ഡോ. ജോര്‍ജ് ഡേവിഡ് എം.എസ്.റ്റി. (കാനഡ
(2 0 0 7 നവംബര്‍ ലക്കം അന്നധന്യത മാസികയില്‍നിന്ന് )
എന്തു പേരിട്ടു വിളിച്ചാലും, ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ പുറന്തള്ളാനാണ് പനി എന്നാണ് മാക്രോബയോട്ടിക്‌സിന്റെ കാഴ്ചപ്പാട്. പനി കുറയുമ്പോള്‍ വിയര്‍പ്പിലൂടെയും പനിയോടൊപ്പം ഉണ്ടാകാറുള്ള മൂക്കടപ്പ്, ചുമ, തുമ്മല്‍ മുതലായവയിലൂടെയുമാണ് ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ പുറത്തേയ്ക്കു പോകുന്നത്. അവ രോഗമാണെന്നു കരുതി പെട്ടെന്ന് ഇല്ലാതാക്കാന്‍ രാസമരുന്നുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും രോഗാതുരത വര്‍ദ്ധിക്കുകയും ചെയ്യും.
ഈയിടെ കേരളത്തില്‍ വ്യാപിച്ച പനി, പൊതുവെ കരളിനെയാണ് കൂടുതല്‍ ബാധിച്ചതെന്നാണ് രോഗലക്ഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകുന്നത് രോഗം പ്രധാനമായും കരളിനെയാണ് ബാധിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നതാണ്. കരളിലുണ്ടാകുന്ന പിത്തരസം വായിലേക്കു വരുന്നതിനാലാണ് വായില്‍ കയ്പുണ്ടാകുന്നത്.
രുചികേടും വിശപ്പില്ലായ്മയും അനുഭവപ്പെടുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുക തന്നെയാണ് നല്ലത്. കൊഴുപ്പും മാംസ്യവും അധികമുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കി അന്നജം മാത്രം കഴിക്കുകയാണെങ്കില്‍ കരളിനു കൂടുതല്‍ വിശ്രമം കിട്ടും.
പണ്ടൊന്നും നാം കഴിക്കാറില്ലാതിരുന്ന ആഹാരസാധനങ്ങള്‍ നാമിന്ന് ധാരാളമായി കഴിക്കാറുണ്ട്. അവയില്‍നിന്ന് പഞ്ചസാര, മാംസ്യം, കൊഴുപ്പ് മുതലായവ നമ്മുടെ ശരീരത്തിന് വേണ്ടതിലും വളരെക്കൂടിയ അളവില്‍ ശരീരത്തിലെത്തിച്ചേരുന്നു. രക്തവും ലിംഫുകളും ശരീരത്തിലൂടെ സുഗമമായി ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കൊഴുപ്പുകളാണ്. കൊഴുപ്പിനെ ദഹിപ്പിക്കേണ്ടത് കരളാണ്. അതിനുള്ള കരളിന്റെ ശേഷി കുറയുമ്പോഴാണ് രോഗപ്രതിരോധശേഷി കുറയുന്നത്. കരളും പ്ലീഹയും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഉണ്ടാവൂ.
വെളുത്ത രക്താണുക്കളാണ് രോഗാണുക്കളേയും ശരീരത്തിന് അന്യമെന്നു തോന്നുന്ന വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് രോഗപ്രതിരോധസംവിധാനത്തിലെ ഒരു മുഖ്യഘടകമാണ് ഇത്. ചിലതരം മാംസ്യങ്ങളെ പുറന്തള്ളാനും പനി ഉണ്ടാകാറുണ്ട്.
മാംസ്യവും കൊഴുപ്പും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് നമ്മുടെ നാട്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാല്‍ കാന്‍സറിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ് മാംസാഹാരത്തിലെ മാംസ്യവും കൊഴുപ്പും എന്ന വസ്തുത ആധുനിക കാന്‍സര്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതും ഊന്നിപ്പറയാറുള്ളതുമാണ്. ശരീരത്തിലെ അമ്ലാംശം വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങളാണ്, അവ നമ്മുടെ ശരീരത്തിലെ അമ്ലാംശം കൂടിയാല്‍ രോഗപ്രതിരോധശേഷി കുറയും. അസിഡിക് ആയ അന്തരീക്ഷം വൈറസുകള്‍ക്കും അമീബകള്‍ക്കും വളരാന്‍ ഏറ്റവും അനുയോജ്യമാണ്. ശരീരത്തിലെ പി.എച്ച്. നില 7.32-ല്‍ കൂടരുത്. അല്പം ക്ഷാരസ്വഭാവം അതിനുണ്ടായിക്കൊള്ളട്ടെ. ശരീരദ്രവങ്ങളും രക്തവും അങ്ങനെ തന്നെ 7.32 എന്ന പി.എച്ച്. നിലയില്‍ത്തന്നെയായിരുന്നാലേ വേണ്ടത്ര രോഗപ്രതിരോധശേഷി ഒരാള്‍ക്ക് ഉണ്ടാവൂ.
