ആകെ പേജ്‌കാഴ്‌ചകള്‍

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ചികിത്സാരംഗത്തെ ദുഷ്പ്രവണതകള്‍


വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സെമിനാറിന്റെ റിപ്പോര്‍ട്ട് സംഗതികള്‍ ക്ക് മാറ്റം വല്ലതും ഉണ്ടായിട്ടുണ്ടോ? 

മാനവികം-സോഷ്യല്‍ ആന്‍ഡ് ഇക്കോ സര്‍ക്കിളിന്റെ (കെ.322/06) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ചികിത്സാരംഗത്തെ ദുഷ്പ്രവണതകളെപ്പറ്റിയുള്ള സെമിനാര്‍ ദൃശ്യശ്രാവ്യ പത്രമാധ്യമങ്ങളുടെയൊന്നും ശ്രദ്ധയില്‍പ്പെടാതെ പോയെങ്കിലും കേരളീയരേവരും ശ്രദ്ധിക്കേണ്ട കുറേയേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു.

കോട്ടയം തിരുനക്കര ടെമ്പിള്‍ ജംഗ്ഷനിലുള്ള എം. വിശ്വംഭരന്‍ ഹാളില്‍വച്ച് മാനവികം പ്രസിഡന്റ് ശ്രീ. ടി.എസ്. ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തത് കോട്ടയം നഗരസഭയുടെ വൈസ് ചെയര്‍മാന്‍ ശ്രീ. ജോമോന്‍ തോമസാണ്. ഉദ്ഘാടനപ്രസംഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. അശോകന്റെ അനാസ്ഥകൊണ്ടുമാത്രമാണ് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയ മജോ മരണമടഞ്ഞതെന്നും ഡോക്ടറുമായി താന്‍ ബന്ധപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതികരണം തന്നെയാണ് അതിനുള്ള ഏറ്റം വലിയ തെളിവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ചികിത്സാരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഉണരാന്‍ മജോയുടെ മരണം പ്രചോദകമായിട്ടുണ്ടെങ്കിലും ഈ ജാഗ്രത നിരന്തരം നിലനിര്‍ത്തിക്കൊണ്ടും ശക്തമാക്കിക്കൊണ്ടുമേ ആ ആത്മാവിനു നിത്യശാന്തി പകരാനാവൂ എന്ന് ശ്രീ. ജോമോന്‍ അനുസ്മരിപ്പിച്ചു. 

ഉദ്ഘാടനത്തിനുശേഷം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അഡ്വക്കേറ്റ് ടി.കെ. സൂരേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ രോഗനിര്‍ണ്ണയസംവിധാനങ്ങളുടെയും നിര്‍മ്മാണ്-വിതരണങ്ങള്‍ നടത്തുന്ന അന്താരാഷ്ട്രമാഫിയായുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നാണ് വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടിയത്. മെഡിക്കല്‍ കോളേജുകളിലെത്തുന്നവരെയെല്ലാം നിസ്സാര രോഗമാണെങ്കിലും രോഗനിര്‍ണയത്തിനായി സമീപത്തുള്ള ക്ലിനിക്കല്‍ ലാബുകളിലേയും സ്‌കാനിംഗ് സെന്ററുകളിലേക്കും കുറിപ്പു നല്‍കി അയയ്ക്കുന്ന ഒരു രീതി എല്ലായിടത്തുമുണ്ട്. പല സ്‌കാനിംഗ് സെന്ററുകളിലും ഈടാക്കുന്ന ഫീസിന്റെ പകുതിയിലധികവും ശിപാര്‍ശ ചെയ്യുന്ന ഡോക്ടര്‍ക്കാണ് എന്നതാണ്, രോഗം സൂക്ഷ്മമായി നിര്‍ണയിക്കുക എന്നതുപോലുമല്ല, ഈ സമ്പ്രദായം വ്യാപകമാകുന്നതിന്റെ മുഖ്യകാരണം. കോടിക്കണക്കിനു രൂപ മുടക്കി മെഡിക്കല്‍ കോളേജുകളില്‍ ല രോഗനിര്‍ണയോപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനക്ഷമമല്ലെന്നാണ് പറയുന്നത്. അവ പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കു വരുമാനം കുറയും എന്നതാണ് നന്നാക്കിയെടുക്കാന്‍ അധികൃതര്‍ ഒട്ടും താത്പര്യമെടുക്കാറില്ലാത്തതിന്റെ കാരണം.

