ജോസാന്റണി
ധാര്‍മികമൂല്യങ്ങളെ നിഷേധിക്കാതെ ജീവിക്കുന്ന ആര്‍ക്കും, അമ്പതു വയസ്സുകഴിഞ്ഞ് സ്വന്തം ജീവിതാനുഭവങ്ങളിലേക്ക് സത്യസന്ധതയോടെ തിരിഞ്ഞു നോക്കിയാല്‍, ഒരു കാര്യം വ്യക്തമാകും: ജീവിതത്തില്‍ യാദൃച്ഛികതകളില്ല.
കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പില്‍ ഒന്നര വ്യാഴവട്ടത്തോളം ശാസ്ത്രജ്ഞനായിരുന്ന, ഹിമാലയത്തിലെ യോഗിവര്യന്മാരോടൊപ്പം വര്‍ഷങ്ങളോളം ജീവിക്കാന്‍ അവസരം കിട്ടിയ, ഡോക്ടര്‍ ആര്‍. സേതുമാധവന്‍ എന്ന ശാസ്ത്രജ്ഞനും ഞാനും തമ്മില്‍ കോട്ടയത്ത് കുടമാളൂരിലുള്ള സ്വാമി സ്‌നേഹാനന്ദജ്യോതിയുടെ ആശ്രമത്തില്‍വച്ച് രണ്ടാഴ്ച മുമ്പ് കോട്ടയത്തുവച്ച് പരിചയപ്പെടാനിടയായതും അദ്ദേഹം ക്ഷണിച്ചതനുസരിച്ച് കോഴിക്കോട് സോഷോ റിലീജിയസ് സെന്ററില്‍ വച്ചു നടന്ന സമഗ്രാരോഗ്യ ശില്പശാലയില്‍ പങ്കടുക്കാന്‍ കഴിഞ്ഞതും വെറും യാദൃച്ഛികതയല്ല, നിയതിയുടെ നിയോഗമാണ്, എന്നുതന്നെ ഞാന്‍ കരുതുന്നു. (എന്റെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഗുരു നിത്യചൈതന്യയതി, മാക്രോബയോട്ടിക്‌സ് എന്ന ആഹാരോര്‍ജ ചികില്‍സാരീതിയുടെ പ്രചാരകന്‍ ഡോ. ജോര്‍ജ് ഡേവിഡ് എന്നിവരുമായി ബന്ധപ്പെടാനിടയായതിനെയും നിയതിയുടെ നിയോഗമായാണ് ഞാന്‍ കരുതുന്നത്.)
ഞാന്‍ നടത്തിയിരുന്ന 'അന്നധന്യത' എന്ന മാസികയുടെ 2006 മാര്‍ച്ച് ലക്കത്തിലെ എഡിറ്റോറിയലില്‍ ഞാന്‍ ഇങ്ങനെയെഴുതിയിരുന്നു:
''ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്‍വെളിവ് (Intution) എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്‌കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്‍വെളിവിനു സ്ഥാനമേയില്ല എന്ന ധാരണ ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അന്ധവിശ്വാസമാണ്.
ഉള്‍വെളിവിനുള്ള പ്രാധാന്യം എന്താണ്? സചേതനവും അചേതനവുമായ എല്ലാ പദാര്‍ഥോര്‍ജങ്ങളും, പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ, ഒരേ പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായാണ് ചലിക്കുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.
യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തുനിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍ തന്നെയുള്ള പ്രകൃതിനിയമാവബോധമാണത്. ഈശ്വരന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍ നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്‍ത്ഥം.
ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്‍ഥത്തിലേക്ക് ഉള്‍ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്‍വെളിവാണ് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രകൃതിനിയമങ്ങളായും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.
ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്‍ത്തനം മസ്തിഷ്‌കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്‍ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്‍ രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്‌കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉളവാകാന്‍ സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.''
ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ വ്യത്യസതതലങ്ങളില്‍, ആത്മാവില്‍, ശക്തവും സമതുലിതവുമായ ജീവോര്‍ജത്തിന്റെ സംഭരണവും സംരക്ഷണവും നടക്കുമ്പോഴാണ് സ്വാസ്ഥ്യവും സൗഖ്യവും ഉളവാകുന്നതെന്ന് ഡോക്ടര്‍ ആര്‍. സേതുമാധവന്‍ പറയുന്നു. അതിനു സഹായകമായ കുറെ കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ അഭ്യസിപ്പിക്കുന്ന പരിപാടിയുടെ പ്രചാരണത്തിന് സഹായിയായി എന്നെ കൂട്ടുന്നത് നന്നായിരിക്കും എന്ന് അദ്ദേഹത്തിന് തോന്നിയത് ഞാന്‍ എഴുതിയിരുന്നതൊന്നും വായിച്ചതിനു ശേഷമായിരുന്നില്ല. അതില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും അത്ഭുതമില്ല.
ഡോക്ടര്‍ സേതുമാധവന്‍ ആധുനിക ശാസ്ത്രഗവേഷണസമ്പ്രദായത്തില്‍ വിശ്വസിക്കുന്നയാളാണ്; അതിന്റെ അടിസ്ഥാനത്തില്‍ പ്രാചീനവും നവീനവുമായ സമാന്തര ചികിത്സാസമ്പ്രദായങ്ങളെ നോക്കിക്കാണേണ്ടതുണ്ടെന്നും ശാസ്ത്രീയമായവ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും കരുതുന്നയാളാണ്. വര്‍ഷങ്ങളോളം ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രപ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചതിന്റെ ഫലമായി ശാസ്ത്രീയമായ ചിന്താരീതിയുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഞാനും നല്ല ബോധ്യമുള്ളയാളാണ്. എന്നാല്‍ ശാസ്ത്രത്തിലുള്ള വിശ്വാസം അന്ധമായാല്‍ അത് അജ്ഞതയാലുണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളെക്കാള്‍ അപകടകരമാണെന്നു കരുതുന്നയാളുമാണ്. ഒപ്പം ശാസ്ത്രീയം എന്നു വിളിക്കപ്പെടുന്ന പല സമ്പ്രദായങ്ങളും അത്ര ശാസ്ത്രീയമല്ലെന്നും ഞാന്‍ കരുതുന്നു. ഉദാഹരണത്തിന് സംഭവ്യതാ സിദ്ധാന്തത്തിന്റെ (പ്രോബബിലിറ്റി തിയറിയുടെ) അടിസ്ഥാനത്തിലുള്ള ആധുനിക ഗവേഷണങ്ങള്‍. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രസക്തിയെയും അവയുടെ തെറ്റായ പ്രയോഗം ഉളവാക്കുന്ന പ്രശ്‌നങ്ങളെയും പറ്റിയുള്ള വ്യക്തമായ ധാരണയും എനിക്കിന്നുണ്ട്. ഗുരു നിത്യ ചൈതന്യ യതിയുടെ കൂടെ രണ്ടു വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണിവ.
ഇത്രയും ആമുഖമായി എഴുതിയത് സാധാരണക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, ആത്മീയമായ അഭ്യുന്നതി തേടുന്നവരുടെ അന്വേഷണങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍ സേതുമാധവന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനും അവരോടൊപ്പം ഉണ്ടാകും എന്നു വ്യക്തമാക്കാനാണ്.
