ആകെ പേജ്‌കാഴ്‌ചകള്‍

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

വ്യാജ ആയുര്‍വ്വേദ വൈദ്യന്മാരെ സൃഷ്ടിക്കുന്നത് ആരാണ്? സംവാദം

വ്യാജ ആയുര്‍വ്വേദ വൈദ്യന്മാരെ സൃഷ്ടിക്കുന്നത് ആരാണ്?

ഡോക്ടര്‍ കെ എം. യാക്കോബ്, മര്‍മ്മ ചികിത്സകന്‍

സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്റെയും ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അസോസിയേഷന്റെയും മേധാവികള്‍ ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയില്ലാത്ത പഞ്ചകര്‍മ്മ കോഴ്‌സുകളും, വ്യാജ ആയുര്‍വ്വേദ മസാജ് കോഴ്‌സുകളും അനധികൃതമായി നടത്തുന്നുണ്ട്. ഇവര്‍ നടത്തുന്ന ആയുര്‍വ്വേദ ആശുപത്രികളിലും അണ്ടനും അടകോടനുമാണ് ഉഴിച്ചില്‍ നടത്തുന്നത്. വഞ്ചി തുഴയലുകാരനെയും, മരം വെട്ടുകാരനെയും, അറ്റണ്ടറെയും പത്താം ക്ലാസ്സ് പഠിച്ച കുറെ തൊഴിലില്ലാപ്പടയെയും മസാജിനും ഉഴിച്ചിലിനും പിഴിച്ചിലിനുമായി വിദഗ്ധന്മാരായി നിയോഗിച്ചിട്ടുണ്ട്. ആയുര്‍വ്വേദ ചികിത്സയുടെ പേര് പറഞ്ഞ് മസാജാണ് ചെയ്യുന്നത്. രണ്ട് ദിവസം മസാജ് കണ്ടാല്‍ മൂന്നാം ദിവസം മസാജുകാരനായി. ആയുര്‍വ്വേദത്തില്‍ മസാജ് ഇല്ല. ആയുര്‍വ്വേദ മസാജ് എന്ന് പറയുന്നത് ആയുര്‍വ്വേദത്തിന്റെ പേര് പറഞ്ഞിട്ടുള്ള സങ്കരവ്വേദ ചികിത്സകരുടെ ഒരു തട്ടിപ്പാണ്, വയറ്റിപ്പിഴപ്പാണ്. മസാജ് എന്നത് ലോകത്തെമ്പാടുമുള്ള തൊഴിലാണ്.അതിന് ആയുര്‍വ്വേദവുമായി ബന്ധമില്ല.
ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ. മോഹന്‍ലാല്‍ പറയുന്നത് ശ്രദ്ധിക്കുക:

''ആയുര്‍വ്വേദം കേരളത്തില്‍ എത്തുന്നതിനു മുമ്പേ സിദ്ധ ദക്ഷിണ കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഉത്തര കേരളത്തില്‍ കളരി ചികിത്സയും വ്യാപകമായി നിലനിന്നിരുന്നു. കളരിപ്പയറ്റിലെ ഉഴിച്ചില്‍, പിഴിച്ചില്‍,തിരുമ്മ് മുതലായവയും പലതരം കിഴികളും കേരളീയ ആയുര്‍വ്വേദം സ്വാംശീകരിച്ചിട്ടുണ്ട്' _ പുനര്‍ജനി,ഏപ്രില്‍-ജൂണ്‍ 2011, പേജ് 16
എറണാകുളം ജില്ലയിലെ ആയുര്‍വ്വേദ ഡിഗ്രിയുള്ള ചികിത്സകന്‍ പത്രങ്ങളില്‍ നല്കുന്ന പരസ്യം നോക്കുക:'ഡിസ്‌ക് തെറ്റല്‍ വേദനാരഹിതമായി പിടിച്ചിടുന്നു', 'ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ് , യോഗ കോഴ്‌സുകള്‍' B Sc,BAMS,MS മെട്രോ മനോരമ 2008 ഏപ്രില്‍ 21 തിങ്കള്‍. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് 'ഗവണ്‍മെന്റ് പഞ്ചകര്‍മ്മ,തിരുമ്മ്, യോഗ കോഴ്‌സുകള്‍ ' എന്ന് കബളിപ്പിച്ച് പരസ്യം ചെയ്യുന്നത് നിയമ വിരുദ്ധമല്ലേ? ഇവിടെ ചോദിക്കാനും നിയന്ത്രിക്കാനും ആരുമില്ലേ?
30,000 രൂപ നല്‍കിയാല്‍ അരമണിക്കൂറിനുള്ളില്‍ ആയുര്‍വ്വേദ നഴ്‌സിങ് പാസ്സായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആയുര്‍ കേരള, ആയുര്‍ സ്റ്റാര്‍ അക്കാദമി എന്നീ സ്ഥാപനങ്ങളെക്കുറിച്ച് 12.08.2011-ല്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നിരുന്നു. ആയുര്‍വ്വേദത്തിനു പുറമേ അനാട്ടമിയും ഫിസിയോളജിയും പഠിച്ചതായിട്ടാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. ആയുര്‍വ്വേദ ചികിത്സകരായ ഡോ.കുരിയനും ഡോ.ബാലകൃഷ്ണനുമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്. ഒരു സ്ഥാപനം മാത്രം നല്‍കിയത് 3000 സര്‍ട്ടിഫിക്കറ്റാണ്. വിദേശങ്ങളിലേക്ക് വേണ്ടിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇവരാണ് ഇവിടെയും വിദേശങ്ങളിലും വിദഗ്ദ ആയുര്‍വ്വേദചികിത്സ നടത്തുന്നത്. ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്റെയും ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അസോസിയേഷന്റെയും മേധാവികള്‍ നടത്തുന്ന ആയുര്‍വ്വേദ ആശുപത്രിയില്‍ ആയുര്‍വ്വേദ നഴ്‌സുന്മാരെ ജീവനക്കാരായി വയ്ക്കാറില്ല.കൂടുതലും അലോപ്പതി നഴ്‌സുന്മാരെയാണ് വയ്ക്കാറുള്ളത്. ആയുര്‍വ്വേദ നഴ്‌സുമാരെ വെയ്ക്കാത്തതിന് കാരണവും ഇതുതന്നെ.

ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്റെയും ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അസോസിയേഷന്റെയും മേധാവികള്‍ക്ക് മരുന്നു കമ്പനികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉണ്ട്. ഏജന്‍സികളെ വെച്ചാണ് മരുന്നുകള്‍ വില്‍ക്കുന്നത്. തുടക്കത്തില്‍ ബി.എ.എം.എസ് കഴിഞ്ഞവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഏതാനും മണിക്കൂര്‍ ഏജന്‍സി കട സന്ദര്‍ശിക്കും.പിന്നെ ഒരു മാസവും, രണ്ടു മാസവും കൂടുമ്പോഴാക്കി മരുന്നു കമ്പനികള്‍ ചുരുക്കും.പിന്നെ ബി.എ.എം.എസ് കാരന്റെ പേര് ബോര്‍ഡില്‍ മാത്രം. ഓരോ രോഗത്തിനും കഴിക്കേണ്ട മരുന്നുകളുടെ പേരും ഡോസും എഴുതിയ പുസ്തകം അച്ചടിച്ച് മരുന്നുവില്പന ശാലകളില്‍ നല്‍കിയിട്ടുണ്ട്.ഈ പുസ്തകം വായിച്ചു മരുന്നുകള്‍ കൊടുക്കാന്‍ മരുന്നു കമ്പനി പ്രതിനിധി പറയും. പൊലീസ് കേസ്സോ മറ്റോ ഉണ്ടാകില്ലേ എന്ന് ഏജന്‍സിക്കാരന്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും, എന്ത് പ്രശ്‌നമുണ്ടായാലും തങ്ങള്‍ നോക്കിക്കൊള്ളാമെന്നും, നിരവധി വര്‍ഷങ്ങളായി ഏജന്‍സിക്കാരാണ് ഇവിടെ ചികിത്സിക്കുന്നതെന്നും അവര്‍ക്കാര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും, ആയുര്‍വ്വേദം ചികിത്സിക്കാന്‍ ഇത്രയൊക്കെ മതിയെന്നും കമ്പനി പ്രതിനിധികള്‍ പറയും.പിന്നെ കാലാകാലം ബി.എ.എം.എസ് കാരന്റെ പേര് ബോര്‍ഡില്‍ മാത്രം. ഏജന്‍സിക്കാരന്‍ ഈ പുസ്തകം വായിച്ചുള്ള അറിവ് മാത്രം വെച്ചാണ് വിദഗ്ധനായി അഭിനയിച്ച് പരിശോധിക്കുന്നതും ചികിത്സിക്കുന്നതും. പുസ്തകമനുസരിച്ച് ചികിത്സിച്ച് ചികിത്സിച്ച് ഏജന്‍സിക്കാരനും നല്ലൊരു ആയുര്‍വ്വേദ വൈദ്യനായിത്തീരും.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആയുര്‍വ്വേദ വിഭാഗത്തില്‍ ചികിത്സിക്കുന്നത് ആരാണ്? ആയുര്‍വ്വേദ കോളേജില്‍ പഠിച്ചവരുടെ ലൈസന്‍സിലാണ് അത്തരം സ്ഥാപനങ്ങള്‍ നടക്കുന്നത്. പക്ഷെ ലൈസന്‍സി ബോര്‍ഡില്‍ മാത്രമേ ഉണ്ടാകയുള്ളൂ.