കേരളത്തില്‍ മൂന്നേകാല്‍കോടി ജനങ്ങളുണ്ട്. എന്നാല്‍ അഞ്ചു മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സര്‍ക്കാരിന്റേത്. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യസേവനം നല്‍കേണ്ട ഈ സ്ഥാപനങ്ങളുടെ അധികാരസ്ഥാനത്തിരിക്കുന്ന ചില ഡോക്ടര്‍മാര്‍ വലിയൊരു മാഫിയയുടെ ഭാഗമായി മാറി, നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളാണു ചെയ്യുന്നത്. വീടുകളില്‍ ചെന്നു കണ്‍സള്‍ട്ടേഷന്‍ നടത്താത്ത രോഗികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാതെ അവരുടെ മരണത്തിനുപോലും ഇടയാക്കുന്ന ഇവര്‍ തന്നെയാണ്, മെഡിക്കല്‍ കോളേജുകളില്‍ നേരിട്ടു ചെല്ലുന്ന പാവപ്പെട്ട രോഗികളെ സ്വകാര്യ ലാബുകളിലേക്കും സ്‌കാനിംഗ് സെന്ററുകളിലേക്കും രോഗനിര്‍ണ്ണയത്തിന്റെ പേരില്‍ പറഞ്ഞു വിടുന്നത്. നിരാലംബരും മരണം മാത്രം മുമ്പിലുള്ളവരുമായ രോഗികളെപ്പോലും ഈ വിധത്തില്‍ ചൂഷണം ചെയ്യാറുണ്ട്. 

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് നാം എത്തിപ്പെടുന്ന സ്വകാര്യലാബുകളുടെ രോഗനിര്‍ണ്ണയം എത്ര വിചിത്രമാണെന്ന് ഒരേ സമയത്തെടുക്കുന്ന സ്വന്തം രക്തം അഞ്ചു ലാബുകളില്‍ കൊടുത്ത് ബ്ലഡ് ഷുഗര്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായ സംഭവം വിവരിച്ചുകൊണ്ട് അഡ്വക്കേറ്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
ഒരിടത്ത് അത് 160 ആയിരുന്നു. രണ്ടാമത്തെ ലാബിള്‍ 120 മാത്രം. മൂന്നാമത്തേതില്‍ 147, നാലാമത്തേതില്‍ 135, അഞ്ചാമത്തേതില്‍ 128. ഈ പരിശോധനയ്ക്ക് ഓരോ ലാബിലുമുണ്ടായിരുന്ന നിരക്കുകളും വ്യത്യസ്തമായിരുന്നു. ഒരിടത്ത് 17 രൂപ, രണ്ടിടത്ത് 20 രൂപ, രണ്ടിടത്ത് 25 രൂപ. വെറും ഒരു രൂപാ മുപ്പതു പൈസയേ (സിറിഞ്ചും സൂചിയും കൂടാതെ) ഈ പരിശോധനയ്ക്കു ചെലവുള്ളു എന്നോര്‍ക്കണം.

പക്ഷേ ഇങ്ങനെയുള്ള രോഗനിര്‍ണ്ണയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ചികിത്സകള്‍ എത്ര അപകടകരമാണെന്ന് നാം മനസ്സിലാക്കാതിരുന്നാല്‍ നമ്മള്‍ തന്നെ ബലിയാടുകളാകാന്‍ സാധ്യതയുണ്ട്. ആദ്യലാബിലെ പരിശോധനാഫലമനുസരിച്ച് ഇന്‍സുലിന്‍ എടുക്കേണ്ട സ്ഥിതിയായിരുന്നു. മറ്റൊരു ലാബിലെ പരിശോധനാ ഫലമനുസരിച്ചുള്ള ബ്ലഡ് ഷുഗറാണ് ശരിയെങ്കില്‍ ഇന്‍സുലിന്‍ എടുത്താല്‍ മരണംപോലും സംഭവിക്കാം. വേണ്ടത്ര വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാത്തവരാണ് മിക്ക ലാബുകളിലും ജോലി ചെയ്യുന്നത്. ഒരു ലാബു നടത്താന്‍ പഞ്ചായത്തിന്റെ ലൈസന്‍സുപോലും വേണ്ടാത്ത അവസ്ഥയുള്ളിടത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അത്ഭുതം വേണ്ട.

