ജോസാന്റൺ
തൈത്തിരിയോപനിഷത്തിലെ ഭൃഗുവല്ലിയില്‍ അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം,
ആനന്ദം എന്ന് ഒരു മൂല്യശ്രേണി കാണാം. സ്ഥൂലവും അതിനാല്‍ത്തന്നെ ഉപരിപ്ലവവും, ആയിക്കരുതപ്പെടുന്ന
ഒന്നാണ് അന്നം എന്ന മൂല്യം. എന്നാല്‍ ഉപനിഷദ് ഋഷിമാരും സാക്ഷാല്‍ വേദവ്യാസനും 'അന്ന'ത്തെ
അടിസ്ഥാനപരമായ ഒരു മൂല്യമായി കാണുന്നുണ്ടെന്നു മറ്റുപല ഉപനിഷത്തുക്കളും ഭഗവദ്ഗീതയും
പരിശോധിച്ചാല്‍ കാണാം. സംശുദ്ധമായും ലളിതമായും രുചികരമായും ആഹാരം പാകം ചെയ്തു കഴിക്കേണ്ടത്
എങ്ങനെയന്നത് നാരായണഗുരുവും നടരാജഗുരുവും ഗുരുനിത്യചൈതന്യയതിയും ശിഷ്യന്മാര്‍ക്കുള്ള
അടിസ്ഥാനപാഠമായി കരുതിയിരുന്നു.
ആഹാരത്തെ ശാരീരികാവയവങ്ങളുടെ ഊര്‍ജ്ജസ്വഭാവവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍
സഹായിക്കുന്നത് യോഗാത്മകമായ ഒരു ശാസ്ത്രമാണ്. ആഹാരവും ശരീരവും അനാത്മമാകയാല്‍ ഈ ശാസ്ത്രം
അവിദ്യയാണ്. എന്നാല്‍ ഈശാവാസ്യോപനിഷത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
വിദ്യാവിദ്യകള്‍ രണ്ടും
കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും
ഈ ഋഷിസൂക്തം പരിഗണിക്കുമ്പോള്‍ ആഹാരസാധനങ്ങളെയും ആന്തരികാവയവങ്ങളെയും വ്യവച്ഛേദിച്ചും
പരസ്പര്യപ്പെടുത്തിയും ഗ്രഹിക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് മൃത്യവെത്തരണം
ചെയ്യാന്‍ സഹായിക്കുന്ന അവിദ്യയാണെന്നു പറയണം.
മാക്രോബയോട്ടിക്‌സ് താവോദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള
ആഹാരോര്‍ജശാസ്ത്രമാണ്. താവോദര്‍ശനം എല്ലാറ്റിനെയും 'യിന്‍' - 'യാങ്' എന്നു ദ്വന്ദാത്മകമായി
കാണുകയും യിന്നിനെയും യാങ്ങിനെയും സമതുലിതമാക്കിക്കൊണ്ട് സ്വാസ്ഥ്യം എങ്ങനെ കൈവരിക്കാമെന്നു
പഠിപ്പിക്കുകയും ചെയ്യുന്ന യോഗാത്മക ദര്‍ശനമാണ്. ബൈബിളില്‍ ദൈവത്തിന്റെ രാജ്യവും നീതിയും
തേടുക നിനക്കുവേണ്ടതൊക്കെ ലഭ്യമായിക്കൊള്ളും എന്നു പറയുന്നുണ്ട്. ദൈവത്തിന്റെ രാജ്യവും
നീതിയും സമതുലനം, സമന്വയം, സമാധാനം എന്നിവയാണു ലക്ഷ്യമാക്കുന്നത്. താവോദര്‍ശനവും അതില്‍നിന്നു
ജന്മമെടുത്ത മാക്രോബയോട്ടിക്‌സും ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ശാരീരികമായ സ്വാസ്ഥ്യത്തിനു
മുന്‍തൂക്കം നല്‍കുന്നതായി തോന്നിയേക്കാമെങ്കിലും അത് ആരോഗ്യത്തെ കാണുതെങ്ങനെ എന്നു
പഠിക്കുമ്പോള്‍ അത് തികച്ചും യോഗാത്മകമായ ഒരു ശാസ്ത്രംതന്നെയാണ് എന്നു നമുക്കു വ്യക്തമാവും.
ആരോഗ്യം എന്ത് എന്നു നിര്‍വചിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ അനാരോഗ്യം എന്ത് എന്നു
മനസ്സിലാക്കാന്‍ സഹായിക്കുന്ന മാക്രോബയോട്ടിക്‌സ് ജീവന്‍മുക്തനായ യോഗിയുടെ മാതൃത അവതരിപ്പിച്ചിട്ട്
യോഗമാര്‍ഗ്ഗം പഠിപ്പിക്കുന്ന യോഗശാസ്ത്രം പോലെ തന്നെ അമൃതാവസ്ഥയിലേക്കു നയിക്കുന്ന
'വിദ്യ'യ്ക്ക് അനുപൂരകമാണെന്നു പറയണം.
മാനസികമായും ശാരീരികമായും സന്തുലിതാവസ്ഥയില്‍ കഴിയുന്നയാള്‍ എങ്ങനെയുള്ള ആളായിരിക്കും.