ഡോക്ടര്‍ സേതുമാധവന്റെ കാഴ്ചപ്പാടും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും അന്വേഷകര്‍ക്ക് ഏറ്റവും ഹ്രസ്വമായി ഒന്നു പരിചയപ്പെടുത്തുന്നതിനാണ് ഈ ലേഖനം എഴുതുന്നത്. സൗരോര്‍ജം, ആഹാരോര്‍ജം, സദ്‌വികാരവിചാരങ്ങള്‍, ധ്യാനസാധനകള്‍ മുതലായവ നമ്മുടെ മസ്തിഷ്‌കത്തിലുണ്ടാക്കുന്ന രാസ വൈദ്യുതപ്രവര്‍ത്തനങ്ങളെ സമഗ്രമായ ഒരു രോഗശാന്തിപ്രക്രിയയുടെ ഭാഗമാക്കാന്‍ എങ്ങനെ കഴിയും എന്ന് ശാസ്ത്രീയമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു സാധകന്‍ എന്നു ഡോക്ടര്‍ സേതുമാധവനെ പരിചയപ്പെടുത്തുന്നത്, ഒരു ശാസ്ത്രജ്ഞന്‍ എന്നു പരിചയപ്പെടുത്തുന്നതിനെക്കാള്‍, ഉചിതമായിരിക്കും.
അദ്ദേഹം തയ്യാറാക്കിയിട്ടുള്ള ഒരു ബ്രോഷറില്‍ പറയുന്നു: മാനസികസമ്മര്‍ദ്ദം ഹൃദയത്തെയും മസ്തി ഷ്‌കത്തെയും ദുര്‍ബലമാക്കുന്നു, ഉത്കണ്ഠ ഉദരത്തെ ദുര്‍ബലമാക്കുന്നു, ദുഃഖം ശ്വാസകോശങ്ങളെ ദുര്‍ബലമാക്കുന്നു, കോപം കരളിനെ ദുര്‍ബലമാക്കുന്നു, ഭയം വൃക്കകളെയും.
പ്രയത്‌നം, പ്രാര്‍ഥന എന്നിവ രണ്ടും ഒരുപോലെ ആവശ്യമാണെന്ന് അതില്‍ ആദ്യംതന്നെ വ്യക്തമാക്കുന്നുമുണ്ട്. കരചരണങ്ങള്‍ നിവര്‍ത്തിവച്ച് ദീര്‍ഘമായി ശ്വസിക്കുന്നതും ശരീരം വിയര്‍ക്കുമാറ് അധ്വാനിച്ചശേഷം ഭക്ഷിക്കുന്നതും ശരീരത്തിലെ പിരിമുറുക്കങ്ങളെല്ലാം ഒഴിവാക്കിയശേഷം ഉറങ്ങുന്നതും വഴി ആര്‍ക്കും ആരോഗ്യമുള്ളവരാകാനാവും എന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഡോക്ടര്‍ സേതുമാധവന്‍ സമഗ്രാരോഗ്യസാധനാ പരിശീലനം നല്കുന്നത് സമഗ്രാരോഗ്യത്തിന്റെ മസ്തിഷ്‌കരസതന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ജീവോര്‍ജത്തിന്റെ വിവിധ തലങ്ങളേതെല്ലാമെന്നും അവയ്ക്കനുസൃതമായി സംജാതമാകുന്ന ആല്‍ഫാ, ബീറ്റാ, ഡല്‍റ്റാ, തീറ്റാ മുതലായ തരംഗങ്ങളുടെ ഫ്രീക്വന്‍സിയുമായി ആന്തരികമായ സൗഖ്യദായകശക്തി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒക്കെ അതോടൊപ്പം അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. ദുഃഖസ്മരണകളായി ഭൂതകാലവും ആധിയായി ഭാവിയും നമ്മെ വലയം ചെയ്യുമ്പോള്‍ പ്രകൃതിയും മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിന്റെ സമഗ്രത അനുഭവവേദ്യമാകാതെപോകുന്നു. അയത്‌നലളിതമായ ജീവിതത്തിന്റെ സാങ്കേതികശാസ്്ത്രം ആകാശത്തെ ശബ്ദമായി ചെവിയിലൂടെയും വായുവിനെ സ്പര്‍ശമായി ത്വക്കിലൂടെയും അഗ്നിയെ രൂപമായി കണ്ണിലൂടെയും ജലത്തെ സ്വാദായി നാവിലൂടെയും ഭൂമിയെ ഗന്ധമായി മൂക്കിലൂടെയും ആര്‍ക്കും അനുഭവവേദ്യമാക്കുന്നതിനുള്ളതാണ്. സമഗ്രാരോഗ്യസാധനയിലൂടെ ഓരോരുത്തരും ലക്ഷ്യം വയ്‌ക്കേണ്ടത് അപ്രസക്തമായ സ്മരണകളില്‍നിന്നും വികല്പങ്ങളില്‍നിന്നും മുക്തമായ വര്‍ത്തമാനകാലാനുഭവമാണ്.