ക്ലിനിക്കല്‍ ലബോറട്ടറികളും സ്‌കാനിംഗ് സെന്ററുകളും നടത്തുന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമങ്ങളുണ്ടോ എന്ന അന്വേഷണം നടത്തിയത് ഈ സാഹചര്യത്തിലാണ്. അപ്പോള്‍ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍.) എന്നൊരു സംവിധാനമുണ്ടെന്നു മനസ്സിലായി. അവരുടെ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പരിസരത്തുള്ള സ്വകാര്യ ലാബോറട്ടറികളൊന്നുംതന്നെ രോഗനിര്‍ണ്ണയ യോഗ്യതയുള്ളവയല്ല. മിക്ക സ്ഥലങ്ങളും ഉപകരണങ്ങളുടെ കൃത്യത, പരിശോധനകള്‍ നടത്താന്‍ വേണ്ടതായ സൗകര്യങ്ങള്‍, പരിശോധനകരുടെ യോഗ്യതകള്‍ മുതലായവയൊന്നും കണക്കിലെടുക്കാതെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് നടത്തിക്കൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ചെലവിന്റെ 10-20 ഇരട്ടിവരും. ഉദാഹരണത്തിന്‍ കൊളസ്റ്ററോള്‍ ടെസ്റ്റു ചെയ്യാന്‍ 18 രൂപ ചെലവു വരുന്നിടത്ത് ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 30 രൂപയാണ്. മെഡിക്കല്‍ കോളേജില്‍ 20 രൂപയേ ഈടാക്കുന്നുള്ളു. ബ്ലഡ് ഷുഗര്‍ പരിശോധനയ്ക്ക് 10 രൂപ മാത്രം.ആറു രൂപ മാത്രം ചെലവു വരുന്ന യൂറിക് ആസിഡ് ടെസ്റ്റിന് സ്വകാര്യ ലാബോറട്ടറികളില്‍ ഈടാക്കുന്നത് 65-85 രൂപയാണ്. സര്‍ക്കാര്‍ ലബോറട്ടറി സൗകര്യങ്ങള്‍ കൂടുതലുണ്ടാകുന്നത് ആര്‍ക്കെല്ലാം നഷ്ടമുണ്ടാക്കുമെന്നാലോചിക്കുക. സാധാരണക്കാരനുണ്ടാകുന്ന നഷ്ടത്തെപ്പറ്റി ഓര്‍ക്കാന്‍ ആരുമില്ലല്ലോ.

