ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 31, ബുധനാഴ്‌ച

അശോക പുഡ്ഡിങ്ങ്

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്ന് 

കേരളത്തിലെ ആരോഗ്യനിലവാരം അധഃപതിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യകാരണം നാം നമ്മുടെ പരമ്പരാഗത ആഹാരശീലങ്ങള്‍ കൈവെടിഞ്ഞതാണല്ലൊ. 

അതു വീണ്ടെടുക്കാന്‍ സ്വാശ്രിതസ്വഭാവമുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന ബോധ്യത്തോടെ നടത്തുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിനില്‍ ഈ പുസ്തകവും ഇതിലെ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ്.  


അശോകത്തിന്റെ പൂവ് കഴുകിയത്             - 20 ഗ്രാം
കുതിര്‍ത്ത ഉണക്കലരി                - 50 ഗ്രാം
ശര്‍ക്കരയോ ചക്കരയോ                - ആവശ്യത്തിന്
തേങ്ങാപ്പാല്‍                    - 50 മി. ലി.
  അശോകപ്പൂവ് 20 ഗ്രാം എടുത്ത് കഴുകിയതും 50 ഗ്രാം ഉണക്കലരി കുതിര്‍ത്തെടുത്തതും ചേര്‍ത്ത് നന്നായ് കല്ലില്‍ വച്ച് അരച്ചെടുക്കുക. ആവശൃത്തിന് ശര്‍ക്കരയോ ചക്കരയോ ചേര്‍ത്ത് പാകത്തിനുള്ള വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കുക. അടുപ്പില്‍നിന്ന് വാങ്ങുന്നതിന് മുമ്പ്  തേങ്ങാപ്പാലും  ചേര്‍ക്കുക.
പ്രയോജനങ്ങള്‍:
മൂലക്കുരു, ഏനല്‍ഫിഷര്‍, വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍, ത്വഗ്‌രോഗങ്ങള്‍, എന്നിവയ്ക്ക് ഗുണപ്രദമാണ്. രോഗത്തിന്റെ ശമനത്തിനായി ഉപയോഗിക്കുന്നവര്‍ ഒരു നേരത്തെ ആഹാരം ഈ പുഡ്ഡിങ്ങ് മാത്രമാക്കി ചുരുക്കണം.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഭക്ഷണംതന്നെ ഔഷധം

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ ആമുഖം

യോഗാചാര്യ എന്‍. പി. ആന്റണി D. N. Y. T.