യോഗ മുതലായ പുരാതന സ്വാസ്ഥ്യശാസ്ത്രങ്ങളില്‍ പറയുന്ന മൂലാധാരംമുതല്‍ സഹസ്രാരം വരെയുള്ള ആധാരചക്രങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തിലെ സൂക്ഷ്മകേന്ദ്രങ്ങളാണ്. ഇഡ, പിംഗള മുതലായ നാഡികളും മര്‍മ്മബിന്ദുക്കളും വെറും സങ്കല്പമല്ല, ഉള്‍ക്കണ്ണുകൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്ന അവ സുഷുമ്‌നപോലെതന്നെ യാഥാര്‍ഥ്യമാണ്, സത്യസങ്കല്പമാണ്. അവയെ സപ്തവര്‍ണങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ളതും ഉള്‍ക്കണ്ണുകൊണ്ട് ദര്‍ശിക്കാന്‍ കഴിയും.
എല്ലാം നല്ലതിനെന്നു കാണാന്‍ കഴിയുന്ന (പോസിറ്റീവ്) മനോഭാവം ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായി ഉണ്ടായിരിക്കണം. അങ്ങനെ ജീവിതത്തില്‍ സംഭവിക്കണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍കാണാന്‍ കഴിഞ്ഞാല്‍ സ്വയം പ്രത്യായനത്തിലൂടെ അവ യാഥാര്‍ഥ്യമാക്കാനാവും, ഉള്‍ക്കണ്ണുകൊണ്ടു ദര്‍ശിക്കാന്‍കഴിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കപ്പെടും.
സങ്കല്പശക്തിയുടെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിന് ഒരുദാഹരണം പറയാം. മാനസികമായ കര്‍മ്മങ്ങള്‍ അമിതമായാല്‍ വൈദ്യുതകാന്തതരംഗങ്ങള്‍ പ്രസരിച്ച് നെറ്റിയുടെ ഇരുവശത്തുമുള്ള അമിക്തല എന്ന ഭാഗം അമിതമായി ചൂടാകും, അത് മനശ്ശാന്തിക്ക് തടസ്സം സൃഷ്ടിക്കും, ഓര്‍മ്മശക്തിയും കര്‍മ്മശക്തിയും കുറയാനിടയാക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അമിക്തല നെറ്റിയുടെ മുമ്പോട്ട് മധ്യഭാഗത്തേക്ക് മൃദുവായി നീക്കുന്നതായി സങ്കല്പിച്ചാല്‍ മതി.
ദിവസവും ഹൃദയധ്യാനം (കാര്‍ഡിയാക്ക് മെഡിറ്റേഷന്‍)കൊണ്ടു തുടങ്ങുക എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ബ്രോഷറില്‍ ചിത്രീകരിച്ചിട്ടുള്ള ആസനങ്ങളും അഭ്യാസങ്ങളും പരിശീലകനില്‍നിന്നുതന്നെ അഭ്യസിക്കുന്നതാണ് നന്ന്. ലോകാരോഗ്യസംഘടന ശിപാര്‍ശചെയ്യുന്ന അക്യുപ്രഷര്‍പോയിന്റുകളില്‍ വിരലമര്‍ത്തിക്കൊണ്ടുള്ള അഭ്യാസങ്ങളും ബ്രോഷറില്‍ ചിത്രീകരിച്ചിട്ടുണ്ട്. അവയും ഗുരുമുഖത്തുനിന്നുതന്നെ പരിശീലിക്കണം.