തെറ്റായ രോഗനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലും ഔഷധനിര്‍മ്മാണക്കമ്പനികളുടെ പ്രലോഭനങ്ങള്‍ക്കു ഡോക്ടര്‍മാര്‍ വഴിപ്പെടുന്നതിന്റെ ഫലമായും അനാവശ്യമരുന്നുകള്‍ കഴിച്ച് രൂക്ഷമായ രോഗാവസ്ഥകള്‍ക്ക് അടിമകളായിത്തീരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ മരണം സംഭവിച്ചിട്ടുള്ള സംഭവങ്ങള്‍ പോലുമുണ്ട്. പത്രവാര്‍ത്തകളാകാറുണ്ടെങ്കിലും ആരും പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ്. ഈയിടെ ഡോക്ടറുടെ അനാസ്ഥമൂലം മരണമടഞ്ഞ മജോയെ രണ്ടു തവണ സ്‌കാനിങ്ങിനു വിട്ടെങ്കിലും മൂക്കിന്റെ പാലത്തിലെ പൊട്ടല്‍പോലും ആരും ശദ്ധിച്ചില്ല എന്നോര്‍ക്കണം. ആയുധ മാഫിയ കഴിഞ്ഞാല്‍ ലോകത്തെ ഭരിക്കുന്ന ഏറ്റവും വലിയ മാഫിയാ ചികിത്സാരംഗവുമായി ബന്ധമുള്ളതാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഓരോ ആഴ്ചയിലും നൂറോളം ശസ്ത്രക്രിയകള്‍ നടന്നിരുന്ന കുട്ടികളുടെ ആശുപത്രിയില്‍ ഇപ്പോള്‍ അതിന്റെ നാലിലൊന്നു ശസ്ത്രക്രിയയകള്‍ പോലും നടക്കുന്നില്ല. അപകടത്തില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
ഇതെല്ലാം 1994-ല്‍ ഉദാരവത്ക്കരണനയത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എച്ച്.ഡി.എസ്.) തുടങ്ങുകയും സര്‍ക്കാര്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ കൂടി ഫലമാണെന്നു പറയാതെ വയ്യ. രോഗികളില്‍നിന്ന് മിതമായ തോതില്‍ പരിശോധനകള്‍ക്കു ഫീസീടാക്കാന്‍ എച്ച്.ഡി.എസുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചുള്ള ലബോറട്ടറികളില്‍ ഏകീകൃതവും മിതവുമായ നിരക്കാണെന്നു പറയുന്നതിലര്‍ത്ഥമില്ല. സ്വകാര്യ ലാബുകളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും ഫീസ് നിരക്കുകള്‍ ഏകീകരിക്കാനുള്ള എന്തെങ്കിലും ശ്രമം ആരും നടത്തിയിട്ടില്ല.

മരുന്നുകമ്പനികള്‍ ഡോക്ടര്‍മാരെ എങ്ങനെയെല്ലാമാണു പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ക്കു കാര്‍ വരെ സമ്മാനിക്കുന്ന മരുന്നുകമ്പനികളുണ്ട്. ഒരു നിശ്ചിത തുകയ്ക്കുള്ള മരുന്നുകള്‍ ഓരോ മാസവും അവര്‍ കുറിച്ചുകൊടുക്കുന്നില്ലെങ്കില്‍ കാറിന്റെ സി.സി. മുടക്കി ഡോക്ടര്‍മാരെ കണക്കെണിയില്‍ പെടുത്തുന്ന രീതിയും ചില കമ്പനികള്‍ക്കുണ്ട്. മലേഷ്യയ്ക്കും സിംഗപ്പൂരിനുമൊക്കെ സൗജന്യ ട്രിപ്പ് ഏര്‍പ്പാടാക്കുകയും വാഷിംഗ് മെഷീനും ഫ്രിഡ്ജും മറ്റും സമ്മാനിക്കുകയും ചെയ്യുന്ന മരുന്നുകമ്പനികളും കുറവല്ല. ഇങ്‌നെ വ്യാപകമായി വില്‍ക്കപ്പെടുന്ന പല മരുന്നുകളും മതിയായ ഗുണനിലവാരമില്ലാത്തവയോ ഡ്യൂപ്ലിക്കേറ്റോ ഒക്കെ ആകാ റുണ്ടെന്നതും ഒരു വസ്തുതയാണ്.
ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു പരാതി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അയച്ചെങ്കിലും ഒരു മറുപടിപോലും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിക്കു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. 