ആധുനിക മനുഷ്യന്റെ വേഷത്തിലും രൂപത്തിലും സങ്കല്പങ്ങളിലും പെരുമാറ്റത്തിലും, എന്തിനേറെ ഭക്ഷണരീതി കളിലും മാറ്റം വന്നിരിക്കുന്നു.  മനുഷ്യമനസ്സ് ഇന്ന് പരിഷ്‌കാര ങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പഴയ ഭക്ഷണ സംസ്‌കരണരീതികളോട് പുതിയതലമുറയ്ക്ക് ഇന്ന് വലിയ താത്പര്യമില്ല. മാധ്യമങ്ങളുടെ പരസ്യകരാളഹസ്തങ്ങളില്‍പ്പെട്ട് ചിലര്‍ ആ വഴിക്കു പോകുന്നു. രോഗഗ്രസ്തമായ ഒരു ഭക്ഷണരീതിയോടാണ് പുതുതലമുറയ്ക്ക് കൂടുതല്‍ അടുപ്പം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലിയായി മാറിയിരിക്കുന്നു. ഫലമോ? ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് മനുഷ്യര്‍ കഷ്ടപ്പെടുന്നു.
വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും നമ്മുടെ മുത്തശ്ശിമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ട അറിവുണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ ഓരോ വീടുകളിലും അവസരോചിതമായി ഓരോ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ശിശുക്കള്‍ക്ക്, ആരോഗ്യത്തിനാവശ്യ മായ പുഡ്ഡിങ്ങ് (കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണം) ഉണ്ടാക്കുമായിരുന്നു. പ്രകൃതിദത്തവും നല്ല രുചിയും ഔഷധഗുണവുമുള്ളതും പല രോഗങ്ങളെ മാറ്റുന്നവയുമായിരുന്നു, അവയൊക്കെ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക് ഉണ്ടാക്കി നല്‌കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും അന്നത്തെ തലമുറയ്ക്ക് നല്ല അറിവുണ്ടായിരുന്നു.
പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ അരകല്ലും അമ്മിക്കല്ലും പുരയ്ക്കകത്തുനിന്നു വലിച്ചെറിഞ്ഞ ആധുനികമനുഷ്യന്‍ കൃത്രിമമായ ഭക്ഷണക്കൂട്ടുകളുടെ രുചിയില്‍ മതിമറന്ന് രോഗങ്ങള്‍ വിലയ്ക്കുവാങ്ങി ഔഷധക്കമ്പനികളുടെ മരുന്നു വാങ്ങാന്‍ ക്യൂനില്ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഇവിടെയാണ് "Old is gold' എന്ന പഴഞ്ചൊല്ല്  അര്‍ഥവത്താകുന്നത്. നമ്മുടെ അമ്മമാര്‍ കുട്ടിക്കാലത്തു നല്കിയ രുചികരവും ആരോഗ്യകരവുമായ പുഡ്ഡിങ്ങുകളുടെ രുചി ഇന്നും പലരുടെയും നാവില്‍ നിറഞ്ഞുനില്പുണ്ടാകും. 
പണ്ട് ഗ്രാമങ്ങളില്‍ ഓരോ കാലഘട്ടത്തിലും അതാതു ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരിയായ ഔഷധജ്ഞാനത്തോടെ കുടുംബത്തിന്റെ ആരോഗ്യത്തെപ്രതി ശരിയായ ഭക്ഷണസാധനങ്ങല്‍ ഉണ്ടാക്കുവാന്‍ അന്നത്തെ അമ്മമാര്‍ക്ക് കഴിവുണ്ടായിരുന്നു. പഴയകാലത്തെ ഔഷധക്കഞ്ഞിയൊക്കെ അതിന്റെ തെളിവാണ്. അന്നത്തെ അമ്മമാര്‍ ഇന്നത്തേതുപോലെ സയന്‍സ് പഠിച്ചവരല്ല. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ അവര്‍ അറിവുള്ളവരായിരുന്നു. വിവരവും വിവേകവുമുള്ളവരായിരുന്നു. അന്നത്തെ അമ്മാര്‍ കുടുംബത്തിന്റെ ആരോഗ്യം അവരുടെ കയ്യിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ അമ്മമാര്‍ കുടുംബത്തിന്റെ ആരോഗ്യം ഡോക്ടര്‍മാരുടെ കയ്യിലാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ നിസ്സാരരോഗങ്ങള്‍ക്കുപോലും ഡോക്ടര്‍മാരുടെ അടുത്ത് ക്യൂനിന്ന് അനാവശ്യപരിശോധനകള്‍ നടത്തി ധനവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. തങ്ങള്‍ പഠിച്ച ശാസ്ത്രം ഇന്നത്തെ തലമുറയ്ക്ക് പ്രയോജനപ്രദമല്ല എന്നു കരുതി മുത്തശ്ശിമാര്‍ മാറിനില്ക്കുകയുംകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് അവരുടെ അറിവുകള്‍ സമാഹരിച്ച് ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ഞാന്‍ പ്രേരിതനായത്.