അടുത്തതായി നാം മനസ്സിലാക്കേണ്ടത് ഏഴ് ആഗീരണപ്രക്രിയകളെയും ഏഴ് വിസര്‍ജന പ്രക്രിയകളെയും പറ്റിയാണ്. ഖരാഹാരം, ദ്രവാഹാരം, ഓക്‌സിജന്‍, എന്നിവ മാത്രമല്ല നാം ആഗീരണം ചെയ്യേണ്ടത്. സൗരോര്‍ജവും വിശ്രമം, മനസ്സിന് അയവുനല്കല്‍, ഉറക്കം എന്നിവ വഴി ലഭ്യമാകുന്ന ചിലതൊക്കെയും കൂടി നാം സ്വാംശീകരിക്കേണ്ടതുണ്ട്. അവയുടെ പ്രാധാന്യം ആരുംതന്നെ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്നതാണ് ഇന്നത്തെ ആരോഗ്യപ്രശ്‌നങ്ങളുടെ മുഖ്യകാരണം. സൗരോര്‍ജം രാവിലെ ഏഴുമുതല്‍ എട്ടുവരെയോ വൈകുന്നേരം അഞ്ചുമുതല്‍ ആറുവരെയോ ഉള്ള സമയത്ത് സൂര്യനെ നോക്കിനിന്നുകൊണ്ട് സംഭരിക്കാവുന്നതാണ്. അതോടൊപ്പം ചില അവബോധധ്യാനങ്ങളും ദര്‍ശനങ്ങളും മന്ത്രജപങ്ങളും ഒക്കെക്കൂടി ഉള്‍പ്പെടുത്തണം. ഇതെല്ലാം പരിശീലകനില്‍നിന്ന് നേരിട്ടുതന്നെ ഗ്രഹിക്കുന്നതാണ് നന്ന്.
മലവും മൂത്രവും കാര്‍ബണ്‍ ഡയോക്‌സൈഡും മാത്രമല്ല ശാരീരികമായ അധ്വാനത്തിലൂടെ ഉണ്ടാകേണ്ട വിയര്‍പ്പും വേണ്ടത്ര വിസര്‍ജിക്കപ്പെടേണ്ടതുണ്ട്. മാനസികമായ അധ്വാനവും ഉണര്‍വും സന്ധ്യമയങ്ങുന്ന നേരത്തെ ഇരുട്ടും വഴി സംഭവിക്കുന്ന ചില വിസര്‍ജനപ്രക്രിയകളും നമ്മുടെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. സൂര്യന്‍ അസ്തമിക്കുമ്പോഴേ നാം കത്തിക്കുന്ന വൈദ്യുതദീപങ്ങളും മറ്റും നമ്മുടെ മസ്തിഷ്‌കത്തിന് അസഹ്യതയുണ്ടാക്കുന്നുണ്ടെന്ന് ആധുനിക പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സൂര്യന്‍ അസ്തമിച്ചാലുടന്‍ ഒരു മണിക്കൂറെങ്കിലും ഇരുട്ടില്‍ ഇരിക്കേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രധാനമായും നാലു വിഭാഗം ആളുകള്‍ക്ക് പ്രത്യേകം പ്രയോജനം ചെയ്യും. ഒന്ന് വേണ്ടത്ര ഓര്‍മശക്തിയും ഉന്മേഷവുമില്ലാതെ വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോകുന്ന യുവതീയുവാക്കള്‍. രണ്ട് വാര്‍ധക്യത്തിലേക്കു പ്രവേശിക്കുന്നതോടെ മുട്ടുവേദന, നടുവേദന മുതലായവ ബാധിച്ച് പ്രയാസപ്പെടുന്നവര്‍. മൂന്ന് മറവിരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളുള്ളവരും മറവിരോഗം ബാധിച്ചിട്ടുള്ളവരും. നാല് ആത്മീയമായ ഉത്കര്‍ഷത്തിനായി മതാതീതമായ സാധനകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍.
