ആകെ പേജ്‌കാഴ്‌ചകള്‍

2018, മാർച്ച് 9, വെള്ളിയാഴ്‌ച

ആഹാരം മൂല്യവര്‍ധിതവും ആരോഗ്യകരവുമാക്കാം



ബേബിയെ ഞാന്‍ 'മുമ്പേ പറക്കുന്ന പക്ഷിക'ളില്‍ പെടുത്തിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും  കാലികപ്രസക്തിയുള്ളതാണെങ്കിലും 'കാലമായില്ല' എന്നു പറഞ്ഞു ഞാന്‍ നിരുത്സാഹപ്പെടുത്താറുമുണ്ട്. എന്നാല്‍ ഈയിടെ അദ്ദേഹംവഴി എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞ ശ്രീ. എം. ജോസ് തോമസ് ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഇവിടെ ഇപ്പോള്‍ വ്യക്തിപരമായും സംഘടിതമായും നടപ്പിലാക്കാന്‍ സാധിക്കുന്നതാണെന്ന് എനിക്കു ബോധ്യമുണ്ട്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നോട്ടീസുകളും ചെറു പുസ്തകങ്ങളും തയ്യാറാക്കി വിറ്റു നടക്കുന്ന ബേബി, ജോസ് തോമസിന്റെ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ അവരുടെ സംരംഭമെന്തെന്ന് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത് എന്റെ നിയോഗമാണെന്നു തോന്നുന്നു. അതിനാലാണ് ഈ കുറിപ്പ്. 
കാര്‍ഷികോത്പന്നങ്ങളെ ജൈവവും മൂല്യവര്‍ധിതവുമാക്കി ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാങ്കേതികസഹായം നല്കി, അവയ്ക്ക് അര്‍ഹമായ വില വാങ്ങി, ജൈവോത്പന്ന ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ശ്രീ. എം. ജോസ് തോമസ് ഏറ്റെടുത്തിരിക്കുന്ന സംരംഭം. ജൈവഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നല്ല വിലയ്ക്കു വാങ്ങി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്കു കയറ്റുമതി ചെയ്യുന്ന agrobiotechexports.com ശ്രീ. എം. ജോസ് തോമസിനു പങ്കാളിത്തമുള്ള ഒരു സ്ഥാപനമാണ്. കാര്‍ഷികോത്പന്നങ്ങളെ വിഷവിമുക്തമാക്കാനും ജൈവ ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നല്ല വിലയ്ക്കു വിറ്റ് ലാഭവീതം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും ഉള്ള  ശ്രീ. ജോസ് തോമസിന്റെ സംരംഭം കര്‍ഷകരേവരുടെയും പിന്തുണ അര്‍ഹിക്കുന്ന ഒന്നാണ്. തികച്ചും ജൈവവും ആരോഗ്യകരവുമായ കാലിത്തീറ്റ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനം കുറഞ്ഞ ചെലവില്‍ പരമാവധി കര്‍ഷകരില്‍ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിദേശത്തേക്കു കയറ്റിയയച്ച് നല്ല ലാഭം ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലുള്ളവര്‍ക്ക് അതിനോടു താത്പര്യമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. ചൂഷണമനോഭാവത്തോടെമാത്രം കര്‍ഷകരെ സമീപിക്കുന്നവരാണ് നമ്മുടെ നാട്ടിലെ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകേതരരെല്ലാം എന്ന കര്‍ഷകരുടെ തിരിച്ചറിവാണ് തന്റെ സംരംഭത്തെയും അവര്‍ സംശയത്തോടെ നോക്കുന്നതിനു കാരണമെന്ന് അദ്ദേഹം കരുതുന്നു. ഒരു പരീക്ഷണമെന്ന നിലയില്‍ കര്‍ഷകരാരെങ്കിലും തന്റെ സംവിധാനം വാങ്ങാന്‍ തയ്യാറാകുകയാണെങ്കില്‍ മുടക്കുമുതലിനനുസരിച്ച് നേട്ടം ഉണ്ടെന്ന് അനേകരെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. 

അളവിനെക്കാള്‍ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്കാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മറ്റുള്ളവര്‍ക്കായി ഉത്പാദിപ്പിക്കുന്നവ നമുക്കും ഉപയോഗിക്കാവുന്ന സ്ഥിതി ഉണ്ടാവും. നമ്മുടെ വരുമാനം വര്‍ധിച്ചില്ലെങ്കിലും (വര്‍ധിക്കും എന്നതാണ് വസ്തുത) നമ്മുടെ ആരോഗ്യം തകരില്ലെങ്കില്‍ അതല്ലേ പ്രധാനം?
NB
വിശദ വിവരങ്ങൾക്ക് : 8848827644
വീറ്റ് ഗ്രാസ് മനുഷ്യര്‍ക്കും ആരോഗ്യകരമാണ്. രുചികരമായ ജ്യൂസായോ കറികളില്‍ ചേര്‍ത്തോ ഒക്കെ ആഹാരമാക്കാം.

For more details: Click below and go through the links
https://www.google.co.in/search?q=ttps%3A%2F%2Fdraxe.com%2Fdiscover-amazing-wheat-grass%2F&oq=ttps%3A%2F%2Fdraxe.com%2Fdiscover-amazing-wheat-grass%2F&aqs=chrome..69i57j69i58&sourceid=chrome&ie=UTF-8

https://draxe.com/discover-amazing-wheat-grass/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