എറണാകുളം ജില്ലയിലെ ഡി.എ.എം കാരനായ ഒരു ലൈസന്‍സിയുടെ പേരില്‍ 8 ഹോട്ടലുകളില്‍ ആയുര്‍വ്വേദ ചികിത്സ നടക്കുന്നുണ്ട്. അദ്ദേഹം ഒരാളെയും ചികിത്സിക്കുകയോ, ചെയ്യുന്ന ചികിത്സ കാണുകയോ ചെയ്യുന്നില്ല. മാസത്തില്‍ ഒരുദിവസം ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച് 12000 രൂപ മാസപ്പടി വാങ്ങി തിരിച്ച് പോരും. ആയുര്‍വ്വേദത്തില്‍ മസാജ് ഇല്ലെങ്കിലും സംഘടനാ ശക്തി ഉപയോഗിച്ച് സമരം ചെയ്ത് നേടിയെടുത്ത മസാജിന്റെ കുത്തകാവകാശം മൂലം അദ്ദേഹവും കോടീശ്വരനായി. ഹോട്ടല്‍ ജീവനക്കാരനും ഏജന്‍സിക്കാരനും കുറെക്കാലം ചികിത്സ ചെയ്യുമ്പോള്‍ ഇവരും ആയുര്‍വ്വേദ വൈദ്യന്മാരാകും. മേല്‍പ്പറഞ്ഞ ഏജന്‍സിക്കാരനും ഹോട്ടല്‍ ജീവനക്കാരനും 15 ഉം 20 ഉം വര്‍ഷമായി ആയുര്‍വ്വേദ ചികിത്സ പഠിച്ചവന്റെ സഹായമില്ലാതെയാണ് ചികിത്സിച്ചത്. ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തണമെന്ന് പറഞ്ഞാല്‍ പ്രായവും കൂടി ഇനി വേറെ എന്ത് തൊഴില്‍ ചെയ്യും. ഇനി അവനെ വ്യാജനെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്രയും കാലം അവനല്ലേ ചികിത്സിച്ചത്. അവനെ ചികിത്സിക്കാന്‍ അനുവദിച്ചതും ഇപ്പോള്‍ അനുവദിച്ചുകൊണ്ടിരിക്കുന്നതും ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്റെയും ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അസോസിയേഷന്റെയും, ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് അസോസിയേഷന്റെയും മേധാവികളാണ്. ആയുര്‍വ്വേദ കോളേജില്‍ പഠിച്ചയാളുടെ പേരിലാണ് യാതൊരു ഗുണങ്ങളും ഇല്ലാത്ത വ്യാജ ആയുര്‍വ്വേദ മരുന്നുകളും, തട്ടിപ്പുമരുന്നുകളും കേരളത്തില്‍ വില്‍ക്കുന്നത്.
വ്യാജ ആയുര്‍വ്വേദ വൈദ്യന്മാരെയും വ്യാജ മരുന്നുകളും ഇല്ലാതാക്കാന്‍ ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്റെയും ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അസോസിയേഷന്റെയും, ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് അസോസിയേഷന്റെയും മേധാവികള്‍ മാത്രം വിചാരിച്ചാല്‍ മതി. വ്യാജ കളരി മര്‍മ്മ ചികിത്സയും, വ്യാജ പ്രകൃതി ചികിത്സയും ചെയ്യുന്ന പുതിയ ആയുര്‍വ്വേദ ചികിത്സകര്‍ പഴയ ആയുര്‍വ്വേദ ചികിത്സകര്‍ക്ക് നിരോധനം ആവശ്യപ്പെടാനുള്ള ധാര്‍മിക അവകാശമില്ല.
ഇപ്പോള്‍ നിരോധനത്തിന്റെ കാര്യമെന്ത്?ഇപ്പോള്‍ നിരോധനം ആവശ്യപ്പെടുന്നതിന്റെ ആവശ്യം ആയുര്‍വ്വേദത്തെ ശുദ്ധീകരിക്കാനല്ല. മൂന്നാംകിട രാഷ്ട്രീയക്കാരന്‍ നടത്തുന്ന അടവു നയമാണ് ലക്ഷ്യം. പ്രധാനമായും
3 കാര്യങ്ങളാണ് അതിലുള്ളത്.
1. സാമ്പത്തിക നേട്ടം 2. സംഘടനാ നേട്ടം 3 ഔദ്യോഗീക നേട്ടം