ഭരണം കിട്ടുമ്പോള്‍ വ്യക്തികളോ പാര്‍ട്ടികളോ മാഫിയാ ശക്തികളില്‍നിന്നു കമ്മീഷന്‍ കൈപ്പറ്റിക്കൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ വിസ്മരിക്കുന്ന ഒരവസ്ഥ ഇന്ത്യയിലിന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികള്‍ പണമുള്ളവരുടെ പ്രലോഭനത്തിനു വശംവദരായിക്കൊണ്ടിരിക്കുന്നത് വലിയൊരു ദുരവസ്ഥയാണ്. ഈ സാഹചര്യത്തില്‍, ഹൈക്കോടതിയില്‍ ഒരു റിട്ടുഹര്‍ജി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വാശ്രയകോളേജ് വിധിയുടെ തലേന്ന് പോലീസ് പ്രൊട്ടക്ഷനോടെ ഒരു കോളേജുടമയുടെ വീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുത്ത ജഡ്ജിയും ഹൈക്കോടതിയിലുണ്ടെന്നതൊരു വസ്തുതയാണ്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ, ആവുന്നത്ര ജനകീയ പിന്തുണ നേടാന്‍ ശ്രമിച്ചുകൊണ്ടു മുമ്പോട്ടുപോകാനുള്ള ശ്രമമാണ്. ഇതുപോലുള്ള സംവാദങ്ങള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വലിയൊരു പ്രോത്സാഹനമാണ്. അഡ്വക്കേറ്റ് സുരേഷ് കുമാര്‍ ചര്‍ച്ചയ്ക്കായി വഴിമാറി.

മാക്രോബയോട്ടിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഓണററി ഡയറക്ടറായ ജോര്‍ജ് ഡേവിഡ് എം.എസ്.റ്റിയാണ് (കാനഡ) തുടര്‍ന്നു സംസാരിച്ചത്. രോഗനിര്‍ണ്ണയത്തിന് പരമ്പരാഗതവും സൂക്ഷ്മവുമായ നാഡിപരിശോധനയും ഊര്‍ജപഥപരിശോധനയും പോലുള്ള രീതികള്‍ ഉപയോഗിക്കുന്ന ഒരാളാണു താനെന്നും എന്നാല്‍ തന്റെ രോഗനിര്‍ണ്ണയത്തെ ലാബോറട്ടറി ടെസ്റ്റിന്റെയോ സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെയോ പിന്തുണയില്ലാതെ അംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ തയ്യാറല്ലാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക് കാന്‍സറോ ഹൃദ്‌രോഗമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍, അതു കണ്ടെത്തി മുന്നറിയിപ്പു നല്‍കാന്‍ മാക്രോബയോട്ടിക് രോഗനിര്‍ണ്ണയത്തിലൂടെ ആവും. പക്ഷേ ഒരു രോഗിയോടോ ബന്ധുക്കളോടോ അതു പറഞ്ഞാല്‍, പേടിപ്പിച്ചു പണം വാരാനുള്ള ശ്രമമാണെന്നേ അവര്‍ കരുതുകയുള്ളൂ. തന്റെ മുന്നറിയിപ്പ് അവഗണിച്ച് ചികിത്സ ഉപേക്ഷിച്ച പല രോഗികളും രോഗം രൂക്ഷമായശേഷം തന്നെ വീണ്ടും സമീപിച്ചിട്ടുള്ള അനുഭവങ്ങള്‍ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും മൂലകാരണം ആഹാരക്രമമാണ്. ഓരോ രോഗിക്കും അയാളുടെ ശരീരഘടനയ്ക്കും രോഗാവസ്ഥയ്ക്കും അനുസൃതമായ ഒരാഹാരക്രമത്തിലൂടെയേ പൂര്‍ണമായ രോഗവിമുക്തി സാധ്യമാവൂ. ആഹാരക്രമത്തില്‍ മാറ്റം വരുത്താതെയുള്ള ചികിത്സ താത്ക്കാലിക രോഗശമനമേ നല്‍കൂ. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസും ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു വസ്തുതയാണ്. 

