഇങ്ങനെയും ചില സാധ്യതകളുണ്ടെന്ന് മനസ്സിലായത്.''
''ഡോ. എം.വി.പിള്ള എഴുതിയിരിക്കുന്നതിനോടു പൂര്‍ണമായും എനിക്കു യോജിപ്പുണ്ട്. എങ്കിലും എനിക്ക് ഒരു ഭയമുണ്ട്. അലോപ്പതിയല്ലാതെയും ചികിത്സകളുണ്ടല്ലൊ. അവയുടെ രോഗനിര്‍ണയരീതികളെയും ചികിത്സാരീതികളെയും ശാസ്ത്രീയമായി പഠിക്കാന്‍കൂടി ആധുനികശാസ്ത്രം തയ്യാറാകുന്നില്ലെങ്കില്‍ പഴയ ഫലപ്രദമായ പല അറിവുകളും വ്യാജചികിത്സയെന്നുപറഞ്ഞ് തള്ളപ്പെടാനിടയായേക്കില്ലേ എന്ന്.''
''മനുഷ്യരെ മടിയന്മാരാക്കുന്ന ഒരു കണ്ടുപിടുത്തമെന്നാണ് ഇതുവരെ ഞാന്‍ കമ്പ്യൂട്ടറിനെപ്പറ്റി കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ നടത്തുന്നവരും മരുന്നുകമ്പനിക്കാരും ഡോക്ടര്‍മാരും ചേര്‍ന്നു നടത്തുന്ന കള്ളക്കളികളെക്കുറിച്ച് പത്രത്തില്‍ വായിച്ച് ഇതിനൊക്കെ ആരു പരിഹാരമുണ്ടാക്കുമെന്ന് ചിന്തിച്ചിരുന്ന എനിക്ക് ഈ ലേഖനം വായിച്ചപ്പോള്‍ മാത്രമാണ് കമ്പ്യൂട്ടറിന് ഇങ്ങനെയും ചില സാധ്യതകളുണ്ടെന്ന് മനസ്സിലായത്.''
''ഡോ. എം.വി.പിള്ള എഴുതിയിരിക്കുന്നതിനോടു പൂര്‍ണമായും എനിക്കു യോജിപ്പുണ്ട്. എങ്കിലും എനിക്ക് ഒരു ഭയമുണ്ട്. അലോപ്പതിയല്ലാതെയും ചികിത്സകളുണ്ടല്ലൊ. അവയുടെ രോഗനിര്‍ണയരീതികളെയും ചികിത്സാരീതികളെയും ശാസ്ത്രീയമായി പഠിക്കാന്‍കൂടി ആധുനികശാസ്ത്രം തയ്യാറാകുന്നില്ലെങ്കില്‍ പഴയ ഫലപ്രദമായ പല അറിവുകളും വ്യാജചികിത്സയെന്നുപറഞ്ഞ് തള്ളപ്പെടാനിടയായേക്കില്ലേ എന്ന്.''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