ഡോക്ടര്‍ സേതുമാധവന്‍ ആന്ധ്രാപ്രദേശില്‍ ഹിന്ദുപ്പൂരില്‍ STREMP - Geriatric Research Division-ല്‍ പ്രോഗ്രാം ഡയറക്ടറായി ജോലിചെയ്യുന്നയാളാകയാല്‍ 2013 ജനുവരി 15 വരെയേ കേരളത്തില്‍ ഉണ്ടാവൂ. എങ്കിലും, മുകളില്‍ സൂചിപ്പിച്ച അഭ്യാസങ്ങള്‍ സ്വജീവിതത്തില്‍ പ്രയോഗിച്ച് സൗഖ്യവും സ്വാസ്ഥ്യവും നേടാനും അതിന്റെ പ്രചാരണത്തിനും തയ്യാറുള്ള കുറെപ്പേരെ കേരളത്തില്‍ പരിശീലിപ്പിക്കാന്‍ ഡോ. സേതുമാധവന്‍ തയ്യാറാണ്. Cardiac Meditation, Helio Therapy, യോഗ, പ്രാണായാമം, വിപസന്ന, പ്രാണിക് ഹീലിങ്, റെയ്ക്കി മുതലായവ സമഞ്ജസമായും ശാസ്ത്രീയമായും സമന്വയിപ്പിച്ചിട്ടുള്ള ഈ പരിപാടിയില്‍ പരിശീലിപ്പിക്കുന്ന അഭ്യാസങ്ങളില്‍ ചിലത് പേറ്റന്റുള്ളവയായതിനാല്‍ ഓരോരുത്തരും 1000 രൂപായെങ്കിലും നല്‌കേണ്ടിവരും. പരിശീലകരാകാന്‍ താത്പര്യവും യോഗ്യതയും ഉള്ള പത്തുപേരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് പരിശീലനം നല്കാന്‍വേണ്ടി ഇടയ്ക്ക് കേരളത്തിലെത്താന്‍ അദ്ദേഹം തയ്യാറാണ്. ഞായറാഴ്ചകളിലേ സാധിക്കൂ. മൂന്നു ഞായറാഴ്ചകളിലായി പരിശീലനം പൂര്‍ത്തിയാക്കാം. താത്പര്യമുള്ളവര്‍ ജനുവരി 10-നുമുമ്പ് ബന്ധപ്പെടുക.
josantonym@gmail.com,
mobile: 9447858743.
NB
1. കോഴിക്കോട്ടു നടന്ന പരിപാടിയില്‍ മുഴുവന്‍സമയവും പങ്കെടുത്തത് ഏഴു കന്യാസ്ത്രീകള്‍ മാത്രമായിരുന്നു. അവര്‍ക്ക് ക്രൈസ്തവദൈവശാസ്ത്രത്തില്‍ പറയുന്ന ക്രിസ്ത്വനുഭവവും ആബാ അനുഭവവും നേടാനുള്ള വഴിയായാണ് ഈ സാധന ഡോ. സേതുമാധവന്‍ അവതരിപ്പിച്ചത്.
2. ജനുവരി 1-ന് കോട്ടയത്തു സൂര്യകാലടിമനയില്‍വച്ചു നടത്തിയ ധ്യാനാത്മക പ്രഭാഷണം സ്വാസ്ഥ്യവും ഭാരതീയ ഉപനിഷദ് ദര്‍ശനത്തിലെ മോക്ഷവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. മൊബൈല്‍ഫോണില്‍ റിക്കാര്‍ഡുചെയ്തിട്ടുള്ള ആ പ്രഭാഷണം ഇ-മെയില്‍വിലാസംതന്ന് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം അയച്ചുതരാനാവും.