എന്നാല്‍ ടെസ്റ്റുകളിലൂടെയുള്ള രോഗനിര്‍ണ്ണയവും രോഗികളെ വ്യക്തികളായിക്കാണാതെ വന്‍തോതില്‍ നിര്‍മ്മിക്കുന്ന ഔഷധങ്ങളുടെ വന്‍ലാഭമെടുത്തുകൊണ്ടുള്ള വിപണനവും ഒക്കെയായിപ്പോയിട്ടുണ്ട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖമുദ്ര. രോഗനിര്‍ണ്ണയത്തിനായുള്ള, ലക്ഷക്കണക്കിനു രൂപാ വിലവരുന്ന, ഉപകരണങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് മുതല്‍മുടക്കി ലാഭം നേടാനുള്ള ഒരു സംവിധാനമാണ്. ആ ഉപകരണങ്ങളിലൂടെയുള്ള രോഗനിര്‍ണ്ണയം എത്രത്തോളം കൃത്യതയുള്ളതാണെന്നൊന്നും നാമാരും അന്വേഷിക്കാറില്ല. ലബോറട്ടറികള്‍ക്കും സ്‌കാനിംഗ് സെന്ററുകള്‍ക്കും മുടക്കുമുതലിന്റെ അടിസ്ഥാനത്തില്‍ ലാഭം എടുക്കാതെ പുരോഗതിയില്ല. അതെത്രത്തോളം ആവാം എന്ന കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടാക്കാനാവില്ല. എല്ലാക്കാലത്തും ഒരേപോലെ രോഗികളുണ്ടാകണമെന്നില്ലല്ലോ. ലാബ് / സ്‌കാനിംഗ് സെന്റര്‍ നടത്തുന്നവര്‍ സ്വന്തം നിലനില്പ്പിനായി ഡോക്ടര്‍മാരുടെ സഹായം തേടുന്നത് സ്വാഭാവികം.

ഇവിടെ നമ്മള്‍ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയുടെ സ്രഷ്ടാക്കള്‍ എന്ന ബോധ്യത്തോടെ മുമ്പോട്ടുപോകാന്‍ തയ്യാറായാലേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ. ലബോറട്ടറികളും സ്‌കാനിംഗ് സെന്ററുകളും ഒന്നുമില്ലാതിരുന്ന കാലത്തും രോഗങ്ങളും രോഗനിര്‍ണ്ണയവും നമ്മുടെ നാട്ടിലുണ്ടായിരുന്നു. അക്കാലത്തേതിലുമേറെ നാം ഇന്ന് അന്ധവിശ്വാസികളായിത്തീര്‍ന്നിട്ടുണ്ടെന്നതല്ലേ വസ്തുത? ശാസ്ത്രത്തിന്റെ പരിവേഷം നല്‍കിയാല്‍ നാമിന്ന് എന്തും വിശ്വസിക്കും. നമ്മുടെ ശരീരത്തില്‍ എന്തെല്ലാം പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയാക്കുന്നതാണ് എന്ന് ആരായാതെ സ്റ്റിറോയിഡുകളടങ്ങിയ ഔഷധങ്ങള്‍ (ഔഷധങ്ങളാണെങ്കിലും സ്റ്റിറോയിഡുകള്‍ നമുക്ക് ഇല്ലാതിരുന്ന രോഗങ്ങള്‍ നമുക്കുണ്ടാക്കുന്നവയാണ്) അലോപ്പതി ഡോക്ടര്‍ കുറിച്ചുതന്നാല്‍ നമ്മള്‍ കഴിക്കും.

ആരോഗ്യരംഗത്തെ മാഫിയായെപ്പറ്റി വിഷയാവതാരകന്‍ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഗുണമേന്മ കുറഞ്ഞ ഔഷധങ്ങള്‍ നിരോധിച്ച് ഒരു നിയമമുണ്ടാക്കിയാല്‍ അതു കര്‍ശനമായി നടപ്പാക്കാറുമുണ്ട്. നമ്മുടെ നാട്ടില്‍ നിയമങ്ങളുടെ കുറവല്ല, അവ കര്‍ശനമായി നടപ്പാക്കാനുള്ള സംവിധാനമില്ലായ്കയാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങളും ഡോക്ടര്‍മാരെപ്പോലെ തന്നെ ബഹുരാഷ്ട്രക്കുത്തകകളുടെ കമ്മീഷനുകള്‍ സ്വീകരിക്കുന്നതിലൂടെയാണ് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെക്കുറിച്ച് ബോധ്യമുണ്ട്. എന്നാല്‍ തനിക്കും ഒരു പങ്കു കിട്ടാന്‍ പഴുതുണ്ടോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ആരോഗ്യരംഗവും വിദ്യാഭ്യാസരംഗവുമൊക്കെ ദൂഷിതമായിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതമില്ല.