വായു, വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തെ ഊര്‍ജ്ജസന്തുലിതമായി സൂക്ഷിച്ചാലേ രോഗപ്രതിരോധശേഷി ഉണ്ടാവൂ. കഴിക്കുന്ന ആഹാരത്തിന്റെ 50-60% തവിടു കളയാത്ത അരിയായിരിക്കണം എന്നും 25-30% പച്ചക്കറികളായിരിക്കണം എന്നും പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.
കേരളത്തില്‍ ഈയിടെ പടര്‍ന്നുപിടിച്ച പനിക്കു കാരണമായ വൈറസുകള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിത്തീരാനും കൂടുതല്‍ വ്യാപകമായി നമ്മെ ആക്രമിക്കാനുമാണ് സാധ്യത. നാം എത്രമാത്രം ശക്തമായ മരുന്നുകളാണ് അവയ്‌ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനകം വൈറസുകള്‍ക്ക് എത്ര തലമുറകളുണ്ടാകും എന്നും, അതിനിടെ അവയുടെ പരിണാമത്തില്‍ എത്ര പടികള്‍ വയ്ക്കും എന്നും നമുക്കറിയില്ല. നാം നമ്മുടെ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നെങ്കില്‍ നമുക്ക് പ്രതിരോധശേഷി നേടാനായിരുന്നേനേ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിലെ പടയാളികള്‍ക്ക് 120 ദിവസത്തിലേറെ ആയുസ്സില്ലാത്തതുകൊണ്ട് വൈറസുകളെ എങ്ങനെ നേരിടണമെന്ന് തലമുറകളിലൂടെ പഠിച്ച് പ്രയോജനപ്പെടുത്താന്‍ നമ്മെക്കാള്‍ അവയ്ക്കാണല്ലോ ശേഷി.
എന്തായാലും നമ്മുടെ സുപ്രധാന അവയവമായ കരളിന്റെ ആരോഗ്യവും ഊര്‍ജ്ജസന്തുലിതത്വവും ഉറപ്പുവരുത്തുന്ന ഒരു ആഹാരക്രമമാണ് ഈ വര്‍ഷമുണ്ടായിട്ടുള്ള പനികള്‍ക്കെല്ലാം പ്രതിവിധിയായും മാക്രോബയോട്ടിക്‌സില്‍ നിര്‍ദ്ദേശിക്കാനുള്ളത്. തവിടു കളയാത്ത അരിയും പച്ചിലത്തോരനും കൂടുതല്‍ കഴിക്കുക. മാംസം, ക്ഷീരോല്പന്നങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഴങ്ങള്‍ മുതലായവ പരമാവധി കുറയ്ക്കുക. പാചകത്തിന് എള്ളെണ്ണ മാത്രം ഉപയോഗിക്കുക.
പനി ബാധിച്ച ശേഷം സന്ധിവേദനകള്‍ മാറാത്തവര്‍ ആ ഭാഗത്ത് പച്ചില അരച്ച് പ്ലാസ്റ്ററിടുന്നതും (കമ്മ്യൂണിസ്റ്റു പച്ചയുടെ ഇല കൂടുതല്‍ ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.) കരളിന്റെ ഭാഗത്ത് ഇഞ്ചി ആവി ഇടുന്നതും ഫലം ചെയ്യും.
അടുത്തവര്‍ഷം ഇതേ വൈറസ് കൂടുതല്‍ ശക്തി നേടി കൂടുതല്‍ ശക്തമായ ആക്രമണം അഴിച്ചുവിടും എന്ന മുന്‍കരുതലോടെ, ആരോഗ്യകരമായ സ്റ്റാന്‍ഡേര്‍ഡ് മാക്രോബയോട്ടിക് ഡയറ്റിലൂടെ, കൂടുതല്‍ പ്രതിരോധശേഷി നേടുക.