നമ്മുടെ പൂര്‍വികരുടെ ഭക്ഷണരീതിയുടെ സവിശേഷതകളും പ്രാധാന്യവും എന്തെന്നല്ലേ? പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കായ്കനികള്‍ ഇലകള്‍, പൂക്കള്‍ എന്നിവ അവസ്ഥ അനുസരിച്ചെടുത്ത് അന്നത്തെ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണം മിക്കപ്പോഴും ആരോഗ്യപ്രദമായ, രുചികരമായ നല്ല പുഡ്ഡിങ്ങുകളാ യിരുന്നു. അവ ഏതു കാലാവസ്ഥയിലും എളുപ്പത്തില്‍ ദഹിക്കുന്നവയും  കുഞ്ഞുങ്ങള്‍ക്കു മുതല്‍ വൃദ്ധര്‍ക്കുവരെ ഉപയോഗിക്കാവുന്നവയുമായിരുന്നു.
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ പ്രമേഹരോഗമുള്ളവര്‍ക്കായി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കേണ്ടതാണ്. ഉണ്ടാക്കി ആറിക്കഴിഞ്ഞാല്‍ ചെറിയ അളവില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. കൂടുതല്‍ ആളുകള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോള്‍ അതിനനുസരിച്ചു വേണ്ടത്ര സാധനങ്ങള്‍ ആനുപാതികമായ അളവില്‍ ചേര്‍ക്കേണ്ടതാണ്.
പാരമ്പര്യമായി ഉപയോഗിച്ച് അനുഭവം കണ്ടിട്ടുള്ളവയാണ് ഇതില്‍ എഴുതിയിരിക്കുന്നവയെല്ലാം. ഇതുപോലെതന്നെ അനുഭവം കണ്ടിട്ടുള്ളവ നിങ്ങള്‍ക്കും ഒരുപക്ഷേ, അറിയാമായിരിക്കും. അവയും ഇതുപോലെ  പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ആധുനിക മനുഷ്യന് ആരോഗ്യകരമായ ജീവിതശൈലിക്ക് പരമ്പരാഗതവും പ്രകൃതിദത്തവുമായ ശുദ്ധ പാചകരീതികളാണ് കൂടുതല്‍ നല്ലത്.
ഇന്നത്തെ പത്രപരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലെ ജനതയുടെ ലൈംഗിക-അനാരോഗ്യത്തെ മുതലെടുക്കുന്ന ധാരാളം പരസ്യങ്ങള്‍ കാണാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവുകുറഞ്ഞതും ശുദ്ധവും ലളിതവുമായ അനേകം വാജീകരണ പുഡ്ഡിങ്ങുകളുണ്ട്. (അവയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.)
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ ശീലിക്കുന്നതുവഴി നമ്മുടെ ആരോഗ്യം നന്നാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്. എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊള്ളുന്നു.
ഈ പുസ്തകം സൂക്ഷ്മമായി വായിച്ച് ഒരവതാരിക എഴുതി എന്നെ അനുഗ്രഹിച്ച ശ്രേഷ്ഠവൈദ്യകുടുംബ പരമ്പരയില്‍പ്പെട്ട സാത്വികനായ ഡോ. പി. കെ. അനിയന്‍ലാല്‍ B.A.M.S. ന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഡി. റ്റി. പി., ലേ-ഔട്ട് എന്നിവ ഭംഗിയായി നിര്‍വഹിച്ച പ്രിയ സുഹൃത്ത് ജോസാന്റണിക്കും നന്ദി!
കവര്‍ചിത്രം കമ്പ്യൂട്ടര്‍ സെറ്റ് ചെയ്ത സെബിമാസ്റ്റര്‍ക്കും ഇതിന്റെ പ്രസാരകരായ സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനും ഭക്ഷ്യ-ആരോഗ്യസ്വരാജിനും പ്രത്യേകം നന്ദി.