ഏഴു ലക്ഷണങ്ങളാണ് മാക്രോബയോട്ടിക്‌സ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് - ഓരോ ദിവസവും
18 മണിക്കൂര്‍ അദ്ധ്വാനിക്കാന്‍ വേണ്ടതായ ഊര്‍ജ്ജസ്വലതയും ക്ഷീണമില്ലായ്മയും. രണ്ട്
- ഈ ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടത്ര ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വിശപ്പ്. മൂന്ന്
- ശരീരത്തിനും മനസ്സിനും യാതൊരു പിരിമുറുക്കവും ഇല്ലാതെ ആറു മണിക്കൂറോളം ഗാഢമായി ഉറങ്ങാന്‍
കഴിയും വിധത്തിലുള്ള വിശ്രാന്തി. നാല് - എല്ലാറ്റിനെയും നന്ദിയോടെ കാണാന്‍ സഹായിക്കുന്ന
എല്ലാം നല്ലതിനു തന്നെ എന്ന മനോഭാവം. അഞ്ച് - എല്ലാറ്റിനെയും ശുഭാപ്തിവിശ്വാസത്തോടെ
സ്വീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സന്തോഷം. ആറ് - എല്ലാവരെയും സഹാനുഭാവത്തോടെ ഉള്‍ക്കൊള്ളാന്‍
സഹായിക്കുന്ന സഹിഷ്ണുത. ഏഴ് - ഒരിക്കലും കോപമുണരില്ലാത്തവിധം പ്രശാന്തമായ മനസ്സ്.
ഇവയെല്ലാം ഉണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ ആ വ്യക്തിക്ക് വിദ്യയിലൂടെ അമൃതം
നേടാനുള്ള ആരോഗ്യമുണ്ടെന്നര്‍ത്ഥം. ഒരാള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ ആത്മീയ
സാധനയില്‍ നേരിടേണ്ടിവരുന്ന വിഘ്‌നങ്ങള്‍ ഏറെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും
തര്‍ക്കമുണ്ടാവും എന്നു തോന്നുന്നില്ല. അതാണ്, 'ശരീരമാദ്യം ഖലു ധര്‍മസാധനം' എന്ന് ആചാര്യന്മാര്‍
പറയാന്‍ കാരണം.
മാക്രോബയോട്ടിക്‌സ് സമീകൃതാഹാരം
വേവിച്ച ധാന്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണ് മാക്രോബയോട്ടിക് ആഹാരക്രമം.
തവിടുകളയാത്ത അരികൊണ്ടുള്ള ചോറ് ഓരോരുത്തരുടെയും ആഹാരത്തിന്റെ 50% - 60% എങ്കിലും വേണം.
ഓരോ ദിവസവും രാവിലെ ധാന്യങ്ങളും, പച്ചക്കറികളും ചെറുതായി അരിഞ്ഞ കിഴങ്ങുകളും
അടങ്ങിയ സൂപ്പ് ഓരോ കപ്പ് കഴിക്കാന്‍ മാക്രോബയോട്ടിക്‌സ് ശുപാര്‍ശ ചെയ്യുന്നു. സോയാസോസോ,
മിസോയോ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കണം. (പച്ചക്കറികള്‍ പത്ത്-ഇരുപതു മിനിറ്റ് വെന്തശേഷം,
കഴിക്കാന്‍ നേരംമാത്രം) ഇത് ആഹാരത്തിന്റെ 5% വരെ ആകാം.
മുള്ളങ്കി, കാരറ്റ്, ബീറ്റുറൂട്ട്, കാബേജ്, സവാള, കാച്ചില്‍, ചേന, മത്തങ്ങ,
ബീന്‍സ് മുതലായവ ചേര്‍ത്ത കറികള്‍ 25%-30% ഒരു ദിവസം കഴിക്കുക. വേവിക്കാത്ത പച്ചക്കറികള്‍
ആശാസ്യമല്ല.
പഴങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും അച്ചാറുകളും കുറഞ്ഞ അളവിലേ പാടുള്ളൂ. മൊത്തം
5% -ല്‍ ഏറെ ആകാതിരിക്കുന്നതാണു നന്ന്. അച്ചാറുകള്‍, മസാലകള്‍ കുറച്ചും വിനാഗിരി ഒഴിവാക്കിയും
തയ്യാറേക്കണ്ടതാണ്.
കിണറ്റില്‍ നിന്നോ ഉറവയില്‍നിന്നോ കിട്ടുന്നവെള്ളം അല്പം ബാന്‍ചാ ഇട്ട് തിളപ്പിച്ചു
കുടിക്കുന്നതാണ് ഏറ്റം നന്ന്. ഒരു ദിവസം, സൂപ്പ് ഉള്‍പ്പെടെ, നാലു കപ്പിലേറെ യാതൊരു
പാനീയവും കഴിക്കുന്നത് നന്നല്ല.
എള്ളെണ്ണയാണ് പാചകത്തിനു ശുപാര്‍ശ ചെയ്യുന്നത്. അതും ഉപ്പും അധികമാകാന്‍ പാടില്ല.
വിറകടുപ്പിലോ, മണ്ണെണ്ണ സ്റ്റൗവിലോ, ഗ്യാസടുപ്പിലോ പാകം ചെയ്യണം. ഇലക്ട്രിക് അടുപ്പുകള്‍
പാടില്ല.
മാംസം, പാല്‍, പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി പലഹാരങ്ങള്‍ , മിഠായികള്‍ ,
ഐസ്‌ക്രീം, ധാന്യപ്പൊടികളും കൊഴുപ്പും ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മുതലായവ പരമാവധി ഒഴിവാക്കണം.
ദോശ, ഇഡ്ഡലി മുതലായവ നല്ലതാണ്. രാത്രി കിടക്കുന്നതിനു മൂന്നുമണിക്കൂര്‍ മുമ്പേ ആഹാരം
കഴിക്കുകയും, രാത്രി 11 മണിക്ക് മുമ്പേ ഉറങ്ങുകയും ചെയ്യണം.
ഇതൊക്കെയാണ് ആരോഗ്യപൂര്‍വ്വകമായ ജീവിതത്തിന് മാക്രോബയോട്ടിക്‌സ് ശിപാര്‍ശ
ചെയ്യുന്നത്.