1. സാമ്പത്തിക നേട്ടം
ഏജന്‍സിക്കാരനും ജീവനക്കാരനും ചികിത്സിക്കാന്‍ അംഗീകാരം നല്‍കിയാല്‍ അവര്‍ സ്വതന്ത്രരാകും. സ്വതന്ത്രനായാല്‍ അതേ മരുന്ന് കമ്പനിയുടെ ഏജന്‍സി തുടരുമെന്ന് ഉറപ്പില്ല. ഹോട്ടല്‍ ജീവനക്കാരന് അംഗീകാരം നല്‍കിയാല്‍ ഒരുവര്‍ഷം ഒരുകോടിയിലധികം രൂപ നഷ്ടമാകും.
2. സംഘടനാ നേട്ടം
പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നില്ല. ഇത് വ്യാജന്മാരുള്ളതുകൊണ്ടാണെന്ന് വരുത്തി തീര്‍ക്കണം. അങ്ങിനെ സംഘടനയുടെ തലപ്പത്ത് എത്തിച്ചേരണം.ഏജന്‍സിക്കാരനും തങ്ങളുടെ ആശുപത്രികളില്‍ ജോലിചെയ്യുന്ന യോഗ്യതയില്ലാത്തവര്‍ക്കും നിരോധനം വരാതെ സൂക്ഷിച്ച് ബിസ്സിനസ്സ് വിപുലമാക്കണം.
3 ഔദ്യോഗീക നേട്ടം
സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമാകണം. അംഗമാകണമെങ്കില്‍ പി.ജി.വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും വോട്ട് വേണം. ആ സ്ഥാനം ലഭിച്ചാല്‍ വിപുലമായ അധികാരങ്ങള്‍ ലഭിക്കും. സംഘടനയില്‍ തന്നെയുള്ള മറ്റുള്ളവരുടെ മേല്‍ ആധിപത്യം ലഭിക്കും.
''സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ രോഗികള്‍ക്ക് പഞ്ചകര്‍മ്മം തുടങ്ങിയ ചികിത്സകള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ 90 ശതമാനം പേരും ചികിത്സാ പരിചരണത്തിനുള്ള പരിജ്ഞാനം ലഭിക്കാത്തവരാണ് ' കെ.ജി.ജയപ്രകാശ്, മുന്‍ സെക്രട്ടറി, കേരള ആയുര്‍വ്വേദ മാസിയേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍, ആരോഗ്യശാസ്ത്രം 2005 ഡിസംബര്‍ പേജ് 11
''എല്ലാ ആശുപത്രികളിലും തിരുമ്മും കിഴിപിടിത്തവുമടക്കമുള്ള തെറാപ്പി ചികിത്സകള്‍ മുറപോലെ നടക്കുന്നുണ്ട്. അതെല്ലാം നിര്‍വ്വഹിക്കുന്നത് യാതൊരു യോഗ്യതയുമില്ലാത്തവരാണെന്ന് പരാതിയുണ്ട്. 1986 ലാണ് ആയുര്‍വേദ തെറാപ്പി കോഴ്‌സ് ആരംഭിച്ചത്. അഞ്ചു ബാച്ചുകളിലായി ഇതുവരെ മുന്നൂറോളം പേര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്'' കേരള ആയുര്‍വ്വേദ തെറാപ്പിസ്റ്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.ജെ.മനോഹരന്‍ പറയുന്നു.സിറാജ് 2009 ആഗസ്റ്റ് 21 വെള്ളി
ഇതില്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കുക.
'ആയുര്‍വ്വേദത്തിലെ അശാസ്ത്രീയ ചികിത്സാരീതികള്‍ ' എന്ന പുസ്തകത്തില്‍ നിന്ന്. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.
Dr.K. M. YACOB, Marma Health Centre, Kalyani Towers, Deshabhimani jn, P.O.Kaloor, Kerala. Pincode-682017, Mob: 98470 94788 E.mail :yacobkm@gmail.com, yacob@marmatreatment.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