2014, ഡിസംബർ 21, ഞായറാഴ്‌ച

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍ - ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിന് 

ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S. എഴുതിയ അവതാരിക:


ഭൂമിയില്‍ ഔഷധമല്ലാത്തതായി യാതൊന്നുമില്ല. താരും തളിരും പൂവും കായും മണ്ണും ജലവും വായുവും തീയും പുകയും എന്നുവേണ്ട, പക്ഷിമൃഗാദികളും മനുഷ്യന്‍ സ്വയംതന്നെയും പലപ്പോഴും ഔഷധങ്ങളാകുന്നു. പ്രപഞ്ചസൃഷ്ടി പഞ്ചമഹാഭൂതങ്ങളാലാണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യന്റെ ശാരീരികഘടകങ്ങളും മറ്റൊന്നുമല്ല. മറ്റു പ്രപഞ്ച സൃഷ്ടികളില്‍നിന്നുതന്നെ ഊര്‍ജം നേടിയാണ് പ്രകൃതിയിലെ ഏതു വസ്തുവിന്റെയും  ഉത്പാദനവും നിലനില്പും വിഘടനവും വീണ്ടുമുള്ള ഉടലെടുക്കലും. ഇങ്ങനെ ചെയ്യുന്നതിലൂടെ അനന്തമായ പരിണാമചക്രം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള രൂപമെടുത്തവയും അല്ലാത്തവയുമായ സകലതും ഒരേസമയംതന്നെ ഊര്‍ജത്തിന്റെ ഉറവിടങ്ങളും ദാതാക്കളും ഊര്‍ജ-അര്‍ഥികളുമായിരിക്കുന്നു.
മനുഷ്യശരീരത്തിന്റെ സകലവിധ ജൈവകര്‍മ്മങ്ങള്‍ക്കുമുള്ള പ്രധാന ഊര്‍ജസ്രോതസ്സ് ആഹാരമാണ്. ആഹാരം ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസിക ആരോഗ്യത്തിനും നിദാനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യപൂര്‍ണമായ നിലനില്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ആഹാരവും ഉറക്കവും ചിട്ടയായ ലൈംഗികവൃത്തിയും അനിവാര്യമാണെന്നത്രെ ആയുര്‍വേദമതം. അതിനാല്‍ത്തന്നെ ഇവ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളായി (ത്രയോപസ്തംഭങ്ങള്‍) കരുതപ്പെടുന്നു.
ഔഷധങ്ങള്‍ രോഗിക്കും രോഗത്തിനും കാലാനുസൃതമായും മറ്റും പലവിധത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നവയും ബഹുവിധ ഗുണങ്ങളോടു കൂടിയവയും രോഗശമനസമര്‍ഥങ്ങളായ ഔഷധവീര്യങ്ങളാല്‍ സമ്പന്നമായതും ഉപയോഗയോജ്യവും ആകണം എന്നാണ് ആയുര്‍വേദം നിര്‍വചിച്ചിരിക്കുന്നത്.
ആഹാരത്തിലൂടെ ഔഷധമെന്നതും ആഹാരംതന്നെ ഔഷധമാകുന്നതും അഭിമതമായ ഒരു ഔഷധോപയോഗമാര്‍ഗം തന്നെ. അന്നത്തോടൊപ്പവും അല്ലാതെയും ആഹാരത്തിന് മുമ്പും പിമ്പും ആഹാരത്തിനു മധ്യത്തിലായും ഓരോ ഉരുളകള്‍ക്കൊപ്പവും ഓരോ തവണ ചവയ്ക്കുമ്പോഴും ധാന്യങ്ങളോടൊപ്പവും ഇടയ്ക്കിടയ്ക്കും രാത്രിയിലും എന്നിങ്ങനെ ഔഷധോപയോഗ കാലങ്ങള്‍ നിജപ്പെടുത്തിയിരിക്കുന്നു. ആയുര്‍വേദത്തില്‍ വിവിധ തരം ആഹാരകല്പനകളും ഔഷധകല്പനകളും ഔഷധയുക്തങ്ങ ളായ ആഹാരകല്പനകളും നിര്‍ദേശിക്കുന്നുണ്ട്. ആപൂപങ്ങള്‍ (അപ്പം), മോദകങ്ങള്‍, ക്ഷീരപാകങ്ങള്‍, ഔഷധക്കഞ്ഞിക്കൂട്ടുകള്‍, കുറുക്കുകള്‍ മുതലായ നിരവധി ആഹാരകല്പനകളിലൂടെയുള്ള ഔഷധപ്രയോഗങ്ങള്‍ വിശദമായിത്തന്നെ ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ കാണാം. ആധുനിക കാലഘട്ടത്തില്‍ ഇവയുടെ പ്രായോഗികത സംശയിക്കുന്നവര്‍ക്കുള്ള ലളിതമായ മറുപടിയാണ്  യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന ഈ കൃതി.
യോഗവിദ്യ, പ്രകൃതിജീവനശാസ്ത്രം, പ്രാണിക് ഹീലിങ്, റിഫ്‌ളക്‌സോളജി തുടങ്ങി നിരവധി വ്യവസ്ഥാപിതേതരമായ ആരോഗ്യപദ്ധതികള്‍ വിജയകരമായി പ്രയോഗിക്കാന്‍ നൈപുണ്യം നേടിയിട്ടുള്ള ശ്രീ. എന്‍. പി. ആന്റണി ഈ രംഗത്ത് ഒരു നല്ല പ്രയോക്താവും പരിശീലകനും കൂടിയാണ്. സ്‌കൂള്‍ അധ്യാപകനായ അദ്ദേഹം തന്റെ ഔദ്യോഗികചുമതലകളൊഴിഞ്ഞുള്ള സമയമത്രയും ആത്മീയവും മനുഷ്യോപകാരപ്രദവുമായ നിരവധി വിജ്ഞാന കര്‍മ്മമേഖലകളില്‍നിന്നും അറിവുകള്‍ ആര്‍ജിക്കുവാനും അവയുടെ പ്രയോഗത്തിനുമായി വിനിയോഗിക്കുന്നു. വേഷത്തിലും ജീവിതത്തിലും ലാളിത്യവും ആദര്‍ശശുദ്ധിയും അദ്ദേഹം നിഷ്‌കര്‍ഷയോടെ നിലനിര്‍ത്തുന്നു. സാമ്പത്തികമായതോ ഭൗതികമായതോ ആയ ലാഭങ്ങള്‍ പരിഗണിക്കാതെതന്നെ സ്വപ്രയത്‌നാര്‍ജിതമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാര പ്പെടുത്തുവാന്‍ അദ്ദേഹത്തിന് യാതൊരു വൈമനസ്യവുമില്ലെന്നത് എടുത്തുപറയേണ്ട ഒരു വ്യക്തിവിശേഷമാണ്. ആത്മീയ, സാമൂഹിക, ആരോഗ്യരക്ഷാരംഗത്തെ നിരവധി സമുന്നത വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുമായ അനുഭവങ്ങളും അറിവും പങ്കുവയ്ക്കാനും ആശീര്‍വാദം നേടാനുമായത് മഹാഭാഗ്യമായി ശ്രീ. എന്‍. പി. ആന്റണി അനുസ്മരിക്കാറുണ്ട്. ജനോപകാരപ്രദമായ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം നല്ല കവിയും സാഹിത്യകുതുകിയും കൂടിയാണ്. 
നമ്മുടെ പരിസരങ്ങളില്‍ സുലഭമായ ഔഷധങ്ങളും ഫലവര്‍ഗങ്ങളും മൂലികകളും ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായ 'കുറുക്കുകള്‍' തയ്യാറാക്കുവാനും അവയെ ആരോഗ്യ സംരക്ഷണാര്‍ഥവും രോഗാവസ്ഥകളിലും പ്രയോജനപ്പെടുത്താനും യോഗാചാര്യന്‍ ശ്രീ. എന്‍. പി. ആന്റണി തയ്യാറാക്കിയ ഈ പുസ്തകം ആരോഗ്യ അഭ്യുദയകാംക്ഷികളായ ഓരോരുത്തര്‍ക്കും അവസരമുണ്ടാക്കട്ടെയെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട് ഈ ഗ്രന്ഥം ഞാന്‍ ആസ്വാദകസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ. അനിയന്‍ലാല്‍ പി. കെ. B.A.M.S.
സേവാസദനം,
ചിറ്റയം,
ഇഞ്ചവിള പി.ഒ.
കൊല്ലം - 691601.
ഫോണ്‍: 9447211112