ഒരു ഡോക്ടറാകാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ ലക്ഷങ്ങള്‍ മുടക്കേണ്ട ദുരവസ്ഥയുണ്ടായതെങ്ങനെയാണ്? മുടക്കുമുതലും ലാഭവും എങ്ങനെ എത്രയും വേഗം നേടാനാവുമെന്ന് അവര്‍ ചിന്തിക്കുന്നത് സ്വാഭാവികമല്ലേ? അതു ജനങ്ങളില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസായി ഈടാക്കുന്നതിലും എളുപ്പമാണ് മരുന്നു കമ്പനികളില്‍നിന്നും സ്‌കാനിംഗ് സെന്ററുകളില്‍നിന്നും കമ്മീഷനായി ഈടാക്കുന്നത്. ഉത്പാദനച്ചെലവിന്റെ പതിന്മടങ്ങല്ല, നൂറുമടങ്ങുവരെ വിലയിട്ട് മരുന്നു കമ്പനികള്‍ ആ തുക രോഗികളറിയാതെ വസൂലാക്കുന്ന സാഹചര്യമുള്ളപ്പോള്‍ നഷ്ടം നാമറിയാതെയാണെങ്കിലും നമുക്കു മാത്രമാണുണ്ടാകുന്നത്. ഈ ബോധ്യം ജനങ്ങളില്‍ ഉളവാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

എന്നാല്‍ ഏറ്റം പ്രധാനം നമ്മുടെ രോഗങ്ങളുടെയും ആരോഗ്യത്തിന്റെയും മൂലകാരണം നാം കഴിക്കുന്ന ആഹാരമാണെന്ന ബോധ്യമാണ്. ഒരു ഗര്‍ഭിണി കഴിക്കുന്ന ആഹാരമാണ് ഗര്‍ഭസ്ഥശിശുവിന്റെ ശരീരഘടനയും രോഗാതുരതയും നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം. ശൈശവം മുതല്‍ നാം കഴിക്കുന്ന ആഹാരങ്ങളാണ് നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനം സന്തുലിതമോ അസന്തുലിതമോ ആക്കുന്നത്; നമ്മെ ആരോഗ്യവാനോ രോഗിയോ ആക്കുന്നത്. ഏതേതവയവങ്ങള്‍ക്ക് ഏതേതുതരം ആഹാരമാണ് അനുയോജ്യമെന്നും താരതമ്യേന ഊര്‍ജസന്തുലിതമായ ആഹാരസാധനങ്ങള്‍ എന്തൊക്കെ എന്നുമുള്ള ഒരു സാമാന്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയില്‍ നല്‍കിയാലേ ആരോഗ്യത്തോടെ ജീവിക്കാനും രോഗങ്ങള്‍ വന്നാല്‍ അവയില്‍നിന്ന് ആഹാരക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടു പൂര്‍ണമുക്തി നേടാനും അവര്‍ക്കാവൂ.

ഓരോ രോഗിയുടെ ശരീരഘടനയും രോഗാവസ്ഥയും സൂക്ഷ്മമായി നിര്‍ണയിച്ചശേഷമേ രോഗങ്ങളില്‍നിന്നു പൂര്‍ണമായി മുക്തി നേടാന്‍ സഹായകമായ ആഹാരക്രമം പറഞ്ഞുകൊടുക്കാനാവൂ. എന്നാല്‍ സാമാന്യമായ ആരോഗ്യമുള്ളവര്‍ക്കെല്ലാം സ്വീകരിക്കാവുന്ന ഒരു ആഹാരക്രമമുണ്ട്. അതിന്റെ പ്രചാരണത്തിലൂടെ നമ്മുടെ സമൂഹത്തിലെ രോഗാതുരതയുടെ അളവുവരെ കുറയ്ക്കാനാവും. അപ്പോള്‍ സ്വാഭാവികമായും രോഗങ്ങളുടെ പേരില്‍ നാം ചൂഷണം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളും വളരെ കുറയും. ഇതാണ് ആരോഗ്യരംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ഏറ്റം സൃഷ്ടിപരമായ പ്രവര്‍ത്തനം എന്നു താന്‍ കരുതുന്നതായി പറഞ്ഞുകൊണ്ട് ജോര്‍ജ് ഡേവിഡ് തന്റെ ഇടപെടല്‍ ഉപസംഹരിച്ചു.

തുടര്‍ന്നു സംസാരിച്ചത് ഡോ. എ.ആര്‍. സജീന്‍ രാഘവ് ആണ്. ജനപക്ഷം എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയര്‍മാനും ജൂണിയര്‍ ഡോക്ടര്‍മാരുടെ ഒരു പ്രതിനിധിയുമായ അദ്ദേഹം 20% ല്‍ താഴെ മാത്രമേ അഴിമതിക്കാരായ ഡോക്ടര്‍മാരുള്ളുവെന്നും ആത്മാര്‍ത്ഥതയോടെ സത്യസന്ധരായി ജോലി ചെയ്യുന്ന ധാരാളം ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്നും പ്രസ്താവിച്ചു. എന്നാല്‍ ദശകങ്ങള്‍ക്കു മുമ്പ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം ജനസംഖ്യ ഇരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഏവരും സമ്മതിക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചും അവര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കിക്കൊണ്ടുമല്ലാതെ അവര്‍ മരുന്നുകമ്പനികളുടെയും സ്‌കാനിംഗ് സെന്ററുകളുടെയും ഏജന്റുമാരാകുന്ന പ്രവണത ഒഴിവാക്കാനാവില്ല.

അശാസ്ത്രീയമായ ചികിത്സകളും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രോഗനിര്‍ണയോപകരണങ്ങളും പരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന ഒരു രീതി ഇന്നുണ്ട്. അതുപോലെ ക്ലിനിക്കല്‍ ലാബുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടതായ യോഗ്യതകള്‍ ഇല്ലാത്ത അവസ്ഥയും. ഇതൊക്കെ നിരോധിക്കേണ്ടതുണ്ട്. ഇതിന്റെ ഫലമായി ചികിത്സാ ചെലവു കൂടും. പക്ഷേ, മെഡിക്കല്‍ കോളേജുകളിലും മറ്റുമുള്ള പല സൗകര്യങ്ങളും വേണ്ടവിധം ഉപയോഗിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കാനാവും. ഉദാഹരണത്തിന് ഓപ്പറേഷന്‍ തീയേറ്റര്‍ ഇപ്പോള്‍ നാലു മണിക്കൂറോളമേ ഉപയോഗിക്കാറുള്ളൂ. ശരിയായ പ്ലാനിങ്ങോടുകൂടി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ എത്ര മടങ്ങു രോഗികള്‍ക്കു സേവനം നല്‍കാനാവും? അങ്ങനെ ചെയ്യാതിരിക്കുന്നത് പൊതുമുതല്‍ ശരിയായി പ്രയോജനപ്പെടുത്താതിരിക്കലാണ്. ഇതിനൊന്നും അധികൃതര്‍ താത്പര്യമെടുക്കാറില്ല. ജനങ്ങളുണര്‍ന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന് നിഷ്‌ക്രിയമായിരിക്കാനാവില്ല. ഡോക്ടര്‍മാരും ജനങ്ങളും ചേര്‍ന്നുനിന്ന് ശക്തമായി പ്രതികരിച്ചാല്‍ സംഗതികള്‍ക്കു മാറ്റമുണ്ടാകും. ഇതായിരുന്നു ഡോ. സജീന്‍ രാഘവിന്റെ നിലപാട്.

കവി സുകു മേവട, മാനവികം പ്രവര്‍ത്തകന്‍ ശ്രീ. മോഹന്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. 'അന്നധന്യത' ചീഫ് എഡിറ്റര്‍ ശ്രീ. ജോസാന്റണി മാനവികം ഇക്കോ സോഷ്യല്‍ സര്‍ക്കിളിനുവേണ്ടി ഒരു പ്രമേയം അവതരിപ്പിച്ചത് യോഗം പാസ്സാക്കി.